BUSINESS

ആശിര്‍വാദ് മൈക്രോ ഫിനാന്‍സിന്റെ പുതിയ എംഡി & സിഇഒ ആയി മനോജ് പസംഘ നിയമിതനായി


മണപ്പുറം ഫിനാന്‍സ് ലിമിറ്റഡിന്റെ ഉപസ്ഥാപനമായ ആശിര്‍വാദ് മൈക്രോ ഫിനാന്‍സ് ലിമിറ്റഡിന്റെ പുതിയ മാനേജിംഗ് ഡയറക്ടറും, ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായി ജി.ഡി മനോജ് പസംഘയെ നിയമിച്ചു. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ അനുമതി ലഭിച്ചതിനെ തുടര്‍ന്നാണ് നിയമനമെന്ന് കമ്പനി അറിയിച്ചു.2025 ഒക്ടോബറിലാണ് മനോജ് പസംഘ ആശിര്‍വാദില്‍ കോ-സി.ഇ.ഒ ആയി ചേര്‍ന്നത്. തുടര്‍ന്ന് കമ്പനി പ്രവര്‍ത്തനലാഭത്തിലേക്ക് തിരികെയെത്തുകയും 2027 സാമ്പത്തിക വര്‍ഷത്തിലെ ആദ്യ പാദത്തില്‍ 21 കോടി രൂപയുടെ അറ്റാദായം രേഖപ്പെടുത്തുകയും ചെയ്തിരുന്നു.പോര്‍ട്ഫോളിയോ ഗുണനിലവാരം ശക്തിപ്പെടുത്തുക, ഭരണനിര്‍വ്വഹണവും, നിയമപാലനവും ഉറപ്പാക്കുക, സുസ്ഥിരമായ വളര്‍ച്ച കൈവരിക്കുക എന്നിവയ്ക്കാണ് പുതിയ നിയമനത്തിലൂടെ കമ്പനി മുന്‍ഗണന നല്‍കുന്നത്.8,000 കോടി രൂപയിലധികം വരുന്ന വൈവിധ്യമാര്‍ന്ന ലെന്‍ഡിങ് പോര്‍ട്ട്‌ഫോളിയോ ആശിർവാദിന്റേതായിട്ടുണ്ട്. ഇതില്‍ ഏകദേശം 70 ശതമാനം മൈക്രോഫിനാന്‍സും, 30 ശതമാനം സ്വര്‍ണ വായ്പകളുമാണ്. മാതൃസ്ഥാപനമായ മണപ്പുറം ഫിനാന്‍സിന്റെ വൈദഗ്ധ്യം ഉപയോഗപ്പെടുത്തി സ്വര്‍ണ വായ്പ വിഭാഗത്തിലും കൂടുതല്‍ വളര്‍ച്ച നേടാന്‍ പുതിയ നിയമനം കരുത്തു പകരുമെന്നാണ് വിലയിരുത്തല്‍.പോര്‍ട്ഫോളിയോ ഗുണനിലവാരം, കളക്ഷന്‍ കാര്യക്ഷമത, പ്രവര്‍ത്തനക്ഷമത, സാങ്കേതികവിദ്യ, ഉപഭോക്തൃ സേവനം എന്നിവയ്ക്ക് മുന്‍ഗണന നല്‍കുമെന്ന് മനോജ് പസംഘ വ്യക്തമാക്കി. ഉത്തരവാദിത്തപൂര്‍ണമായ വളര്‍ച്ചയും, ശക്തമായ ഭരണനിര്‍വ്വഹണവും ലക്ഷ്യമിട്ട് മുന്നോട്ടുപോകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കമ്പനിയുടെ പ്രവര്‍ത്തനശേഷി വര്‍ദ്ധിപ്പിക്കാനും സുസ്ഥിര വളര്‍ച്ച ഉറപ്പാക്കാനും ഈ സ്ഥാനക്കയറ്റത്തിലൂടെ സാധിക്കുമെന്ന് ആശിര്‍വാദ് മൈക്രോ ഫിനാന്‍സ് ചെയര്‍മാന്‍ വി.പി നന്ദകുമാര്‍ അഭിപ്രായപ്പെട്ടു. മണപ്പുറം ഫിനാൻസ് ഇന്ത്യയിലെ മുൻനിര സ്വർണവായ്പാ എൻ.ബി.എഫ്.സികളിൽ ഒന്നാണ് മണപ്പുറം ഫിനാൻസ് ലിമിറ്റഡ്. നിലവിലെ മാനേജിങ് ഡയറക്ടറായ വി. പി. നന്ദകുമാർ വളർത്തിയെടുത്ത ഒരു സ്ഥാപനമാണിത്. 1949 വർഷത്തിൽ, വി.പി നന്ദകുമാറിന്റെ പിതാവ് വി. സി. പത്മനാഭനാണ് തൃശ്ശൂർ ജില്ലയിലെ തീരദേശ ഗ്രാമമായ വലപ്പാട് സ്ഥാപനം ആരംഭിച്ചത്. തുടക്കത്തിൽ ചെറിയ തോതിൽ പണയ ഇടപാടുകളും, പണം വായ്പ നൽകുന്ന പ്രവർത്തനങ്ങളുമായിരുന്നു നടത്തിയിരുന്നത്. പിതാവിന്റെ വിയോ​ഗത്തെ തുടർന്ന് 1986ൽ നന്ദകുമാർ സ്ഥാപനത്തിന്റെ ചുമതല ഏറ്റെടുത്തു.അതിനുശേഷം നിരവധി നാഴികക്കല്ലുകൾ പിന്നിട്ട് വലിയ വളർച്ചയുടെ പാതയിലൂടെയാണ് സ്ഥാപനം മുന്നേറിയത്. 1992ൽ കമ്പനിയായി രജിസ്റ്റർ ചെയ്ത മണപ്പുറം ഫിനാൻസ് ലിമിറ്റഡ്, പിന്നീട് അതിവേഗം വളർന്നു. ഇന്ന് 28 സംസ്ഥാനങ്ങളിലും, കേന്ദ്രഭരണ പ്രദേശങ്ങളിലുമായി, ഉപകമ്പനികളുടെ ശാഖകൾ ഉൾപ്പെടെ അയ്യായിരത്തിലധികം ബ്രാഞ്ചുകളാണ് കമ്പനിക്കുള്ളത് . 63,798 കോടി രൂപയുടെ ആസ്തി കൈകാര്യം ചെയ്യുന്ന കമ്പനിയുടെ കീഴിൽ 42,000ൽ അധികം ജീവനക്കാർ ജോലി ചെയ്യുന്നു.Disclaimer: ഇവിടെ നൽകിയിരിക്കുന്നത് ഏതെങ്കിലും തരത്തിലുള്ള സാമ്പത്തിക നിർദേശങ്ങളല്ല, ലഭ്യമായ വിവരങ്ങളാണ്


Read News

Back to top button