AUTO

എൻജിനില്ല, ഗിയറുമില്ല! ജെറ്റ് എൻജിൻ കരുത്തിൽ പറക്കുന്ന ഹാർലി ഡേവിഡ്‌സൺ


ജെറ്റു പോലെ കുതിച്ചു പോവുന്ന വാഹനങ്ങള്‍ കണ്ടിട്ടുണ്ടാവും. എന്നാല്‍ ജെറ്റ് എന്‍ജിനുമായി കുതിക്കുന്ന വാഹനങ്ങള്‍ അധികമാരും കണ്ടിരിക്കാനിടയില്ല. പരമ്പരാഗത എന്‍ജിനും മറ്റു സംവിധാനങ്ങളുമെല്ലാം ഒഴിവാക്കി രണ്ട് ചെറിയ ജെറ്റ് ടര്‍ബൈനുകളില്‍ ഓടുന്ന വിധത്തില്‍ നിര്‍മിച്ച ഹാര്‍ലി ഡേവിഡ്‌സണ്‍ ബൈക്കാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ ശ്രദ്ധ നേടുന്നത്. പ്രമുഖ യുട്യൂബ് ചാനലായ ബെഡ്‌സ് ആന്റ് ബിയേഡ്‌സിനു വേണ്ടി വാര്‍പ്ഡ് എന്ന യുട്യൂബ് ചാനലിന്റെ ഉടമയായ മാറ്റ് ആണ് ഈ വ്യത്യസ്ത പരീക്ഷണം നടത്തിയത്. ഈ വാഹനം വിജയകരമായി ഓടിച്ച സംഘം മണിക്കൂറില്‍ ഏകദേശം 97 കിലോമീറ്റര്‍ വേഗം കൈവരിക്കുകയും ചെയ്തു.ഓരോ ടര്‍ബൈനും ഏകദേശം 336 ന്യൂട്ടണ്‍ ത്രസ്റ്റ് ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ളതായിരുന്നു. സാധാരണ മോട്ടോര്‍ സൈക്കിള്‍ എന്‍ജിനുകളില്‍ നിന്നും വ്യത്യസ്തമായി ഇവ ഗിയര്‍ബോക്‌സ് വഴിയോ ചെയിന്‍ വഴിയോ പിന്‍ചക്രവുമായി ബന്ധിപ്പിച്ചിട്ടില്ല. പകരം ടര്‍ബൈനുകള്‍ പുറത്തേക്ക് തള്ളുന്ന ശക്തമായ ഊര്‍ജ്ജത്തിന്റെ സഹായത്തിലാണ് വാഹനം മുന്നോട്ടു കുതിക്കുന്നത്. ഇതോടെ പരമ്പരാഗത ഡ്രൈവ്‌ട്രൈന്‍ സംവിധാനങ്ങളില്ലാതെ തന്നെ വാഹനം മുന്നോട്ടു പോവുന്നത് സാധ്യമാക്കുന്നു. ഏകദേശം 400 മണിക്കൂറിലേറെ സമയമെടുത്താണ് ഈ ഹാര്‍ലി ഡേവിഡ്‌സണ് ജെറ്റ് എന്‍ജിന്‍ പിടിപ്പിച്ചത്. ടര്‍ബൈന്‍ മൗണ്ടുകളും സുരക്ഷാ കവചങ്ങളും നിര്‍മിക്കുക, പുതി ഫ്യുവല്‍ സിസ്റ്റം തയ്യാറാക്കുക, എന്‍ജിന്‍ നിയന്ത്രിക്കാനുള്ള ഇലക്ട്രോണിക് സംവിധാനങ്ങള്‍ ഒരുക്കുക തുടങ്ങിയവയായിരുന്നു പ്രധാന ജോലികള്‍. ഇതിനായി ഹാര്‍ലി ഡേവിഡ്‌സണിന്റെ യഥാര്‍ഥ സ്വിച്ച് ഗിയറുകളും ഡിസ്‌പ്ലേകളും പുതിയ സംവിധാനത്തിന് അനുസരിച്ച് പരിഷ്‌ക്കരിക്കുകയും ചെയ്തു. ജെറ്റ് എന്‍ജിനുമായെത്തിയ ഹാര്‍ലി ഡേവിഡ്‌സണ് ഏകദേശം 159 കിലോഗ്രാമാണ് ഭാരം കണക്കാക്കുന്നത്. പരീക്ഷണ ഓട്ടത്തിനിടെ മണിക്കൂറില്‍ 97 കിലോമീറ്റര്‍ വേഗം കൈവരിച്ചെങ്കിലും ഇതിലും ഉയര്‍ന്ന വേഗതയില്‍ ഈ ബൈക്ക് ഓടിക്കാനാവുമെന്നാണ് ഷോണ്‍ കെറും സംഘവും അവകാശപ്പെടുന്നത്. ടര്‍ബൈന്‍ ത്രസ്റ്റിന്റെ കരുത്തില്‍ ബൈക്ക് ഓടിക്കാനാവുമെന്നതിന്റെ പരീക്ഷണമാണ് ഫലത്തില്‍ വിജയിച്ചത്. വേറിട്ടൊരു ആശയം സാധ്യമാക്കിയ എന്‍ജിനീയറിങ് പരീക്ഷണമായി വേണം ഹാര്‍ലി ഡേവിഡ്‌സണില്‍ റോക്കറ്റ് എന്‍ജിന്‍ഘടിപ്പിച്ചതിനെ കാണാന്‍. സാധാരണ ബൈക്കുകളില്‍ അനുഭവപ്പെടുന്ന വൈബ്രേഷനോ ഗിയര്‍ മാറ്റങ്ങളോ ഒന്നുമില്ലാത്ത ഈ ഹാര്‍ലി ഡേവിഡ്‌സണ്‍ ടര്‍ബൈനുകള്‍ നല്‍കുന്ന കുതിപ്പിലൂടെ തികച്ചും വ്യത്യസ്തമായ ഡ്രൈവിങ് അനുഭവമാണ് നല്‍കുന്നതെന്നാണ് ഈ വാഹനത്തിന്റെ നിര്‍മാതാക്കളുടെ അവകാശവാദം.


Sports ⏭️

Back to top button