NEWS

‘മന്ത്രി  തെറിച്ചുപോയെന്നത്  കള്ളമൊഴി’; അന്വേഷണസംഘം  മൊഴിയെടുത്തിട്ടില്ലെന്ന്  എസ്ഐ, വീണാ ജോർജിനെ ആക്രമിച്ച കേസിൽ വഴിത്തിരിവ്

വീണാ ജോർജ്

തിരുവനന്തപുരം: മുൻ മന്ത്രി വീണാ ജോർജിനെ ആക്രമിച്ചെന്ന കേസിൽ തന്റെ പേരിലുള്ളത് കൃത്രിമ മൊഴിയാണെന്ന് പ്രത്യേക അന്വേഷണ സംഘത്തിന് (എസ്ഐടി) മുന്നിൽ വെളിപ്പെടുത്തി വനിതാ എസ്ഐ. മുൻ കണ്ണൂർ ടൗൺ എസ്ഐ ദീപ്തിയാണ് എസ്ഐടിക്ക് മൊഴി നൽകിയത്.

കെഎസ്‌യു അക്രമത്തിനിടെ മന്ത്രി തെറിച്ചുപോയെന്ന് താൻ പറഞ്ഞിട്ടില്ലെന്നും അത് അന്വേഷണസംഘം തന്റെ പേരിൽ കള്ളമൊഴി രേഖപ്പെടുത്തിയതാണെന്നും ദീപ്തി അറിയിച്ചതായാണ് റിപ്പോർട്ട്. ആദ്യ അന്വേഷണ സംഘം തന്റെ മൊഴിയെടുത്തിട്ടേയില്ലെന്നും എസ്ഐ പറഞ്ഞു. റെയിൽവേ സ്റ്റേഷനിൽ മന്ത്രിയുടെ സുരക്ഷാ ചുമതലയിലുള്ള ഉദ്യോഗസ്ഥയായിരുന്നു ദീപ്തി.

മന്ത്രിയായിരിക്കെ വീണാ ജോർജിനെതിരെ കണ്ണൂർ റെയിൽവേ സ്‌റ്റേഷനിൽ യൂത്ത് കോൺഗ്രസ് നടത്തിയ പ്രതിഷേധത്തിനിടെ ആക്രമിച്ചുവെന്നാണ് കേസ്. കേസിന്റെ പുനരന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം ഇന്നലെ വീണയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. കെ.എ.പി നാലാം ബറ്റാലിയൻ കമാൻഡന്റ് യു. പ്രേമന്റെ നേതൃത്വത്തിലുള്ള സംഘമാണ് കൊടുമൺ അങ്ങാടിക്കലിലെ വസതിയിലെത്തി മൊഴിയെടുത്തത്. ഇനി സാക്ഷികൾ ഉൾപ്പെടെയുള്ളവരുടെ മൊഴിയെടുക്കും.

2026 ഫെബ്രുവരി 25നാണ് കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വീണാ ജോർജിനെതിരെ കെഎസ്‌യു പ്രവർത്തകർ കരിങ്കൊടി പ്രതിഷേധം നടത്തിയത്. പ്രതിഷേധത്തിനിടെ മന്ത്രിക്ക് പരിക്കേറ്റതിനെത്തുടർന്ന് വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി റെയിൽവേ പൊലീസ് കേസെടുക്കുകയായിരുന്നു. എം.സി. അതുൽ, വി.വി. അക്ഷയ്, ബിതുൽ ബാലൻ, സി.എച്ച്. മുബാസ്, അഹമ്മദ് യാസിൻ എന്നിവരെയാണ് കേസിൽ പ്രതികളാക്കിയത്. കണ്ണൂർ സബ് ജയിലിൽ 16 ദിവസം റിമാൻഡിൽ കഴിഞ്ഞ ശേഷമാണ് ഇവർക്ക് ജാമ്യം ലഭിച്ചത്.

English Summary

A woman Sub-Inspector, Deepthi, has reportedly told the Special Investigation Team (SIT) that the statement attributed to her in the case involving the alleged attack on former Kerala Health Minister Veena George was fabricated. She said the original investigation team had not recorded her statement.
RELATED TOPICS: VEENA GEORGE ATTACK CASE, DEEPTHI SI STATEMENT, KANNUR RAILWAY STATION INCIDENT, KERALA KSU PROTEST, VEENA GEORGE CASE REINVESTIGATION

Read News ⏭️

Back to top button