NEWS
ശബരിമല തീർഥാടകർക്ക് പമ്പയിലേക്ക് ചാർട്ടേഡ് ബസ്; 45 പേർക്കുള്ള ടിക്കറ്റ് തുക മുൻകൂർ നൽകണം

കോഴിക്കോട് ∙ ശബരിമല തീര്‍ഥാടകര്‍ക്കായി പമ്പയിലേക്ക് ‘ചാര്‍ട്ടേഡ് ബസ്’ സൗകര്യം ലഭ്യമാക്കുമെന്ന് ഗതാഗത മന്ത്രി സി.പി.ജോൺ. 45 പേർക്കുള്ള ടിക്കറ്റ് തുക മുന്‍കൂട്ടി നല്‍കിയാല്‍ ഭക്തര്‍ക്ക് ബസ് സ്റ്റാന്‍ഡില്‍ എത്താതെ തന്നെ അവരുടെ വീടുകള്‍ക്കോ ക്ഷേത്രങ്ങള്‍ക്കോ മുന്നില്‍ കെഎസ്ആര്‍ടിസി ബസ് എത്തിച്ചു നല്‍കുന്ന സംവിധാനമാണ് ഒരുക്കുക. ഇതിന് പ്രത്യേക നിരക്ക് ഈടാക്കില്ല. ശബരിമല സീസൺ പ്രമാണിച്ച് നൂറോളം കെഎസ്ആര്‍ടിസി ബസുകള്‍ സീറ്റ് കവറുകള്‍, എഞ്ചിന്‍, ഗിയര്‍ ബോക്‌സ് തുടങ്ങിയവ പുതുക്കി പൂര്‍ണ്ണമായി റീഫര്‍ബിഷ് ചെയ്ത് സജ്ജമാക്കിയതായും കൊയിലാണ്ടി ജോയിന്റ് ആര്‍ടിഒ ഓഫിസ് സന്ദര്‍ശിച്ച ശേഷം മന്ത്രി പറഞ്ഞു.കെഎസ്ആര്‍ടിസിയില്‍ പൊതുജന പങ്കാളിത്തത്തോടെ സര്‍വീസുകളും അടിസ്ഥാന സൗകര്യങ്ങളും കൂടുതല്‍ വിപുലീകരിക്കും. കെഎസ്ആര്‍ടിസിയെ കുറഞ്ഞ ചെലവില്‍ കൂടുതല്‍ ലാഭകരവും ജനകീയവുമാക്കുന്ന രീതിയിലുള്ള പദ്ധതികളാണ് സര്‍ക്കാര്‍ നടപ്പിലാക്കിവരുന്നത്. മൂലധനച്ചെലവ് കുറച്ച്, പ്രവര്‍ത്തനച്ചെലവ് കാര്യക്ഷമമായി കൈകാര്യം ചെയ്യുന്ന നയമാണ് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. ഡിപ്പോകളുടെ പ്രവര്‍ത്തനത്തിലും സര്‍വീസുകളിലും തദ്ദേശ സ്ഥാപനങ്ങള്‍ക്ക് പങ്കാളിത്തം ഉറപ്പാക്കുന്നതിനായി മേയര്‍, മുനിസിപ്പല്‍ ചെയര്‍പഴ്സൻ, പഞ്ചായത്ത് പ്രസിഡന്റ്, പ്രാദേശിക വാര്‍ഡ് അംഗം എന്നിവരെ ഉള്‍പ്പെടുത്തി ട്രാന്‍സ്പോര്‍ട്ട് മാനേജ്മെന്റ് കമ്മിറ്റികള്‍ രൂപീകരിക്കും.ചടങ്ങില്‍ കൊയിലാണ്ടി മുനിസിപ്പല്‍ ചെയര്‍പഴ്സൻ യു.കെ. ചന്ദ്രന്‍, കോഴിക്കോട് എന്‍ഫോഴ്സ്മെന്റ് ആര്‍ടിഒ ജെബി ചെറിയാന്‍, കൊയിലാണ്ടി ജോയിന്റ് ആര്‍ടിഒ എം.കെ. പ്രജീഷ്, വടകര ജോയിന്റ് ആര്‍ടിഒ പി.സജീഷ്, പേരാമ്പ്ര ജോയിന്റ് ആര്‍ടിഒ ടി. പ്രജീഷ്, മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാര്‍, മറ്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
Fashion ⏭️




