ഷറഫേ, ഫ്രീയാകുമ്പോൾ ഒന്ന് വിളിക്ക്, കഥ പറയാനാണ് കല്യാണം വിളിക്കാനല്ലെന്ന് ഒമർ ലുലു

ഒമർ ലുലു, ഷറഫുദ്ദീൻ Image credit : Facebook
പുതിയ സിനിമയുടെ കഥ പറയാനായി കഴിഞ്ഞ രണ്ടുമാസമായി ശ്രമിച്ചിട്ടും നടൻ ഷറഫുദ്ദീൻ ഫോണെടുക്കുന്നില്ലെന്ന് സംവിധായകൻ ഒമർ ലുലു. സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പിലാണ് ഒമർ ലുലു ഇക്കാര്യം വെളിപ്പെടുത്തിയത്. ഒരുമാസം ശ്രമിച്ചാൽ പ്രധാനമന്ത്രിയുടെ അപ്പോയിൻമെന്റ് വരെ കിട്ടുന്ന രാജ്യത്താണ് ഈ സ്ഥിതിയെന്നും സംവിധായകൻ ചൂണ്ടിക്കാട്ടുന്നു.
ഞങ്ങൾ ഒന്നിച്ച, 100 ദിവസം ഓടിയ ഹാപ്പി വെഡിംഗ് എന്ന സിനിമയ്ക്ക് ശേഷം ഷറഫുദ്ദീനുമായി വർക്ക് ചെയ്തിട്ട് പത്ത് വർഷമായെന്ന് ഒമർ ലുലു പറയുന്നു. രണ്ട് പുതിയ പയ്യൻമാർ വന്ന് പറഞ്ഞ കഥ കേട്ടപ്പോൾ, ഈ കഥാപാത്രം ഷറഫ് ചെയ്താൽ നന്നായിരിക്കുമെന്ന് എനിക്ക് തോന്നി. അങ്ങനെ 6 വർഷത്തിന് ശേഷം ഞാന്‍ ഷറഫിനെ വിളിച്ചു. കഥയുടെ ഏകദേശം പകുതിയിലധികം എഴുത്ത് പൂർത്തിയായ സമയമായിരുന്നു. സ്ക്രിപ്റ്റ് വായിച്ചിട്ട് പറയാമെന്ന് ഷറഫ് പറഞ്ഞു. .ഇതിനിടക്ക് ഒരു തവണ ഷറഫിനെ വിളിച്ചു കാണാൻ പ്ളാൻ ചെയ്തു പക്ഷേ ഒന്നും കൂടി സ്ക്രിപ്ട് നന്നാക്കിയിട്ട് കാണാമെന്ന് ഞാന്‍ വിചാരിച്ചു. പക്ഷേ ഇപ്പോൾ സ്ക്രിപ്ട് 80% കഴിഞ്ഞു ഇനി ആർട്ടിസ്റ്റിനെ കൺഫേം ചെയ്തു വേണം സ്ക്രിപ്ട് കംപ്ലീറ്റ് ചെയ്യാൻ. എന്നാൽ ഷറഫ് വിളിച്ചാൽ ഫോൺ എടുക്കുന്നില്ല രണ്ട് മാസമായി! എന്തായാലും ഷറഫേ, നീ ഫ്രീയാകുമ്പോൾ ഒന്ന് വിളിക്ക്. കഥ പറയാനാണ്, അല്ലാതെ കല്യാണം വിളിക്കാനല്ല! എന്നും ഒമർ ലുലു കുറിച്ചു.
Business ⏭️




