SPORTS
‘കത്തിക്കയറി’ ഉത്തപ്പ, ‘മിന്നി’ ബിന്നി; പക്ഷേ ദക്ഷിണാഫ്രിക്കയോടെ തോറ്റ് ഇന്ത്യ; യുവിയും ഡിവില്ലിയേഴ്സും ‘ഡക്ക്’– വിഡിയോ

ഷാർജ ∙ ഇരു ടീമുകളുടെയും ക്യാപ്റ്റന്മാർ ‘സംപൂജ്യരായി’ മടങ്ങിയ മത്സരത്തിൽ ഒടുവിൽ വിജയം ദക്ഷിണാഫ്രിക്കയ്ക്ക്. ലോക ലെജൻഡ്സ് ചാംപ്യൻഷിപ് മത്സരത്തിൽ ഇന്ത്യ ചാംപ്യൻസിനെ നാലു വിക്കറ്റിനാണ് ദക്ഷിണാഫ്രിക്ക ചാംപ്യൻസ് തോൽപ്പിച്ചത്. ഇന്ത്യ ഉയർത്തിയ 197 റൺസ് വിജയലക്ഷ്യം 18.5 ഓവരിൽ ആറു വിക്കറ്റ് നഷ്ടത്തിലാണ് ദക്ഷിണാഫ്രിക്ക മറികടന്നത്. അർധസെഞ്ചറി നേടിയ ജെ.പി.ഡുമിനി (34 പന്തിൽ 66) ആണ് ദക്ഷിണാഫ്രിക്കയുടെ വിജയശിൽപി. കോളിൻഗ്രാം 24 പന്തിൽ 40 റൺസെടുത്തു. കഴിഞ്ഞ മത്സരത്തിൽ സെഞ്ചറി നേടിയ ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ എ.ബി.ഡിവില്ലിയേഴ്സ് പൂജ്യത്തിന് പുറത്തായി. ഇന്ത്യൻ ക്യാപ്റ്റൻ യുവരാജ് സിങ് ‘ഗോൾഡൻ ഡക്കായി’. ജയത്തോടെ മൂന്നു മത്സരങ്ങളിൽ മൂന്നു ജയവുമായി ദക്ഷിണാഫ്രിക്ക ഒന്നാമതായി. ഒരു മത്സരം മാത്രം ജയിച്ച ഇന്ത്യ നാലാമതാണ്.ആദ്യ മത്സരത്തിൽ അർധസെഞ്ചറി നേടിയ ഇന്ത്യയെ വിജയത്തിലെത്തിച്ച യുവിയുടെ പുറത്താകൽ തിരിച്ചടിയായി. തൊട്ടടുത്ത ഓവറിൽ തന്നെ ഉത്തപ്പയും വീണു. നാലാം വിക്കറ്റിൽ ഒന്നിച്ച സ്റ്റുവർട്ട് ബിന്നി (30 പന്തിൽ 50), യൂസഫ് പഠാൻ (23 പന്തിൽ 24) എന്നിവരുടെ ബാറ്റിങ്ങാണ് ഇന്ത്യയെ ഭേദപ്പെട്ട സ്കോറിലെത്തിച്ചത്. അഞ്ച് സിക്സും രണ്ടു ഫോറും സഹിതമാണ് ബിന്നി അർധസെഞ്ചറി നേടിയത്. ഇർഫാൻ പഠാൻ (8 പന്തിൽ 8), ഋഷി ധവാൻ (3 പന്തിൽ 4), പവൻ നേഗി (4 പന്തിലൽ 8) എന്നിവർക്കാർക്കും കാര്യമായ സംഭാവന നൽകാനായില്ല.
Auto ⏭️




