AUTO

വൻ നേട്ടവുമായി ഹ്യുണ്ടേയ് ക്രേറ്റ; ആഭ്യന്തര വിപണിയിൽ 15 ലക്ഷം യൂണിറ്റ് വിൽപന പിന്നിട്ടു


ഇന്ത്യന്‍ കാര്‍ വിപണിയില്‍ വില്‍പനയുടെ കാര്യത്തില്‍ പുതു ചരിത്രം രചിച്ച് മുന്നേറുകയാണ് ഹ്യുണ്ടേയ് ക്രേറ്റ. ആഭ്യന്തര വില്‍പനയില്‍ 15 ലക്ഷം യൂണിറ്റ് വില്‍പന പിന്നിട്ടാണ് ക്രേറ്റ മുന്നേറുന്നത്. 2026 ഓഗസ്റ്റ് അവസാനത്തോടെ ക്രേറ്റയുടെ 15,12,036 യൂണിറ്റുകളാണ് കമ്പനി വിറ്റത്. 2015 ജൂലൈയില്‍ വിപണിയിലെത്തിയ ക്രേറ്റയെന്ന ജനപ്രിയ എസ്‌യുവി പത്തു വര്‍ഷം കൊണ്ടാണ് ഈ നേട്ടം കൈവരിച്ചിരിക്കുന്നത്. 2026 സാമ്പത്തികവര്‍ഷം ഹ്യുണ്ടേയ് ക്രേറ്റയെ സംബന്ധിച്ചിടത്തോളം ഏറ്റവും മികച്ച കാലഘട്ടമായിരുന്നു. ഇതുവരെയുള്ളതില്‍ വച്ച് ഏറ്റവും ഉയര്‍ന്ന വാര്‍ഷിക വില്‍പനയാണ് ഇക്കാലത്ത് ക്രേറ്റ സ്വന്തമാക്കിയത്. 2024 സാമ്പത്തിക വര്‍ഷത്തില്‍ 1,62,773 യൂണിറ്റുകളും 2025 സാമ്പത്തിക വര്‍ഷത്തില്‍ 1,94,871 യൂണിറ്റുകളുമായിരുന്നു വില്‍പനയെങ്കില്‍ 2026 സാമ്പത്തികവര്‍ഷത്തില്‍ വില്‍പന 2,01,921 യൂണിറ്റുകളിലേക്ക് കുതിച്ചു. പഴമയേക്കാള്‍ പുതുതലമുറ മോഡലുകളുടെ കരുത്തിലാണ് ക്രേറ്റയുടെ വില്‍പനയുടെ വേഗം കൂടിയതെന്ന് ഇത് തെളിയിക്കുന്നു. ഇന്ത്യയിലെ കാര്‍ വിപണിയിലെ ഏറ്റവും ശക്തമായ മത്സരം നടക്കുന്ന മിഡ് സൈസ് എസ്‌യുവി വിഭാഗത്തിലാണ് ക്രേറ്റയുള്ളത്. പുറത്തിറങ്ങുന്ന സമയത്തുണ്ടായിരുന്നതിനേക്കാള്‍ നിരവധി പുതിയ എതിരാളികളും ഹ്യുണ്ടേയ് ക്രേറ്റ ഇപ്പോള്‍ നേരിടുന്നുണ്ട്. മാരുതി ഗ്രാന്‍ഡ് വിറ്റാര, ടൊയോട്ട അര്‍ബന്‍ ക്രൂസര്‍ ഹൈറൈഡര്‍, കിയ സെല്‍റ്റോസ്, ഹോണ്ട എലിവേറ്റ്, ഫോക്‌സ്​വാഗണ്‍ ടൈഗൂണ്‍, സ്‌കോഡ കുഷാക് എന്നിങ്ങനെ തലയെടുപ്പുള്ള നിരവധി മോഡലുകളാണ് ക്രേറ്റയുടെ എതിരാളികള്‍. ഇത്രയേറെ പ്രമുഖരുമായി മത്സരിച്ചിട്ടും ക്രേറ്റയുടെ വിപണിയുടെ വിപണി വിഹിതം കുറയുകയല്ല കൂടുകയാണുണ്ടായിരിക്കുന്നത്. എന്‍ജിന്‍ ഓപ്ഷനുകളിലെ വൈവിധ്യമാണ് വൈവിധ്യമാര്‍ന്ന വാഹന പ്രേമികളെ ക്രേറ്റയിലേക്ക് ആകര്‍ഷിക്കുന്നത്. നാല് എന്‍ജിന്‍ ഓപ്ഷനുകളാണ് ക്രേറ്റയിലുള്ളത്. 115 എച്ച്പി- 1.5 ലീറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍, 160 എച്ച്പി – 1.5 ലീറ്റര്‍ ടര്‍ബോ പെട്രോള്‍, 116 എച്ച്പി – 1.5 ലീറ്റര്‍ ഡീസല്‍ എന്‍ജിന്‍ ഓപ്ഷനുകളില്‍ ക്രേറ്റ ലഭിക്കും. ഇതിനു പുറമേ മാനുവല്‍, സിവിടി, ഡിസിടി, ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടമാറ്റിക്ക് ഗിയര്‍ബോക്‌സ് ഓപ്ഷനുകളും തെരഞ്ഞെടുക്കാം. എക്‌സ് ഷോറൂം വില 10.91 ലക്ഷം മുതല്‍ 20.14 ലക്ഷം രൂപ വരെ.  പെട്രോള്‍ ഡീസല്‍ മോഡലുകള്‍ക്ക് പുറമേയാണ് ക്രേറ്റ ഇലക്ട്രിക്കും ഹ്യുണ്ടേയ് വിപണിയിലെത്തിക്കുന്നത്. 42kWh, 51.4kWh എന്നിങ്ങനെ രണ്ട് ബാറ്ററി ഓപ്ഷനുകളിലാണ് ഇലക്ട്രിക്ക് ക്രേറ്റയുടെ വരവ്. 390 കിലോമീറ്ററും 473 കിലോമീറ്ററുമാണ് ഇവയുടെ റേഞ്ച്. താരതമ്യേന കുറഞ്ഞ വില, ഡീസലിന്റെ ഇന്ധനക്ഷമത, പെട്രോള്‍ എന്‍ജിന്റെ പ്രകടനമികവ്, ഓട്ടമാറ്റിക് ഡ്രൈവിങിന്റെ സുഖം, ഇവിയുടെ കുറഞ്ഞ യാത്രാ ചിലവ് എന്നിങ്ങനെ വൈവിധ്യമാര്‍ന്ന കാരണങ്ങളാണ് വൈവിധ്യമാര്‍ന്ന ഉപഭോക്താക്കളെ ക്രേറ്റയിലേക്ക് ആകര്‍ഷിക്കുന്നത്. 


Sports ⏭️

Back to top button