NEWS

കോർപ്പറേഷനിലെ വ്യാജ ഒപ്പ് വിവാദം: കേസെടുത്തതിന് പിന്നാലെ എസ് പി ദീപക്കിനെതിരെ മാനനഷ്ടക്കേസ് ഫയൽചെയ്ത് മേയർ വിവി രാജേഷ്

എസ് പി ദീപക്ക്, വി വി രാജേഷ്

തിരുവനന്തപുരം: കോർപ്പറേഷനിലെ വ്യാജ ഒപ്പ് വിവാദത്തിൽ സിപിഎം കൗൺസിലർ എസ് പി ദീപക്കിനെതിരെ അഞ്ചുകോടിരൂപയുടെ മാനനഷ്ടക്കേസ് ഫയൽ ചെയ്ത് മേയർ വിവി രാജേഷ്. ആരോപണം തീർത്തും വ്യാജമാണെന്നും പതിനഞ്ചുദിവസത്തിനുള്ളിൽ ആരോപണം പിൻവലിക്കണമെന്നുമാണ് നോട്ടീസിൽ ആവശ്യപ്പെടുന്നത്. വ്യാജ ഒപ്പുമായ ബന്ധപ്പെട്ട് കോർപ്പറേഷൻ മേയർ ഉൾപ്പെടെ മൂന്നുപേർക്കെതിരെ പൊലീസ് കേസെടുത്തതിന് പിന്നാലെയാണ് മാനനഷ്ടക്കേസ് ഫയൽ ചെയ്തത്. വ്യാജ ഒപ്പ് പരാതിയിൽ കേസെടുത്ത് അന്വേഷണം നടത്തേണ്ടതുണ്ടെന്ന് കന്റോൺമെന്റ് അസിസ്​റ്റന്റ് കമ്മിഷണർ പ്രഥമിക പരിശോധനയ്ക്ക് ശേഷം കമ്മിഷണർക്ക് റിപ്പോർട്ട് നൽകിയിരുന്നു. തുടർന്നാണ് വ്യാജരേഖ ചമയ്ക്കൽ, ക്രിമിനൽ ഗൂഢാലോചന എന്നീ കു​റ്റങ്ങൾ ചുമത്തി കേസെടുത്തത്.

വാഴോട്ടുകോണം കൗൺസിലർ സുഗതൻ ഒളിവിലായിരുന്നപ്പോൾ നടന്ന കൗൺസിൽ യോഗങ്ങളിൽ ഇയാൾ പങ്കെടുത്തതായി വരുത്തിത്തീർക്കാൻ ഒപ്പ് വ്യാജമായി രേഖപ്പെടുത്തി എന്നാണ് പരാതി. കാപ്പാ കേസിൽ ജൂൺ ഒമ്പതിനാണ് സുഗതനെ വട്ടിയൂർക്കാവ് പൊലീസ് അറസ്റ്റ് ചെയ്തത്. എന്നാൽ അറസ്റ്റ് ഭീഷണി നിലനിന്നതിനാൽ അതിന് മുൻപുള്ള കൗൺസിൽ യോഗങ്ങളിൽ സുഗതൻ പങ്കെടുത്തില്ലെന്ന് എൽഡിഎഫ് ആരോപിക്കുന്നു.

ഫെബ്രുവരി 26, മാർച്ച് 11, ഏപ്രിൽ 27 തീയതികളിലെ യോഗങ്ങളിൽ പങ്കെടുത്തില്ലെന്നും ഈ ദിവസങ്ങളിലെ ഒപ്പ് വ്യാജമായി രേഖപ്പെടുത്തിയെന്നുമാണ് ആരോപണം. കരുതൽ തടവ് റദ്ദാക്കിയതിനെത്തുടർന്ന് ചൊവ്വാഴ്ചയാണ് സുഗതൻ ജയിൽനിന്ന് പുറത്തിറങ്ങിയത്.

English Summary

Thiruvananthapuram Mayor V. V. Rajesh has filed a ₹5 crore defamation case against CPI(M) councillor S. P. Deepak over the controversy surrounding an alleged forged signature in the corporation. The notice states that the allegations are completely false and demands that they be withdrawn within 15 days.
RELATED TOPICS: V V RAJESH, S P DEEPAK, DEFAMATION CASE, V V RAJESH CASE, SP DEEPAK CASE

Read News ⏭️

Back to top button