NEWS

കെഎസ്ആർടിസിക്ക് വമ്പൻ നേട്ടം,​ ഒറ്റദിവസം സ്വന്തമാക്കിയത് 10.64 കോടിയുടെ വരുമാനം

പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: ശബരിമല സീസണൊഴികെയുള്ള ദിവസങ്ങളിൽ ടിക്കറ്റ് വരുമാനത്തിൽ കെ.എസ്.ആർ.ടി.സിക്ക് രണ്ടാമത്തെ വലിയ നേട്ടം. വ്യാഴാഴ്ച 10.64 കോടിയുടെ വരുമാനമാണ് കോർപറേഷൻ സ്വന്തമാക്കിയത്. ഇതിൽ പ്രിയദർശിനി സർവീസുകളുടെ വരുമാനം മാറ്റിയാലും മറ്റ് സർവീസുകളിൽ നിന്നായി മാത്രം 7.33 കോടി രൂപ നേടാനായി.

ഉത്സവ സീസണുകൾ ഫലപ്രദമായി ഉപയോഗപ്പെടുത്തിയതാണ് ഈ നേട്ടത്തിന് കാരണം. വെറ്റ് ലീസ് ബസുകൾ കൂടി ഉൾപ്പെടുത്തിക്കൊണ്ട് അന്തർസംസ്ഥാന സർവീസുകൾ പരമാവധി ഓപ്പറേറ്റ് ചെയ്യാൻ കഴിഞ്ഞു. ഇതിലൂടെയാണ് ശരാശരി 5.77 കോടി രൂപയായിരുന്ന പ്രിയദർശിനി ഇതര സർവീസുകളുടെ വരുമാനം 7.33 കോടിയിലേക്ക് ഉയർന്നത്. കഴിഞ്ഞ വർഷം ഇതേ പൂജാ അവധിക്കാലത്തിന് ശേഷമുള്ള ദിവസത്തിൽ 9.41 കോടിയായിരുന്നു ടിക്കറ്റ് വരുമാനം. ഇക്കുറി ടിക്കറ്റ് വിൽപ്പനയിൽ 1.24 കോടിയിലധികം വർദ്ധനവ് ഉണ്ടായി.

വ്യാഴാഴ്ച 4,612 ബസുകൾ ഉപയോഗിച്ച് 16.02 ലക്ഷം കിലോമീറ്ററാണ് സർവീസ് നടത്തിയത്. ഒരു കിലോമീറ്ററിന് ലഭിച്ച ശരാശരി വരുമാനം കഴിഞ്ഞ വർഷത്തെ 58.80 രൂപയിൽ നിന്ന് 66.44 രൂപയായി ഉയർന്നു. ഒരു ബസിൽ നിന്നുള്ള ശരാശരി വരുമാനവും 20,094 രൂപയിൽ നിന്ന് 23,215 രൂപയായി വർധിച്ചു.

ഒറ്റ ദിവസം കൊണ്ട് 30.61 ലക്ഷം യാത്രക്കാരാണ് കെഎസ്ആർടിസി ബസുകളെ ആശ്രയിച്ചത്. യാത്രക്കാരുടെ ആവശ്യകത മനസ്സിലാക്കി കൂടുതൽ സർവീസുകൾ ക്രമീകരിക്കാനും, ലഭ്യമായ ബസുകൾ കാര്യക്ഷമമായി ഉപയോഗിച്ച് വരുമാനം വർദ്ധിപ്പിക്കാനുമുള്ള പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകാനാണ് കോർപ്പറേഷന്റെ തീരുമാനം.

Read News ⏭️

Back to top button