NEWS
മാസപ്പടിയിൽ കേസെടുത്ത് വിജിലൻസ്; പിണറായിയും റിയാസും ഒന്നാം പ്രതികൾ, വീണ രണ്ടാം പ്രതി

തിരുവനന്തപുരം∙ സിഎംആർഎൽ – എക്സാലോജിക് സാമ്പത്തിക ഇടപാടിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) കത്തിന്റെ അടിസ്ഥാനത്തിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനും മകൾ വീണയ്ക്കും ഭർത്താവും മുൻ മന്ത്രിയുമായ പി.എ. മുഹമ്മദ് റിയാസിനുമെതിരെ വിജിലൻസ് എഫ്ഐആർ റജിസ്റ്റർ ചെയ്തു. രണ്ടു കേസുകളാണ് റജിസ്റ്റർ ചെയ്തത്. ആദ്യ കേസ് സിഎംആർഎൽ – എക്സാലോജിക് സാമ്പത്തിക ഇടപാട് സംബന്ധിച്ചാണ്. ഇതിൽ പിണറായി ഒന്നാം പ്രതിയും വീണ രണ്ടാം പ്രതിയുമാണ്. രണ്ടാമത്തേത് റിയാസ് മന്ത്രിയായിരുന്നപ്പോൾ അഴിമതി പണം വിദേശത്തേക്കു കടത്തിയെന്ന കേസാണ്. ഇൗ കേസിൽ റിയാസ് ഒന്നാം പ്രതിയും വീണ രണ്ടാം പ്രതിയുമാണ്. അഴിമതി നിരോധന നിയമപ്രകാരമാണ് കേസ്. കേസ് അന്വേഷണത്തിനായി പ്രത്യേക സംഘവും ഇന്ന് രൂപീകരിക്കും. ഇ.ഡി സംസ്ഥാന ഡിജിപിക്കു നൽകിയ കത്തിന്റെ അടിസ്ഥാനത്തിൽ നേരിട്ടു കേസെടുത്ത് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിലായിരുന്നു വിജിലൻസ് അന്വേഷണത്തിന് ഹൈക്കോടതിയുടെ ഉത്തരവ്. ഇ.ഡി കത്തിലെ വിവരങ്ങളെക്കുറിച്ച് അന്വേഷിക്കാൻ പ്രത്യേക സംഘം രൂപീകരിച്ച ഡിജിപിയുടെ ഉത്തരവും ജസ്റ്റിസ് എ.ബദറുദ്ദീൻ റദ്ദാക്കിയിരുന്നു.
Fashion ⏭️




