NEWS
51,425 രൂപയല്ല, ഇനി 5000; വൈദ്യുതി കണക്ഷൻ നിരക്കിൽ 90% വരെ കുറവുമായി കെഎസ്ഇബി

തിരുവനന്തപുരം ∙ വൈദ്യുതി കണക്ഷൻ നിരക്കുകളിൽ 90% വരെ കുറവ് വരുത്തി കെഎസ്ഇബി. ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മിഷന്റെ ഉത്തരവ് പ്രകാരമാണ് നിരക്കുകൾ പുതുക്കി നിശ്ചയിച്ചത്. 2026 ഒക്ടോബർ 12 മുതൽ പണമടയ്ക്കുന്നവർക്ക് പുതിയ നിരക്കുകൾ പ്രാബല്യത്തിൽ വന്നു. പുതിയ സർവീസ് കണക്ഷൻ, കണക്റ്റഡ് ലോഡ് മാറ്റം, ഫേസ് മാറ്റം, ഹൈ ടെൻഷൻ കണക്ഷനുകൾ എന്നിവയ്ക്ക് എസ്റ്റിമേറ്റ് എടുക്കാതെ, ഓഫിസിലെത്താതെ പണമടയ്ക്കാനാകുന്ന നിരക്കുകളാണ് നിലവിൽ വന്നിരിക്കുന്നത്.നേരത്തെ കണക്ഷനായി ഓവർഹെഡ് ലൈനോ ഇലക്ട്രിക് പോസ്റ്റോ ട്രാൻസ്ഫോർമറോ പുതുതായി സ്ഥാപിക്കേണ്ടതുണ്ടെങ്കിൽ ചെലവ് മുഴുവനും ഉപഭോക്താവ് വഹിക്കേണ്ട സാഹചര്യമായിരുന്നു. പുതിയ നിരക്കുകൾ പ്രാബല്യത്തിലായതോടെ, ആവശ്യമായ കണക്ടഡ് ലോഡിനനുസരിച്ച് നിശ്ചയിച്ചിട്ടുള്ള തുക മാത്രം ഒടുക്കിയാൽ മതിയാകും. നിശ്ചയിച്ചിട്ടുള്ള തുക ഒരു ഫീൽഡ് പരിശോധനയും കൂടാതെ അപേക്ഷാ ഫീസിനൊപ്പം ഉടൻതന്നെ ഒടുക്കാനും കഴിയും. നിലവിലെ വൈദ്യുതി ലൈനിൽനിന്ന് 200 മീറ്റർ ദൂരപരിധിക്കുള്ളിലും (35 മീറ്റർ വെതർ പ്രൂഫ് വയർ പുറമേ) 1000 കെവിഎ വരെ കണക്റ്റഡ് ലോഡും ഉള്ള ഉപഭോക്താക്കളാണ് ആദ്യപടിയായി പെർ കെവിഎ നിരക്കിന്റെ പരിധിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഉപഭോക്താവ് ആവശ്യപ്പെടുന്ന കണക്റ്റഡ് ലോഡിനെ മാത്രം അടിസ്ഥാനമാക്കിയാണ് നിരക്കുകൾ നിശ്ചയിക്കപ്പെടുന്നത്.കണക്റ്റഡ് ലോഡിൽ മാറ്റമില്ലെങ്കിൽ സിംഗിൾ ഫേസിൽ നിന്നും ത്രീ ഫേസിലേക്കുള്ള മാറ്റത്തിന് കിലോവാട്ടിന് 700 രൂപ എന്ന നിരക്കിൽ പണമടച്ചാൽ മതിയാകും. ഇങ്ങനെ ഫേസ് മാറുമ്പോൾ ആകെ കണക്റ്റഡ് ലോഡ് 10 കിലോവാട്ടിന് മുകളിലുണ്ടെങ്കിൽ മാത്രം ലോഡ് വ്യത്യാസത്തിനുള്ള തുക അടച്ചാൽ മതി. പണമടയ്ക്കുന്നതിന് മുഴുവൻ കണക്റ്റഡ് ലോഡും പരിഗണിക്കേണ്ടതില്ല. അധികമായുള്ള ലോഡ് അഥവാ കോൺട്രാക്റ്റ് ഡിമാൻഡ് കണക്കാക്കി പണമടച്ചാൽ മതി. റിങ് മെയിൻ യൂണിറ്റ് ആവശ്യമില്ലാത്ത ഹൈ ടെൻഷൻ കണക്ഷന് 1800/ കെവിഎ എന്ന നിരക്കിൽ (പരമാവധി 5 ലക്ഷം രൂപ) പണമടച്ചാൽ മതി.
Fashion ⏭️




