NEWS

ചേരാനല്ലൂർ വാഹനാപകടം: കാർ ഓടിച്ച പതിനേഴുകാരന് സ്റ്റേഷൻ ജാമ്യം


കൊച്ചി∙ ലൈസൻസില്ലാതെ കാർ ഓടിച്ച് മാഞ്ഞാലി സ്വദേശി ജയബാലകൃഷ്ണന്റെ (55) മരണത്തിനിടയാക്കിയ പതിനേഴുകാരന് സ്റ്റേഷൻ ജാമ്യം. ഇരിങ്ങാലക്കുട അഡീഷനൽ സെഷൻസ് ജഡ്ജിയുടെ മകനാണ്. ഇന്ന് പുലർച്ചെ 2.20നായിരുന്നു അപകടം. ഭാരതീയ ന്യായ സംഹിതയിലെ 281, 106 (1) വകുപ്പുകൾ പ്രകാരമാണ് കേസ്. പൊതുനിരത്തിൽ മനുഷ്യജീവന് അപകടമുണ്ടാക്കുന്ന രീതിയിലോ പരുക്കേൽക്കുന്ന രീതിയിലോ അശ്രദ്ധമായി വാഹനം ഓടിച്ചാൽ ചുമത്തുന്ന വകുപ്പാണ് ബിഎൻഎസ് 281. കൊല്ലണമെന്ന ഉദ്ദേശ്യമില്ലാതെ, ഒരാളുടെ അശ്രദ്ധ കാരണം മറ്റൊരു വ്യക്തി മരിക്കുകയാണെങ്കിൽ ബിഎൻഎസ് 106 (1) വകുപ്പ് അനുസരിച്ചാണ് കേസ് എടുക്കുന്നത്.സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന ജയബാലകൃഷ്ണന്റെ പിന്നിൽ പതിനേഴുകാരൻ ഓടിച്ച കാർ ഇടിക്കുകയായിരുന്നു. തട്ടുകട അടച്ച് ജയബാലകൃഷ്ണൻ വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം. ആലുവയിലെ ഫ്ലാറ്റിൽനിന്നാണ് വാഹനം എടുത്തതെന്ന് പതിനേഴുകാരൻ പൊലീസിനു മൊഴി നൽകി. ചേരാനല്ലൂരിൽ വാഹനം തിരിച്ച് ആലുവയിലേക്ക് പോകാൻ തുടങ്ങുമ്പോഴാണ് അപകടം നടന്നത്. മഴകാരണം ജയബാലകൃഷ്ണന്റെ സ്കൂട്ടർ കണ്ടില്ല. കാറുമായി പുറത്തേക്ക് പോകുമ്പോൾ വീട്ടുകാർ ഫ്ലാറ്റിന്റെ മൂന്നാം നിലയിലായിരുന്നു. താഴെ പാർക്ക് ചെയ്തിരുന്ന കാർ എടുക്കുന്നത് വീട്ടുകാർ കണ്ടില്ല. വെറുതേ കറങ്ങാൻ ഇങ്ങിയതാണെന്നും പതിനേഴുകാരൻ പൊലീസിനോട് പറഞ്ഞു.


Fashion ⏭️

Back to top button