BUSINESS
ആശുപത്രികളിലെ അപ്രതീക്ഷിത ബില്ലുകള്‍ക്ക് പൂട്ട്; ചികിത്സാ നിരക്ക് പരസ്യമായി പ്രദര്‍ശിപ്പിക്കാന്‍ കേന്ദ്ര ഉത്തരവ്

Treatment Charges: രാജ്യത്തെ എല്ലാ സര്‍ക്കാര്‍- സ്വകാര്യ ആശുപത്രികളിലും ചികിത്സകള്‍, സര്‍ജറികള്‍, റൂം വാടക എന്നിവയുടെ നിരക്കുകള്‍ റിസപ്ഷനിലും ഔദ്യോഗിക വെബ്സൈറ്റുകളിലും പരസ്യമായി പ്രദര്‍ശിപ്പിക്കണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം ഉത്തരവിട്ടു. ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്മെന്റ് ആക്ട് പ്രകാരമാണ് നടപടി. ഇതുവഴി അപ്രതീക്ഷിത ബില്ലിംഗ് തടഞ്ഞ് രോഗികള്‍ക്ക് ചികിത്സയ്ക്ക് മുമ്പുതന്നെ കൃത്യമായ ചെലവ് അറിയാന്‍ സാധിക്കും. പണം കരുതാനും, ചികിത്സ തീരുമാനിക്കാനും രോഗികള്‍ക്ക് അധികാരം നല്കുന്ന വലിയൊരു നടപടിയാണ് കേന്ദ്രം കൈകൊണ്ടിരിക്കുന്നത്. ആശുപത്രികളിലും ഇനി വിലവിവര പട്ടിക വരുന്നു.ഹോസ്പിറ്റലുകളില്‍ വിലവിവര പട്ടികരാജ്യത്തെ എല്ലാ ആശുപത്രികളിലും ചികിത്സകള്‍, മെഡിക്കല്‍ പരിശോധനകള്‍, ശസ്ത്രക്രിയകള്‍, റൂം വാടക എന്നിവയുടെ നിരക്കുകള്‍ കൃത്യമായി നിശ്ചയിക്കാനും, പ്രദര്‍ശിപ്പിക്കാനും കേന്ദ്ര ആരോഗ്യ മന്ത്രാലയം സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും നിര്‍ദേശം നല്കി.രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും എളുപ്പത്തില്‍ കാണാന്‍ കഴിയുന്ന രീതിയില്‍ റിസപ്ഷന്, ബില്ലിംഗ് കൗണ്ടര്‍, ആശുപത്രിയുടെ പ്രവേശന കവാടം എന്നിവിടങ്ങളില്‍ ഈ നിരക്കുകള്‍ പ്രദര്‍ശിപ്പിക്കണം. ഇതിനായി ഡിജിറ്റല്‍ ഡിസ്പ്ലേകളോ, ബോര്‍ഡുകളോ ഉപയോഗിക്കാം. കൂടാതെ ആശുപത്രികളുടെ ഔദ്യോഗിക വെബ്സൈറ്റുകളിലും ഈ നിരക്കുകള്‍ ലഭ്യമാക്കണം.ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്മെന്റ് ആക്ട് (Clinical Establishments Act) അല്ലെങ്കില്‍ ബന്ധപ്പെട്ട സംസ്ഥാന നിയമങ്ങള്‍ പ്രകാരമാണ് ഇത് നടപ്പിലാക്കേണ്ടത്.എന്തുകൊണ്ട് കേന്ദ്രത്തിന്റെ പുതിയ നീക്കംചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിക്കുന്ന സമയത്ത് പലപ്പോഴും രോഗികള്‍ക്കോ, കുടുംബത്തിനോ എത്ര രൂപ ചെലവാകുമെന്ന് മുന്‍കൂട്ടി അറിയാന്‍ നിലവില്‍ സാധിക്കുന്നില്ല. ഇത് ഡിസ്ചാര്‍ജ് സമയത്ത് കടുത്ത സമ്മര്‍ദമാകുന്നു. ചികിത്സയ്ക്ക് ശേഷം ബില്‍ ലഭിക്കുമ്പോള്‍ ഉണ്ടാകുന്ന വലിയ സാമ്പത്തിക ബുദ്ധിമുട്ടുകളും, അതുമൂലം ആശുപത്രികളും രോഗികളും തമ്മിലുണ്ടാകുന്ന തര്‍ക്കങ്ങളും ഒഴിവാക്കാനാണ് ഈ നിര്‍ദേശം.നിലവില്‍ ഓരോ ആശുപത്രിയിലും വിവിധ പരിശോധനകള്‍ക്കും, ചികിത്സകള്‍ക്കും വ്യത്യസ്ത നിരക്കുകളാണ് ഈടാക്കുന്നത്. കൂടാതെ ഇന്‍ഷുറന്‍സുള്ള രോഗികള്‍ക്ക് ഉയര്‍ന്ന നിരക്ക് ചുമത്തുന്നുവെന്നും ആരോപണം ശക്തമാണ്. നിരക്കുകള്‍ പരസ്യമായി പ്രദര്‍ശിപ്പിക്കുന്നതിലൂടെ ഈ കാര്യങ്ങളില്‍ ഒരു വ്യക്തത വരും.സാധാരണക്കാര്‍ക്ക് നേട്ടമാകുന്നത് എങ്ങനെഡോക്ടറുടെ ഫീസ്, റൂം വാടക, മറ്റ് സേവനങ്ങള്‍ എന്നിവയ്ക്ക് ഈടാക്കുന്ന തുക എത്രയാണെന്ന് ചികിത്സ തുടങ്ങുന്നതിന് മുമ്പു തന്നെ കൃത്യമായി മനസിലാക്കാന്‍ സാധിക്കും. മുന്‍കൂട്ടി ചെലവ് അറിയാന്‍ കഴിയുന്നതിനാല്‍ അതിനനുസരിച്ച് സാമ്പത്തിക കാര്യങ്ങള്‍ പ്ലാന്‍ ചെയ്യാന്‍ സാധിക്കും. ആശുപത്രി ബില്ലിംഗില്‍ കൂടുതല്‍ സുതാര്യത ഉറപ്പാക്കാം എന്നതാണ് ഏറ്റവും വലിയ നേട്ടം. തങ്ങളുടെ സാമ്പത്തിക ശേഷിക്ക് അനുയോജ്യമായ ചികിത്സയും, മുറികളും, മറ്റ് ഓപ്ഷനുകളും തിരഞ്ഞെടുക്കാന്‍ ഇത് അവസരം നല്കുന്നു.ചോദ്യങ്ങളുമായി സുപ്രീം കോടതിസര്ക്കാര് ആശുപത്രികളിലെയും, സ്വകാര്യ ആശുപത്രികളിലെയും ചികിത്സാ നിരക്കുകള്‍ തമ്മില്‍ വലിയ അന്തരമുള്ളത് എന്തുകൊണ്ടാണെന്ന് സുപ്രീം കോടതി അടുത്തിടെ ചോദ്യം ഉന്നയിച്ചിരുന്നു. ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്മെന്റ് ആക്ട് നിലവില്‍ വന്ന് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും സ്വകാര്യ ആശുപത്രികളിലെ നിരക്കുകള്‍ ഏകീകരിക്കാന്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ക്ക് എന്തുകൊണ്ട് സാധിക്കുന്നില്ലെന്നും കോടതി വിമര്‍ശനം ഉന്നയിച്ചിരുന്നു.സ്വകാര്യ കോര്‍പ്പറേറ്റ് ആശുപത്രികളില്‍ ജീവന്‍രക്ഷാ മരുന്നുകള്‍ക്കും, ഉപകരണങ്ങള്‍ക്കും യഥാര്‍ത്ഥ വിലയേക്കാള്‍ പലമടങ്ങ് കൂടിയ തുക (ഉയര്‍ന്ന MRP ചൂണ്ടിക്കാട്ടി) ഈടാക്കുന്നതിനെയും കോടതി ചോദ്യം ചെയ്തു. ആശുപത്രി നിരക്കുകള്‍ ന്യായമായ രീതിയില്‍ ഏകീകരിച്ചില്ലെങ്കില്‍ രാജ്യത്തെ എല്ലാ സ്വകാര്യ ആശുപത്രികളിലും സി.ജി.എച്ച്.എസ് (CGHS – കേന്ദ്ര സര്‍ക്കാര്‍ ആരോഗ്യ പദ്ധതി) നിരക്കുകള്‍ കര്‍ശനമായി നടപ്പിലാക്കാന്‍ നിര്‍ബന്ധിതരാകുമെന്ന് കോടതി മുന്നറിയിപ്പ് നല്‍കിയിരുന്നു.ശ്രദ്ധിക്കേണ്ട കാര്യങ്ങള്നിര്ദേശം പ്രാബല്യത്തില്‍ വരുന്നതോടെ ആശുപത്രിയില്‍ ചികിത്സ തേടുന്നതിന് മുമ്പായി നിരക്കുകള്‍ മനസിലാക്കുക. വിവിധ ആശുപത്രികളുടെ നിരക്കുകള്‍ അവരുടെ വെബ്സൈറ്റുകള്‍ സന്ദര്‍ശിച്ച് താരതമ്യം ചെയ്യാനും സാധിക്കും. പരിശോധനകള്‍ക്കും, സേവനങ്ങള്‍ക്കുമുള്ള നിരക്ക് ആശുപത്രികളില്‍ കൃത്യമായി പ്രദര്‍ശിപ്പിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തുക. ഇത് രോഗിയുടെ അവകാശമാണ്. അമിത ബില്‍ ഈടാക്കുന്നതായി ശ്രദ്ധയില്‍ പെട്ടാല്‍ ചോദ്യം ചെയ്യാനുള്ള വ്യക്തത ഈ നിരക്ക് പട്ടികയിലൂടെ ലഭിക്കും.(മുകളില്‍ പറഞ്ഞ വിവരങ്ങള്‍ ലഭ്യമായ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ്. കൂടുതല്‍ വ്യക്തത വരുത്താവുന്നതാണ്.)
Read News



