SPORTS

വയസ്സ് 42, നേരിട്ട പന്തുകൾ 40; 111 റൺസുമായി ‘കത്തിക്കയറി’ എബിഡി, ഓസീസിന്റെ ‘കൂറ്റൻ’ ലക്ഷ്യം വെറും നിസ്സാരം– വിഡിയോ


ഷാർജ ∙ വിരമിച്ചിട്ട് എട്ടു വർഷം കഴിഞ്ഞു; എന്നാൽ ഗ്രൗണ്ടിലിറങ്ങിയാൽ എതിർ ടീമുകൾക്ക് ‘എട്ടിന്റെ പണി’ കൊടുക്കുന്ന ശീലത്തിന് ഇപ്പോഴും മാറ്റമില്ല. പറഞ്ഞുവരുന്നത്, ദക്ഷിണാഫ്രിക്കൻ മുൻ താരം 42 വയസ്സുകാരൻ എ.ബി.ഡിവില്ലിയേഴ്സിനെക്കുറിച്ചാണ്. ലോക ലെ‍ജൻഡ്സ് ചാംപ്യൻഷിപ്പിലാണ് ഇത്തവണ എബിഡി കത്തിക്കയറിയത്. തന്റെ പ്രതാപ കാലത്തെ അനുസ്മരിപ്പിക്കുന്ന വിധം, വെറും 40 പന്തിൽ 111 റൺസാണ് ഡിവില്ലിയേഴ്സ് അടിച്ചുകൂട്ടിയത്. എബിഡിയുടെ സെഞ്ചറിക്കരുത്തിൽ ഓസ്ട്രേലിയ ചാംപ്യൻസിനെ എട്ടു വിക്കറ്റിനാണ് ദക്ഷിണാഫ്രിക്ക ചാംപ്യൻസ് തകർത്തത്. ഇതാദ്യമായല്ല ഡിവില്ലിയേഴ്സ് ലെജൻഡ്‌സ് ചാംപ്യൻഷിപ്പിൽ തിളങ്ങുന്നത്. 2025 സീസണിൽ ആറു മത്സരങ്ങളിൽ നിന്ന് 220 സ്ട്രൈക്ക് റേറ്റിൽ 429 റൺസ് നേടി ഡിവില്ലിയേഴ്സ് തന്നെയായിരുന്നു ടോപ് സ്കോറർ. മൂന്നു സെഞ്ചറികളും ഒരു അർധസെഞ്ചറിയുമാണ് താരം നേടിയത്. രാജ്യാന്തര ഏകദിനത്തിലെ വേഗമേറിയ സെഞ്ചറി ഡിവില്ലിയേഴ്സിന്റെ പേരിലാണ്. 2015ൽ വെസ്റ്റിൻഡീസിനെതിരെ 31 പന്തിലാണ് എബിഡി സെഞ്ചറി നേടിയത്.


Auto ⏭️

Back to top button