NEWS

കുരുമുളകുകൃഷിക്ക് കാലദോഷം, പൊന്നുംവിലയിലും ഉത്പാദനം താഴേക്ക്, നേട്ടമില്ലാതെ കർഷകർ

തിരുവനന്തപുരം: കുരുമുളകുപെരുമയുടെ പ്രഭ മങ്ങിയതിന് പിന്നാലെ, കിലോയ്ക്ക് 50 മുതൽ നൂറ് രൂപ വരെ വിലയുയർന്നിട്ടും ഉത്പാദനം കുറഞ്ഞതിനാൽ നേട്ടമില്ലാതെ കർഷകർ. ക്വിന്റലിന് 70,700 രൂപയാണ് (കിലോയ്ക്ക് 707രൂപ) കഴിഞ്ഞദിവസത്തെ വില. ഗാർബിൾഡ് കുരുമുളകിന് 72,700 രൂപയാണ് (കിലോയ്ക്ക് 727) വില. കൃഷിവിസ്തൃതിയിൽ കുറവില്ലെങ്കിലും ചെടികൾ തിരിയിടുന്ന സമയത്തുണ്ടായ വരൾച്ചയും, പിന്നാലെ പെയ്ത കാലംതെറ്റിയ മഴയുമാണ് ഉത്പാദനക്കുറവിന് പിന്നിൽ. മുൻവർഷങ്ങളിൽ ഒരു ഹെക്ടറിൽ നിന്ന് 422 കിലോ കുരുമുളക് ലഭിച്ചിരുന്ന സ്ഥാനത്ത് നിലവിൽ അത് ഹെക്ടറിന് 311 കിലോയായി. കൃഷിമന്ത്രാലയത്തിന്റെ കണക്ക് പ്രകാരം 2023-24ൽ ഉത്പാദനം 30,798 ടണ്ണായിരുന്നു. 2024-25 ൽ 24,638 ടണ്ണായും 2025-26 ൽ അത് 21,714 ടണ്ണിലേക്കും കൂപ്പുകുത്തി. തോട്ടങ്ങളിലെ ദ്രുതവാട്ടം, മഞ്ഞളിപ്പ്, പൊള്ളുരോഗം പോലുള്ള ഫംഗസ് രോഗങ്ങൾ ചെടി നശിക്കാൻ കാരണമായി. ആഭ്യന്തര- വിദേശ വിപണികളിൽ ആവശ്യകത വർദ്ധിച്ചതാണ് വില കൂട്ടിയത്.

 കർണാടക ഒന്നാമത്

ഇന്ത്യയിലെ ആകെ കുരുമുളക് ഉത്പാദനത്തിന്റെ ഏകദേശം പകുതിയോളവും കർണാടകയിൽ നിന്നാണ്. കേരളം രണ്ടാമതാണ്. കൂടുതൽ കുരുമുളക് ഉത്പാദിപ്പിക്കുന്നതും കൂടുതൽ കൃഷിസ്ഥലമുള്ളതും ഇടുക്കിയിലാണ്. ‘കുരുമുളക് പാത്രം” എന്നറിയപ്പെട്ടിരുന്ന വയനാട്ടിലും ഉത്പാദനം കുറഞ്ഞു.

 കേരളത്തിലെ കൃഷി

(2024-2025ൽ 2025-2026ൽ ക്രമത്തിൽ)

കൃഷിവിസ്തൃതി : 69,891 – 69,534 (ഹെക്ടർ)
ഉത്പാദനം : 24,638 – 21,714 (മെട്രിക് ടണ്ണിൽ)
ഉത്പാദനക്ഷമത : 422 – 311 (കിലോ / ഹെക്ടറിൽ).

 ഉത്പാദനക്കുറവിന് പിന്നിൽ

കാലാവസ്ഥാ മാറ്റം, പ്രളയം
കീടബാധയും രോഗങ്ങളും
ഇറക്കുമതിയെയും ഡിമാൻഡ് കുറവിനെയും തുടർന്നുള്ള കൃഷി ഉപേക്ഷിക്കൽ
മറ്റുകൃഷികളിലേക്കുള്ള മാറ്റം

ഒന്നര പതിറ്റാണ്ടിലെ കുറവ്

കൃഷിയിൽ 15 % ഓളം (ഹെക്ടറിൽ)

2014-15 85,431
2023-24 72,669

ഉത്പാദനത്തിൽ 25% (ടണ്ണിൽ)

40,690 (2014-15)
30,798 (2023-24)

(ലോകസഭയിലെ കണക്ക് – 2025)

Read News ⏭️

Back to top button