NEWS
മൂന്ന് ഇന്ത്യക്കാർ തീവ്രപരിചരണ വിഭാഗത്തിൽ; സഖ്യസേനയുടെ കടുത്ത തിരിച്ചടിക്ക് കളമൊരുങ്ങുന്നു, യുഎസും പങ്കാളിയാകും?

റിയാദ്∙ സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിലെ കിങ് ഖാലിദ് രാജ്യാന്തര വിമാനത്താവളത്തിനു നേരെ കഴിഞ്ഞ ദിവസവും ആക്രമണം നടന്നതിൽ ആശങ്ക. കഴിഞ്ഞ ദിവസം ഹൂതി വിമതർ നടത്തിയ രൂക്ഷമായ ആക്രമണത്തിന്റെ തുടർച്ചയായി ഇന്നലെ വൈകിട്ടും വിമാനത്താവളത്തിലെ നാലാം ടെർമിനലിലേക്ക് പ്രൊജക്റ്റൈൽ പതിച്ച് വലിയ തീപിടിത്തമുണ്ടായി. വിമാനത്താവളത്തിനു സമീപത്തേക്ക് കുതിച്ചെത്തിയ ക്രൂസ് മിസൈൽ സൗദി വ്യോമസേന തകർത്തതായി സഖ്യസേന വക്താവ് മേജർ ജനറൽ തുർക്കി അൽ മാലിക്കി അറിയിച്ചു. പുതിയ ആക്രമണത്തിലും ഏതാനും പേർക്ക് പരുക്കേറ്റിട്ടുണ്ട്.ശനിയാഴ്ച റിയാദ് വിമാനത്താവളത്തിലുണ്ടായ അതിരൂക്ഷമായ ആക്രമണത്തിൽ കൊല്ലപ്പെട്ട 12 പേരിൽ ഒരു ഇന്ത്യക്കാരനും ഉൾപ്പെടുന്നുവെന്ന് റിയാദിലെ ഇന്ത്യൻ എംബസി സ്ഥിരീകരിച്ചു. പരുക്കേറ്റ മറ്റ് 11 ഇന്ത്യക്കാരിൽ മൂന്നുപേർ തീവ്രപരിചരണ വിഭാഗത്തിൽ (ഐസിയു) തുടരുകയാണ്. രണ്ടുപേർ വാർഡിൽ ചികിത്സയിലുള്ളപ്പോൾ ബാക്കിയുള്ളവർ ആശുപത്രി വിട്ടു. പരുക്കേറ്റവരിൽ ഉംറ തീർഥാടനത്തിനായി ജിദയിലേക്ക് തിരിക്കാനിരുന്ന ഒമാനി ഡോക്ടറും ആറ് പാക്കിസ്ഥാൻ പൗരന്മാരും ഉൾപ്പെടുന്നു. കൊല്ലപ്പെട്ടവരിൽ ഉംറ തീർഥാടകരും ഉണ്ടെന്ന് റിപ്പോർട്ടുകളുണ്ട്.∙ട്രംപിന്റെ മുന്നറിയിപ്പ്; രാജ്യാന്തര തലത്തിൽ അമർഷം നാവിക-വ്യോമ ഗതാഗത കേന്ദ്രങ്ങൾക്ക് നേരെയുള്ള ഹൂതികളുടെ ആക്രമണത്തെ ‘പൂർണമായ യുദ്ധക്കുറ്റം’ എന്നാണ് സൗദി സഖ്യസേന വിശേഷിപ്പിച്ചത്. ഹൂതികൾക്കെതിരായ സൈനിക തിരിച്ചടിയിൽ സൗദിയോടൊപ്പം യുഎസും പങ്കാളിയാകുന്നത് പരിഗണനയിലാണെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വ്യക്തമാക്കി. ഇത് മേഖലയിൽ ഇറാൻ വിഷയം കൂടുതൽ രൂക്ഷമാകുമെന്ന ആശങ്ക വർധിപ്പിച്ചിട്ടുണ്ട്. ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു ആക്രമണത്തെ ശക്തമായ ഭാഷയിൽ അപലപിച്ചു. സൗദി അറേബ്യ, ഈജിപ്ത്, പാക്കിസ്ഥാൻ, തുർക്കി എന്നീ രാജ്യങ്ങൾ സംയുക്ത പ്രസ്താവനയിലൂടെ പ്രതിഷേധം അറിയിച്ചു.
Fashion ⏭️




