NEWS

പൊലീസ് മർദനമേറ്റ യുവാവ് ജീവനൊടുക്കിയെന്ന പരാതിയിൽ വഴിത്തിരിവ്: ‍പെൺകുട്ടിയെ ഭീഷണിപ്പെടുത്തുന്ന ശബ്ദസന്ദേശം പുറത്ത്


കൊടുങ്ങല്ലൂർ ∙ പൊലീസ് മർദനമേറ്റ യുവാവ് ജീവനൊടുക്കിയെന്ന പരാതിക്കു പിന്നാലെ സംഭവത്തിൽ വഴിത്തിരിവാകുന്ന ശബ്ദസന്ദേശം പുറത്ത്. എറിയാട് പിഎസ്എൻ കവല പഴൂപ്പറമ്പിൽ മുഹമ്മദ് അസ്‌ലം (18) ജീവനൊടുക്കിയ സംഭവത്തിൽ പരാതിക്കാരിയായ പെൺകുട്ടിയെയും സഹോദരിയെയും അസ്‍ലം ഭീഷണിപ്പെടുത്തുന്ന ശബ്ദസന്ദേശമാണു പെൺകുട്ടിയുടെ കുടുംബം പുറത്തുവിട്ടത്. സുഹൃത്തുക്കൾ ആയിരിക്കെ അസ്‌ലമുമായി ഒരുമിച്ച് എടുത്ത ഫോട്ടോയും വിവരങ്ങളും ഇൻസ്റ്റഗ്രാമിൽ അപ്‌ലോഡ് ചെയ്യുമെന്നും അതു വീട്ടുകാർക്ക് അയച്ചുനൽകുമെന്നും പറഞ്ഞ് അസ്‍ലം ഭീഷണിപ്പെടുത്തി പണം വാങ്ങിയെന്നു വ്യക്തമാക്കുന്ന സന്ദേശമാണ് ഇന്നലെ പുറത്തുവിട്ടത്. പരാതിയിൽ ഉറച്ചുനിൽക്കുമെന്നു പെൺകുട്ടിയുടെ കുടുംബം വ്യക്തമാക്കി.അസ്‍ലമിനെ മൂന്നു ദിവസം പൊലീസ് കസ്റ്റഡിയിൽ വച്ചെന്നും മർദിച്ചെന്നും പിതാവ് നൗഷാദ് സമൂഹമാധ്യമങ്ങളിലൂടെ ആരോപിച്ചതു വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിനു പിന്നാലെയാണു പെൺകുട്ടിയുടെ കുടുംബം ഭീഷണിസന്ദേശം പുറത്തുവിട്ടത്. അസ്‌ലം തന്റെ സുഹൃത്തിനയച്ച ഓഡിയോ സന്ദേശത്തിൽ പറയുന്നതിങ്ങനെ: ‘അവളുടെ ചേച്ചിയുടെ കയ്യിൽ നിന്നാണെങ്കിൽ 3 ലക്ഷം രൂപ പൈസയായിട്ടു ഞാൻ വാങ്ങിക്കും. നീ നോക്കിക്കോ. അതിനുള്ള വകുപ്പ് ഞാനുണ്ടാക്കും. ലീക്ക് ആവാണ്ടിരിക്കാൻ അവൾ പൈസ തരും. ഇവളെക്കാൾ പൈസ ചേച്ചിയുടെ കയ്യിലുണ്ടാകും. ഞാൻ ചിലപ്പോൾ കുറച്ചു കൂട്ടിയും പറയും. ഉറപ്പല്ലേ.’


Fashion ⏭️

Back to top button