BUSINESS
‘മലയാളി’ ബിയറിനു ശേഷം ‘അടിപൊളി’ ഡ്രിങ്കും; പോളണ്ടിൽ മലയാളികൾ നിർമിച്ച ബ്രാൻഡ് ഇന്ത്യയിലേക്ക്

ന്യൂഡൽഹി∙ പോളണ്ടിൽ മലയാളികൾ നിർമിച്ച ഹൈഡ്രേഷൻ ബവ്റിജ് ബ്രാൻഡ് ‘അടിപൊളി’ ഇന്ത്യയിലേക്ക്. പാലക്കാട് സ്വദേശികളായ ചന്ദ്രമോഹൻ നല്ലൂരും സർഗീവ് സുകുമാരനും ചേർന്ന് പോളണ്ടിൽ തുടക്കമിട്ട ബവ്റിജ് സ്റ്റാർട്ടപ് ഹെക്സഗൺ സ്പിരിറ്റ്സ് ഇന്റർനാഷനലിന്റെ ഹൈഡ്രേഷൻ പാനീയമാണു 2027 ജനുവരി മുതൽ ഇന്ത്യയിൽ ലഭ്യമാക്കുക. ഇന്ത്യ സന്ദർശിക്കുന്ന പോളിഷ് പ്രധാനമന്ത്രി ഡോണൾഡ് ടസ്കിനൊപ്പമെത്തിയ ബിസിനസ് സംഘത്തിന്റെ ഭാഗമാണു ചന്ദ്രമോഹൻ. 100 അംഗ സംഘത്തിലെ ഏക മലയാളി. പോളണ്ടിൽ വികസിപ്പിച്ചെടുത്ത പാനീയം ചെന്നൈ കേന്ദ്രമായ കമ്പനിയുടെ പിന്തുണയോടെയാണ് ഇന്ത്യൻ വിപണിയിൽ ലഭ്യമാക്കുന്നത്. ഇരു കമ്പനികളും തമ്മിലുള്ള ധാരണാപത്രം ഇന്നു ബെംഗളൂരുവിൽ നടക്കുന്ന ഇന്ത്യ–പോളണ്ട് ബിസിനസ് ഫോറത്തിൽ ഒപ്പിടും. ഹെക്സഗൺ സ്പിരിറ്റ്സിന്റെ ‘മലയാളി’ എന്ന ബീയർ കഴിഞ്ഞ വർഷം കേരളത്തിൽ ലഭ്യമാക്കിയിരുന്നു. ഇതിനു പിന്നാലെയാണു കഫീൻ ഇല്ലാത്ത വൈറ്റമിനും മഗ്നീഷ്യവും അടങ്ങുന്ന ‘അടിപൊളി’ പാനീയം എത്തിക്കുന്നതെന്നു ചന്ദ്രമോഹൻ പറയുന്നു. ‘മലയാളികൾ അല്ലാത്തവർക്കു ഏറ്റവുമധികം പരിചയമുള്ള 5 മലയാളം വാക്കുകളിൽ അടിപൊളിയുണ്ട്. രാജ്യാന്തര തലത്തിൽ എത്തിക്കുന്ന പാനീയത്തിനു ഇതല്ലാതെ മറ്റൊരു വാക്കും യോജ്യമായി തോന്നുന്നില്ല’ പേരിനെക്കുറിച്ചു ചന്ദ്രമോഹൻ പറയുന്നു.
Travel ⏭️




