NEWS

‘ആണുങ്ങളുടെ സർക്കാരാണെങ്കിൽ പിണറായിക്കെതിരെ നടപടിയുണ്ടാകട്ടെ’,​ വിമർശനവുമായി കെ സുധാകരൻ

കെ സുധാകരൻ, പിണറായി വിജയൻ

തിരുവനന്തപുരം: മുൻമുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെട്ട സിഎംആർഎൽ–എക്സാലോജിക് കേസിൽ സർക്കാർ സ്വീകരിക്കുന്ന നിലപാടിനെതിരെ വിമർശനവുമായി കോൺഗ്രസ് നേതാവ് കെ സുധാകരൻ. പിണറായിക്കെതിരെ ആണുങ്ങളുടെ സർക്കാരാണ് ഇവിടെ ഉള്ളതെങ്കിൽ കേസിൽ തുടർനടപടികൾ സ്വീകരിക്കാൻ സർക്കാർ തയ്യാറാകണമെന്നും അതിന് പറ്റിയ ഭരണനേതൃത്വം ഇവിടെ ഉണ്ടോയെന്ന് തനിക്കറിയില്ലെന്നും സുധാകരൻ പറഞ്ഞു.

കേസിൽ നടപടികൾ മുന്നോട്ടുകൊണ്ടുപോകാൻ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും സർക്കാരിനും അധികാരമുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. നടപടികൾ കൂടുതൽ കർശനമാക്കണമെന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായമെന്നും അദ്ദേഹം വ്യക്തമാക്കി. ഉത്തരവാദിത്തപ്പെട്ടവർ എത്രത്തോളം ഉറച്ച നിലപാട് സ്വീകരിക്കുമെന്ന് കാത്തിരുന്ന് കാണാമെന്നും സുധാകരൻ പ്രതികരിച്ചു.

അതേസമയം, കേസുമായി ബന്ധപ്പെട്ട വിഷയത്തിൽ കോൺഗ്രസ് നേതാവ് മാത്യു കുഴൽനാടനെ പാർട്ടിക്കുള്ളിൽ ഒറ്റപ്പെടുത്താനുള്ള നീക്കമുണ്ടെന്ന വിലയിരുത്തൽ തനിക്കില്ലെന്ന് സുധാകരൻ പറഞ്ഞു. രാഷ്ട്രീയ കാര്യങ്ങളിൽ വ്യക്തമായ നിലപാടുള്ള നേതാവാണ് കുഴൽനാടനെന്നും അദ്ദേഹത്തിനെതിരെ നീങ്ങാൻ ആരും ശ്രമിക്കേണ്ടെന്നും സുധാകരൻ മുന്നറിയിപ്പ് നൽകി. കുഴൽനാടന് പാർട്ടിയുടെ പിന്തുണയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സിഎംആർഎൽ–എക്സാലോജിക് കേസിൽ സമൻസ് ലഭിക്കേണ്ടിടത്ത് എത്തിയിട്ടുണ്ടെന്നും ഈ വിഷയം പൊതുസമൂഹത്തിനു മുന്നിൽ കോൺഗ്രസ് നേരത്തേ തന്നെ ഉന്നയിച്ചിരുന്നതാണെന്നും സുധാകരൻ അവകാശപ്പെട്ടു. കേസിൽ ഇനി സ്വീകരിക്കുന്ന നടപടികൾ സർക്കാരിന്റെ നിലപാട് വ്യക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

English Summary

Congress leader K. Sudhakaran criticised the Kerala government’s stance on the CMRL-Exalogic case involving former Chief Minister Pinarayi Vijayan. Sudhakaran demanded the government take further action, stating the Chief Minister and ministers have the authority to do so. He also affirmed party support for Mathew Kuzhalnadan, rejecting claims of isolation regarding his stance on the case.

Read News ⏭️

Back to top button