NEWS

ശബരിമല പാതയിൽ റോഡ് പണി; ഗതാഗതക്കുരുക്കിൽ വലഞ്ഞ് തീർത്ഥാടകർ

ശബരിമലപാതയിലെ ഗതാഗതക്കുരുക്ക്

ശബരിമല: പമ്പ- ചാലക്കയം റോഡിൽ രൂക്ഷമായ ഗതാഗതകുരുക്കിൽപ്പെട്ട് ശബരിമലതീർത്ഥാടകർ. നവീകരണത്തിനെ ഭാഗമായി ഈ ഭാഗത്തെ റോഡ് പൊതുമരാമത്ത് വകുപ്പ് കുത്തിപ്പൊളിച്ചതാണ് ഗതാഗതക്കുരുക്കിന് കാരണം. ശബരിമല ദർശനത്തിന് ഭക്തരുമായെത്തിയ നൂറുകണക്കിന് വാഹനങ്ങളാണ് ഇതുവഴി ഇഴഞ്ഞുനീങ്ങുന്നത്.

കന്നിമാസപൂജകൾക്കായി അഞ്ച് ദിവസത്തേക്ക് തുറന്ന നട കഴിഞ്ഞ 25 ദിവസവും അടച്ചിട്ടിരിക്കുകയായിരുന്നെങ്കിലും ആ സമയത്ത് നവീകരണപ്രവർത്തനങ്ങൾ നടത്തിയിരുന്നില്ല. ദേവസ്വം ബോർഡിന്റെ ഭാഗമായ റോഡിൽ അറ്റകുറ്റപ്പണികൾ നടക്കുന്നില്ലെന്ന പരാതിയെതുടർന്നാണ് സർക്കാർ ഏറ്റെടുത്തത്. എന്നാൽ ഏറ്റെടുക്കൽ നടപടികളും ടെൻഡർ നടപടിക്രമങ്ങളും വൈകിയതാണ് റോഡിന്റെ അറ്റകുറ്റപ്പണി വൈകാനുള്ള കാരണമായി ചൂണ്ടിക്കാട്ടുന്നത്.

തുലാമാസപൂജകൾക്കായി നടതുറന്ന സാഹചര്യത്തിൽ വലിയരീതിയിലുള്ള ഭക്തജനത്തിരക്കാണ് ശബരിമലയിൽ അനുഭവപ്പെടുന്നത്. മഴകനക്കുന്ന സാഹചര്യത്തിൽ റോഡുപണി നടത്തുന്നത് അപകടങ്ങൾക്ക് കാരണമാകുമോയെന്ന ആശങ്ക നിലനിൽക്കുന്നുണ്ട്. പമ്പയിൽനിന്ന് നിലയ്‌ക്കലിലേക്ക് ചെയിൻ സർവീസ് നടത്തുന്ന കെഎസ്ആർടിസി ബസുകളെയും ഗതാഗതക്കുരുക്ക് ബാധിക്കുന്നുണ്ട്.

English Summary

Sabarimala pilgrims face severe traffic congestion on the Pamba–Chalakkayam road due to delayed road renovation work. The heavy rush during the Thulamasa Pooja has worsened the situation, affecting vehicles and KSRTC chain services amid rainy weather.

Read News ⏭️

Back to top button