NEWS
നെടുമ്പാശേരി കാർ അപകടം: സുഹൈൽ സജീവും സുഹൃത്തുക്കളും പൊലീസ് കസ്റ്റഡിയിൽ

കൊച്ചി ∙ നെടുമ്പാശേരിയിൽ മൂന്ന് പേരുടെ മരണത്തിനിടയാക്കിയ ആഡംബര കാർ അപകടക്കേസിൽ പ്രതികളായ സുഹൈൽ സജീവ് (19) ഉൾപ്പെടെ നാല് പേരെയും ഒരു ദിവസത്തെ െപാലീസ് കസ്റ്റഡിയിൽ വിട്ടു. നാളെ വൈകിട്ട് 5 മണിവരെയാണ് അങ്കമാലി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതി പ്രതികളെ കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്. കസ്റ്റഡി കാലാവധി നാളെ അവസാനിക്കുന്നതോടെ പ്രതികളുടെ ജാമ്യാപേക്ഷ വെള്ളിയാഴ്ച കോടതി പരിഗണിക്കും.കൊലപാതക കുറ്റത്തിന്റെ പരിധിയിൽ വരുന്ന ഗൂഢാലോചനയോ മുൻവൈരാഗ്യമോ അപകടത്തിന് പിന്നിലുണ്ടോ എന്ന് വ്യക്തമാകുന്നതിനാണ് പ്രതികളെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടത് എന്ന് പ്രോസിക്യൂഷൻ വാദിച്ചു. പ്രതികളുടെ പ്രായം ചൂണ്ടിക്കാണിച്ചായിരുന്നു പ്രതിഭാഗം അഭിഭാഷകർ വാദിച്ചത്. മരിച്ചവരും അതേ പ്രായത്തിലുള്ളവരും ഒരുപാട് സ്വപ്നങ്ങളും ഭാവിയുമുള്ളവരും ആയിരുന്നെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.സുഹൈൽ മദ്യപിച്ചിരുന്നു എന്നതു എഫ്ഐആറിൽ ഒഴിവാക്കിയതിനെതിരെ വലിയ വിമർശനം ഉയർന്നിരുന്നു. റിമാൻഡ് റിപ്പോർട്ടിൽ മദ്യപിച്ചിരുന്നു എന്ന കാര്യം പൊലീസ് ഉൾപ്പെടുത്തിയിട്ടുണ്ട്. ആലുവ റൂറൽ എസ്പി കെ.എസ്.സുദർശന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. ആലുവ ഡിവൈഎസ്പി ൈബജു കെ.പൗലോസിനാണ് അന്വേഷണ ചുമതല.
Fashion ⏭️




