LIFESTYLE

ഹൃദയം നിറച്ച സർപ്രൈസ്: എത്ര കാശുണ്ടാക്കിയാലും ഈ നിമിഷത്തിന് പകരം വയ്ക്കാൻ മറ്റൊന്നില്ല; വൈറൽ വിഡിയോ


ഉയർന്ന ശമ്പളം, മെച്ചപ്പെട്ട ജീവിതസാഹചര്യങ്ങൾ, കരിയറിലെ വളർച്ച…ഇവ ലക്ഷ്യമിട്ടാണ് ലക്ഷക്കണക്കിന് ആളുകൾ ജന്മനാട് ഉപേക്ഷിച്ച് വിദേശരാജ്യങ്ങളിലേക്ക് ചേക്കേറുന്നത്. എന്നാൽ, ഇതിനെല്ലാം അപ്പുറം സ്വന്തം നാടും കുടുംബവും അകലെയാകുമ്പോൾ അനുഭവപ്പെടുന്ന ശൂന്യത എത്ര വലുതാണെന്ന് ചിന്തിച്ചിട്ടുണ്ടോ? പിറന്നാളുകൾ, ആഘോഷങ്ങൾ, മറ്റ് പ്രധാന കുടുംബവിശേഷങ്ങൾ എന്നിവയിൽ പങ്കെടുക്കാൻ കഴിയാതെ പോകുമ്പോഴുണ്ടാകുന്ന വിങ്ങൽ ഓരോ പ്രവാസിയുടെയും ഉള്ളിലെ മായാത്ത മുറിവാണ്. കാനഡയിൽ താമസിക്കുന്ന പ്രതീക് ചൗധരി എന്ന ഇന്ത്യക്കാരന്റെ അനുഭവവും, അതിനെത്തുടർന്ന് അദ്ദേഹം നടത്തിയ അപ്രതീക്ഷിത യാത്രയും ഇന്ന് സമൂഹമാധ്യമത്തിൽ വലിയ ചർച്ചകൾക്കാണ് വഴിതുറന്നിരിക്കുന്നത്.‘എന്തിനാണ് ഇത്രയും ദൂരം വന്ന് പണം സമ്പാദിക്കുന്നത്’? തന്റെ കുടുംബം ഇന്ത്യയിൽ പുതിയൊരു വീട് വാങ്ങിയതിന്റെയും അതിന്റെ ഗൃഹപ്രവേശന ചടങ്ങ് നടക്കുന്നതിന്റെയും സന്തോഷത്തിലായിരുന്നു പ്രതീക്. എന്നാൽ കാനഡയിലെ ജോലിയും ജീവിതസാഹചര്യങ്ങളും കാരണം ചടങ്ങിൽ നേരിട്ട് പങ്കെടുക്കാൻ കഴിയില്ലെന്ന യാഥാർഥ്യം അദ്ദേഹത്തെ തളർത്തി. ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ഒരു വിഡിയോയിലൂടെയാണ് അദ്ദേഹം തന്റെ മനസ്സിലെ കനത്ത നിരാശയും വിഷമവും ലോകത്തോട് പങ്കുവച്ചത്.‘വിദേശത്ത് താമസിക്കുന്നതിലെ ഏറ്റവും മോശം കാര്യമാണിത്’, പണം നൽകി വിമാന ടിക്കറ്റ് എടുക്കാൻ ശേഷിയുണ്ടായിട്ടും, കൃത്യസമയത്ത് ഓടിയെത്താനോ ആഘോഷത്തിന്റെ ഭാഗമാകാനോ കഴിയുന്നില്ലെങ്കിൽ പ്രവാസജീവിതം കൊണ്ടും ഇത്രയധികം പണം സമ്പാദിക്കുന്നത് കൊണ്ടും എന്താണ് അർഥമെന്ന് പ്രതീക് വൈകാരികമായി ചോദിച്ചു.‘ഇന്ത്യയിൽ ഞങ്ങൾ ഒരു പുതിയ വീട് വാങ്ങി, അവിടെ ഗൃഹപ്രവേശന ചടങ്ങ് നടക്കുകയാണ്. എന്നാൽ എനിക്ക് അതിൽ പങ്കെടുക്കാൻ സാധിക്കുന്നില്ല. പണം മുടക്കി ടിക്കറ്റ് എടുത്തിട്ടും പോകാൻ കഴിയുന്നില്ലെങ്കിൽ, ഇത്രയും ദൂരം യാത്ര ചെയ്യുന്നതിലും കുടുംബത്തിൽ നിന്ന് അകന്ന് ജീവിക്കുന്നതിലും കൂടുതൽ പണം സമ്പാദിക്കുന്നതിലും എന്ത് അർഥമാണുള്ളത്?’ പ്രതീകിന്റെ ഈ ചോദ്യം ഏതൊരു പ്രവാസിയുടെയും നെഞ്ചിൽ തട്ടുന്ന ഒന്നായിരുന്നു. ജോലിത്തിരക്കുകളും ദൂരക്കൂടുതലും കാരണം ജന്മനാട്ടിലെ ആഹ്‌ലാദ നിമിഷങ്ങളിൽ പങ്കാളിയാകാൻ കഴിയാതെ പോകുന്നതിന്റെ അഗാധമായ നിരാശയായിരുന്നു അദ്ദേഹത്തിന്റെ വാക്കുകളിൽ നിറഞ്ഞുനിന്നത്.ഒരു സർപ്രൈസ് യാത്ര എന്നാൽ, വീടിന്റെ ഗൃഹപ്രവേശന ചടങ്ങ് വെറുമൊരു വിഡിയോ കോളിലൂടെ കണ്ടുതീർക്കാൻ പ്രതീക് തയാറായില്ല. നിരാശയെ തരണം ചെയ്തുകൊണ്ട് അദ്ദേഹം പെട്ടെന്നൊരു തീരുമാനമെടുത്തു – ഇന്ത്യയിലേക്ക് വിമാനം കയറുക!‘പ്രധാനപ്പെട്ട നിമിഷങ്ങൾ നഷ്ടപ്പെടുത്തരുത്; കുടുംബത്തെ അപ്രതീക്ഷിതമായി സന്തോഷിപ്പിക്കണം. ദൂരെ താമസിക്കുന്നതിന്റെ ഏറ്റവും വലിയ ഗുണവും അതാണ് – എപ്പോൾ വേണമെങ്കിലും പെട്ടെന്നൊരു ദിവസം നമുക്ക് അവരെ കാണാനെത്താം!’ പ്രതീക് വിഡിയോയിൽ പറയുന്നു. തുടർന്ന്, കാനഡയിൽ നിന്ന് ഇന്ത്യയിലേക്കുള്ള അദ്ദേഹത്തിന്റെ യാത്രയും, ആരുമറിയാതെ വീട്ടിലെത്തി കുടുംബാംഗങ്ങളെ അമ്പരപ്പിക്കുന്നതും സന്തോഷത്താൽ കണ്ണുനിറയുന്നതുമായ വൈകാരിക രംഗങ്ങൾ വിഡിയോയിൽ കാണാം. വിദേശജീവിതത്തിലെ ത്യാഗങ്ങളെക്കുറിച്ച് പറഞ്ഞു തുടങ്ങിയ വിഡിയോ, ഒടുവിൽ വലിയൊരു കുടുംബസംഗമത്തിന്റെ സന്തോഷനിമിഷമായി മാറി.


Cinema ⏭️

Back to top button