BUSINESS

വേണം, ജില്ലയ്ക്ക് ഒരു വികസന കർമപദ്ധതി! മലപ്പുറം ബിസിനസ് കോൺക്ലേവ് 10ന്


മലപ്പുറം ജില്ലയുടെ വികസനത്തിന്റെ ദിശ നിർണയിക്കാനും വളർച്ചയ്ക്ക് കർമപദ്ധതി തയാറാക്കാനുമായി മലയാള മനോരമ, മലപ്പുറം ചേംബർ ഓഫ് കൊമേഴ്സുമായി ചേർന്ന് ബിസിനസ് കോൺക്ലേവ് സംഘടിപ്പിക്കുന്നു. 10ന് മലപ്പുറം വുഡ്ബൈൻ ഫോളിയേജിൽ നടക്കുന്ന കോൺക്ലേവിൽ വിവിധ മേഖലയിൽ നിന്നുള്ള പ്രമുഖർ ജില്ലയുടെ വികസന കുതിപ്പിനു ഗതിവേഗം നൽകുന്ന നിർദേശങ്ങൾ ചർച്ച ചെയ്യും. മുഖ്യമന്ത്രി വി.ഡി.സതീശൻ, മന്ത്രിമാരായ പി. കെ.കുഞ്ഞാലിക്കുട്ടി, എ.പി.അനിൽകുമാർ, പി.കെ.ബഷീർ, കെ.എം.ഷാജി, ഇ.ടി.മുഹമ്മദ് ബഷീർ എംപി, കോട്ടയ്ക്കൽ ആര്യവൈദ്യശാല മാനേജിങ് ട്രസ്റ്റി ഡോ.പി.എം.വാരിയർ എന്നിവർ കോൺക്ലേവിന്റെ ഭാഗമാകും. വ്യവസായ വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി മുഹമ്മദ് ഹനീഷ് ആണ് കോൺക്ലേവ് ഡയറക്ട‌ർ. ക്ഷണിക്കപ്പെട്ട അതിഥികൾക്കു മാത്രമാണു പ്രവേശനം. പോപ്പീസ് ബേബി കെയറാണ് മുഖ്യ സ്പോൺസർ. കെവിആർ മാരുതിയും കേരള ഗ്രാമീണ ബാങ്കും സഹ സ്പോൺസർമാരാണ്.മലപ്പുറത്തിന്റെ സമഗ്ര വികസനം ചർച്ച ചെയ്യുന്ന 10 സെഷനുകളാണ് കോൺക്ലേവിന്റെ ഭാഗമായി നടക്കുക. ഇതിൽ 4 പ്രീ-കോൺക്ലേവ് സെഷനുകൾ 9ന് നടക്കും. ‘മലപ്പുറത്തിന്റെ സ്‌റ്റാർട്ടപ്പ് ഇക്കോ സിസ്റ്റ‌വും യുവാക്കളും’, ‘ജില്ലയുടെ കായിക പ്രേമത്തെ ആഗോള കായിക സമ്പദ്‍വ്യവസ്‌ഥയിലേക്കു കണ്ണിചേർക്കൽ’, ‘വനിതാ ശാക്തീകരണവും തൊഴിലിടങ്ങളിലെ തുല്യതയും’, ‘ജില്ലയിലെ വിദ്യാഭ്യാസ മേഖലയെ ലോകോത്തരമാക്കുന്നതിനുള്ള മാർഗങ്ങൾ’ തുടങ്ങിയ വിഷയങ്ങളാണ് പ്രീ-കോൺക്ലേവ് സെഷനുകളിൽ ചർച്ച ചെയ്യുക. അതതു മേഖലയിൽ വ്യക്തിമുദ്ര പതിപ്പിച്ച വിദഗ്‌ധർ പങ്കെടുക്കും.’അടിസ്ഥാന സൗകര്യ വികസനം’, “സംരംഭകത്വവും ചെറുകിട വ്യവസായവും’, ‘കണക്ടിവിറ്റി പ്രശ്‌നങ്ങൾ’, ‘മെഡിക്കൽ ആൻഡ് വെൽനെസ് ടൂറിസം’, ‘ജില്ലയുടെ വികസനത്തിൽ പ്രവാസികളുടെ പങ്കും റിവേഴ്സ‌് മൈഗ്രേഷനും’, ‘കോഴി ക്കോട് വിമാനത്താവളം വഴിയുള്ള കയറ്റുമതി – സാധ്യതകളും വെല്ലുവിളികളും’ തുടങ്ങിയ സെഷനുകൾ 10ന് നടക്കും. 10 വർഷത്തേയ്ക്കുള്ള ജില്ലയുടെ വികസന അജൻഡ രൂപപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ ചേംബർ ഓഫ് കൊമേഴ്സ് “മലപ്പുറം റീ ലോഡിങ് 2.0′ എന്ന ക്യാംപെയ്ൻ സംഘടിപ്പിക്കുകയാണ്. അതിന്റെ ഭാഗമായാണ് ബിസിനസ് കോൺക്ലേവുമായി സഹകരിക്കുന്നത്. സംസ്‌ഥാനത്ത് ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള, പ്രവാസി നിക്ഷേപം വൻതോതിൽ എത്തുന്ന ജില്ലയിൽ വിവിധ മേഖലയിലുള്ള വികസന സാധ്യതകൾ കോൺക്ലേവിൽ ചർച്ചയാകും. ജില്ലയുടെ വളർച്ച ലക്ഷ്യമിട്ടുള്ള സമഗ്ര മാസ്‌റ്റർ പ്ലാനിനും കോൺക്ലേവ് രൂപംനൽകും.


Travel ⏭️

Back to top button