NEWS
സിജെപി നേതാക്കളായ സൗരവ് ദാസിനും അശുതോഷ് റാങ്കയ്ക്കും ജാമ്യമില്ല; തിഹാറിൽ തുടരും

ന്യൂഡൽഹി∙ സിജെപി നേതാക്കളായ സൗരവ് ദാസിനും അശുതോഷ് റാങ്കയ്ക്കും സ്പെഷൽ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് ജാമ്യം നിഷേധിച്ചു. സിജെപി നേതാക്കളുടെ ജുഡീഷ്യൽ കസ്റ്റഡി രണ്ടു ദിവസം കൂടി നീട്ടിക്കൊണ്ട് കോടതി ഉത്തരവിട്ടു. ഒക്ടോബർ 21 ന് കോടതി വീണ്ടും കേസ് പരിഗണിക്കും. സൗരവ് ദാസിനും റാങ്കയ്ക്കും ജാമ്യം അനുവദിക്കണമെന്നും മോചിപ്പിക്കണമെന്നും ആവശ്യപ്പെട്ട് സിജെപി അഭിഭാഷകർ കോടതിയെ സമീപിച്ചിരുന്നു. ഒക്ടോബർ 13 നാണ് ജന്തർ മന്തറിൽ വിലക്ക് ലംഘിച്ചു പ്രവേശിച്ചതിനു പിന്നാലെയാണ് സിജെപി നേതാക്കൾ അറസ്റ്റിലായത്. തുടർന്ന് കോടതിയിൽ ഹാജരാക്കിയപ്പോൾ 5 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിടാനാണ് കോടതി ഉത്തരവിട്ടത്. പിന്നാലെ ഇരുനേതാക്കളെയും തിഹാർ ജയിലിൽ അടയ്ക്കുകയായിരുന്നു.മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രക്ഷോഭ പാതയിലാണ് സിജെപി. എസ്ഐആർ നടപ്പിലാക്കിയതിൽ ക്രമക്കേടുണ്ടെന്ന് ആരോപിച്ചാണ് പ്രതിഷേധം. എന്നാൽ രാജ്യതലസ്ഥാനത്ത് പ്രതിഷേധിക്കാൻ ജന്തർ മന്തർ എന്ന സ്ഥലം അനുവദിക്കില്ലെന്ന് ഡൽഹി പൊലീസ് നിലപാടെടുത്തതോടെ സിജെപി നേതാക്കൾ മൈതാനത്തേക്ക് അതിക്രമിച്ചു കയറുകയായിരുന്നു. അടുത്തിടെ, സിജെപി ആഹ്വാനം ചെയ്ത തിരംഗ മാർച്ചിനു മുന്നോടിയായി നേതാവ് അഭിജിത് ദിപ്കെയെ പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. കഴിഞ്ഞ ദിവസമാണ് ദിപ്കെയ്ക്ക് ജാമ്യം ലഭിച്ചത്.
Fashion ⏭️




