NEWS
അബ്കാരി കേസുകൾ എടുക്കരുതെന്ന് നർകോട്ടിക് കൺട്രോൾ ബ്യൂറോയ്ക്ക് ഉന്നത ഉദ്യോഗസ്ഥരുടെ നിർദേശം നിർദേശം

കോട്ടയം ∙ പുതിയതായി രൂപം നൽകിയ സ്റ്റേറ്റ് നർകോട്ടിക് കൺട്രോൾ ബ്യൂറോ സ്ക്വാഡിനോട് അബ്കാരിക്കേസുകൾ എടുക്കരുതെന്ന് ഉന്നത ഉദ്യോഗസ്ഥരുടെ നിർദേശം. ജില്ലാ എക്സൈസിലെ ആന്റി നർകോട്ടിക് സ്പെഷൽ സ്ക്വാഡിന്റെ പ്രവർത്തനം അവസാനിപ്പിച്ച് സ്ക്വാഡിലെ അംഗങ്ങളെ സ്റ്റേറ്റ് നർകോട്ടിക് കൺട്രോൾ ബ്യൂറോയുടെ ഭാഗമാക്കിയിരുന്നു. പിന്നാലെ അബ്കാരിക്കേസുകൾ എടുക്കരുതെന്ന് സ്ക്വാഡിലെ അംഗങ്ങൾക്ക് നിർദേശവും ലഭിച്ചു. കാക്കി യൂണിഫോമിന് പകരം പുതിയ യൂണിഫോമും നൽകുമെന്ന് കമ്മിഷണറേറ്റിൽ നിന്നറിയിച്ചു.എന്നാൽ ഇതുവരെ യൂണിഫോം ലഭിച്ചിട്ടില്ല. എക്സൈസ് കമ്മിഷണറേറ്റിലെ ഉദ്യോഗസ്ഥർക്ക് മാത്രമാണ് പുതിയ യൂണിഫോം നൽകിയത്. പുതിയ നിർദേശം വന്നതോടെ മുൻപ് ഇവർ ഉപയോഗിച്ചിരുന്ന കാക്കിയിട്ട് ജോലി ചെയ്യാനും കഴിയില്ല. എന്നാൽ ഇറങ്ങിയ ഉത്തരവിലെ സാങ്കേതിക വ്യക്തതക്കുറവാണ് അബ്കാരി കേസുകളുമായി ബന്ധപ്പെട്ട് ഉണ്ടായതെന്ന് എക്സൈസ് ഉന്നത ഉദ്യോഗസ്ഥർ അറിയിച്ചു. അബ്കാരി ആക്ട് അനുസരിച്ചാണ് ഉത്തരവിറങ്ങിയത്. ഏതാനും ദിവസത്തിനുള്ളിൽ പുതിയ നോട്ടിഫിക്കേഷൻ ഇറങ്ങും. ഇതോടെ അബ്കാരി കേസും എടുക്കാനാകും. ഉദ്യോഗസ്ഥർക്കുള്ള പുതിയ യൂണിഫോമും ജില്ലയിലെത്തുമെന്ന് ജില്ലാ എക്സൈസ് ഓഫിസ് അറിയിച്ചു.
Fashion ⏭️




