BUSINESS

‘ഇത് ഞാൻ പ്രതീക്ഷിച്ചില്ല’: സൈക്കിളിൽ ഡെലിവറി നടത്തിയ ബ്ലിങ്കിറ്റ് ഏജന്റിന് അനന്ത് അംബാനിയുടെ സർപ്രൈസ്


ബൈക്ക് വാങ്ങാൻ പണമില്ലാത്തതിനാൽ സൈക്കിളിൽ ഡെലിവറി നടത്തിയിരുന്ന ബ്ലിങ്കിറ്റ് ഏജന്റിന് സർപ്രൈസ് സമ്മാനവുമായി റിലയൻസ് ഇൻഡസ്ട്രീസ് എക്സിക്യൂട്ടിവ് ഡയറക്ടർ അനന്ത് അംബാനി. സോഷ്യൽ മീഡിയ ഇൻഫ്ളുവൻസർ ഹുസൈൻ മൻസൂരി പുറത്തുവിട്ട വിഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. സൈക്കിളിലെത്തുന്ന ഡെലിവറി ഏജന്റിനോട്, നിങ്ങൾ എന്തുകൊണ്ടാണ് ബൈക്ക് വാങ്ങാത്തതെന്ന് ഹുസൈൻ മൻസൂരി ചോദിക്കുന്നതോടെയാണ് വിഡിയോ തുടങ്ങുന്നത്. സുജിത്ത് എന്നു പേരുള്ള ഗിഗ് തൊഴിലാളി ഇതിനു നൽകുന്ന മറുപടി വിഡിയോ കാണുന്നവരെയെല്ലാം സങ്കടത്തിലാക്കും. ഈ ജോലി ചെയ്ത് താൻ എങ്ങനെയാണ് ബൈക്ക് വാങ്ങുന്നതെന്നും വിലക്കയറ്റം അതിരൂക്ഷമാണെന്നുമാണ് സുജിത്തിന്റെ മറുപടി. ദസറ ആഘോഷം പ്രമാണിച്ച് സൈക്കിളിൽ നടത്തിയ അലങ്കാരത്തെക്കുറിച്ചും ഹുസൈൻ ചോദിക്കുന്നുണ്ട്. ഈ സൈക്കിളാണ് തന്റെ അന്നമെന്നും അതിനെ ബഹുമാനിക്കണമെന്നും സുജിത്ത് മറുപടി നൽകുന്നു. തുടർന്ന്, ഡെലിവറി പൂർത്തിയാക്കിയ ശേഷം തിരികെ വരാനും ഒരു സർപ്രൈസ് ഉണ്ടെന്നും സുജിത്തിനോട് ഹുസൈൻ പറയുന്നു. പിന്നീട് സുജിത്തിനെ ചുവന്ന തുണി കൊണ്ടു മൂടിയ സമ്മാനത്തിന് അടുത്തേക്ക് കൊണ്ടുപോകുന്ന ദൃശ്യമാണ് വിഡിയോയിലുള്ളത്. തുണി മാറ്റുമ്പോൾ ഇത് അനന്ത് അംബാനി ജിയുടെ ഭാഗത്തു നിന്നുള്ള ചെറിയൊരു സമ്മാനമാണെന്നും ഹുസൈൻ വെളിപ്പെടുത്തുന്നു. ഒരു പുതുപുത്തൻ ഇലക്ട്രിക് സ്കൂട്ടറാണ് സുജിത്തിനു വേണ്ടി അനന്ത് അബാനിയുടെ വകയായി കരുതിവച്ചിരുന്നത്. ഇതു കണ്ടതോടെ പൊട്ടിക്കരയുന്ന സുജിത്ത്, താൻ ജീവിതത്തിൽ ഇങ്ങനെയൊരു കാര്യത്തെക്കുറിച്ച് ചിന്തിച്ചിട്ടുപോലുമില്ലെന്നും പറയുന്നുണ്ട്.  വികാരാധീനനായി വിങ്ങിപ്പൊട്ടിയ സുജിത്ത് അനന്ത് അംബാനിക്കും ഹുസൈനും നിരവധി തവണ നന്ദി പറയുന്നുമുണ്ട്. വിഡിയോ എന്നാണ് ചിത്രീകരിച്ചിരിക്കുന്നതെന്നു വ്യക്തമല്ല അനന്ത്സേവ ഫൗണ്ടേഷന്റെ ഭാഗമാണ് സുജിത്തിന് ഇത്തരത്തിലൊരു സമ്മാനം നൽകിയതെന്നാണ് റിപ്പോർട്ടുകൾ. മുംബൈ നഗരത്തിൽ ഓൺലൈൻ ഡെലിവറി നടത്തുന്ന നിർധനർക്ക് സൗജന്യമായി ഇലക്ട്രിക് സ്കൂട്ടറുകൾ ഇവർ വിതരണം ചെയ്യാറുണ്ട്.


Travel ⏭️

Back to top button