SPORTS
‘ഇന്ത്യയ്ക്കായി കളിക്കണമെങ്കിൽ പൗരത്വം സ്വീകരിക്കുക’; ബിസിസിഐ നിയമത്തിനെതിരായ ഹർജിയിൽ കോടതി നിർദേശം

മുംബൈ∙ ഇന്ത്യയ്ക്കു വേണ്ടി കളിക്കാൻ താല്പര്യമുണ്ടെങ്കിൽ ഒസിഐ (ഓവർസീസ് സിറ്റിസെൻ ഓഫ് ഇന്ത്യ) കാർഡുകൾ ഉപേക്ഷിച്ച് ഇന്ത്യൻ പൗരത്വം സ്വീകരിക്കാൻ യുവതാരങ്ങളോടു നിർദേശിച്ച് ബോംബെ ഹൈക്കോടതി. ബിസിസിഐ നടത്തുന്ന ടൂർണമെന്റുകളിൽ കളിക്കണമെങ്കിൽ ഇന്ത്യൻ പാസ്പോര്ട്ട് നിർബന്ധമാക്കിയ ബിസിസിഐ തീരുമാനത്തിനെതിരെ ഒസിഐ കാർഡുള്ള 12 കളിക്കാരാണ് കോടതിയെ സമീപിച്ചത്. ഇന്ത്യയിൽ താമസിച്ച് പഠിക്കുന്ന കവിൻ കാർത്തിക്കാണ് ഹർജിക്കാരിൽ ഒരാൾ. ആഭ്യന്തര ടൂർണമെന്റിൽ കളിക്കാൻ മാത്രം അനുമതി മതിയെന്നായിരുന്നു ഹർജിക്കാരന്റെ ആവശ്യം.2023ൽ ബിസിസിഐ പുതിയ നിയമം നടപ്പാക്കിയതോടെയാണ് ഒസിഐ കാർഡുള്ളവർക്ക് ഇന്ത്യയിൽ കളിക്കാനുള്ള വഴിയടഞ്ഞത്. ഇന്ത്യയ്ക്കായി രാജ്യാന്തര മത്സരങ്ങൾ കളിക്കാൻ ഇവർക്കു സാധിക്കില്ലെന്ന് ബിസിസിഐയ്ക്കു വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ ബീരേന്ദ്ര ഷറഫ് കോടതിയെ അറിയിച്ചു. താരങ്ങൾ സമർപ്പിച്ച പൗരത്വ അപേക്ഷയുടെ ഇപ്പോഴത്തെ സ്ഥിതിയെന്താണെന്ന് അറിയിക്കണമെന്ന് കോടതി, ബിസിസിഐ, കേന്ദ്രസർക്കാർ, ഹർജിക്കാർ എന്നിവരോട് ആവശ്യപ്പെട്ടു. കേസിൽ കേന്ദ്രം ഇതുവരെ സത്യവാങ്മൂലം ഫയൽ ചെയ്തിട്ടില്ല.
Auto ⏭️




