NEWS
ജർമനിയിൽ തീപിടിത്തത്തിൽ മരിച്ച മലയാളികളുടെ ചിത്രങ്ങൾ ദുരുപയോഗം ചെയ്തു? ഫ്രാങ്ക്ഫർട്ടിലെ പ്രതിഷേധത്തിനെതിരെ കടുത്ത വിമർശനം

ഫ്രാങ്ക്ഫർട്ട്∙ ജർമനിയിലെ ബോഹുമിൽ തീപിടിത്തത്തിൽ മരിച്ച മലയാളികളുടെ ചിത്രങ്ങൾ വിദ്യാർഥികളുടെ താമസപ്രശ്നവുമായി ബന്ധപ്പെട്ട സമരത്തിന്റെ പോസ്റ്ററിൽ ഉപയോഗിച്ചതിനെതിരെ വിമർശനം. ഒക്ടോബർ 18ന് ഫ്രാങ്ക്ഫർട്ടിൽ നടന്ന പ്രതിഷേധവുമായി ബന്ധപ്പെട്ട പോസ്റ്ററിലാണ് ബോഹുമിലെ ദുരന്തത്തിൽ മരിച്ചവരുടെ ചിത്രങ്ങൾ ഉൾപ്പെടുത്തിയതെന്നാണ് വിമർശനം. വിദ്യാർഥികളുടെ താമസസൗകര്യവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പൊതുജനശ്രദ്ധയിൽ കൊണ്ടുവരുന്നതിനായി മറ്റൊരു ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ ചിത്രങ്ങൾ ഉപയോഗിച്ചത് ഉചിതമാണോ എന്ന ചോദ്യമാണ് ഇതോടെ ഉയർന്നിരിക്കുന്നത്.വിദ്യാർഥികൾ നേരിടുന്ന താമസപ്രശ്നം ജർമനിയിൽ ഗൗരവമായി പരിഗണിക്കപ്പെടേണ്ട വിഷയമാണ്. താമസസൗകര്യങ്ങളുടെ ലഭ്യതക്കുറവ്, ഉയർന്ന വാടക, അനുയോജ്യമായ താമസസ്ഥലങ്ങൾ കണ്ടെത്തുന്നതിലെ ബുദ്ധിമുട്ടുകൾ തുടങ്ങിയ പ്രശ്നങ്ങൾ വിദ്യാർഥികളെ ബാധിക്കാം. ഇത്തരം വിഷയങ്ങളിൽ പ്രതിഷേധിക്കുകയും അധികൃതരുടെ ശ്രദ്ധ ക്ഷണിക്കുകയും ചെയ്യുന്നത് ജനാധിപത്യപരമായ അവകാശമാണ്. എന്നാൽ, ഒരു വിഷയത്തിൽ പിന്തുണ നേടുന്നതിനായി മറ്റൊരു ദുരന്തത്തിൽ മരിച്ചവരുടെ ചിത്രങ്ങൾ ഉപയോഗിക്കുമ്പോൾ അതിന്റെ സാമൂഹികവും മാനുഷികവുമായ പ്രത്യാഘാതങ്ങൾ കൂടി പരിഗണിക്കേണ്ടതുണ്ടെന്നാണ് ഉയരുന്ന വിമർശനം.∙ ഔസ്ലൻഡർബൈറാറ്റിന്റെ പങ്ക് എന്ത്? ജർമനിയിൽ താമസിക്കുന്ന വിദേശികളുടെ പ്രശ്നങ്ങൾ ബന്ധപ്പെട്ട അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തുന്നതിൽ ഔസ്ലൻഡർബൈറാറ്റ് (Ausländerbeirat) എന്നറിയപ്പെടുന്ന ഉപദേശക സമിതികൾക്ക് പങ്കുണ്ട്. വിദേശികൾ നേരിടുന്ന സാമൂഹികവും ഭരണപരവുമായ പ്രശ്നങ്ങൾ ചർച്ച ചെയ്യുക, അവരുടെ ആവശ്യങ്ങൾ പ്രാദേശിക ഭരണകൂടത്തെ അറിയിക്കുക, വിവിധ വിഷയങ്ങളിൽ നിർദേശങ്ങൾ നൽകുക തുടങ്ങിയവയാണ് ഇത്തരം സമിതികളുടെ പ്രധാന ചുമതലകളിൽപ്പെടുന്നത്.
Fashion ⏭️



