LIFESTYLE
‘ഒത്തിരി കഷ്ടപ്പെട്ടു; ഒടുവിൽ സ്വന്തം കട്ടിലിൽ കിടന്നുറങ്ങാൻ പോകുന്നു’: വൈറലായി യുവാവിന്റെ വിഡിയോ

നാം നിത്യജീവിതത്തിൽ സാധാരണ കാര്യമായി കാണുന്ന സൗകര്യങ്ങൾ, മറ്റു ചിലരുടെ ജീവിതത്തിൽ കഠിനാധ്വാനത്തിലൂടെ മാത്രം നേടിയെടുക്കേണ്ട വലിയൊരു ലക്ഷ്യമായിരിക്കാം. തലചായ്ക്കാൻ ഒരു മേൽക്കൂരയും കിടക്കാൻ ഒരു ബെഡ്ഡും എപ്പോഴും ലഭ്യമായവർക്ക് അവയുടെ മൂല്യം എന്തെന്ന് അറിയണമെന്നില്ല. എന്നാൽ, തികച്ചും ലളിതമായ ഒരു അനുഭവം ഒരു മനുഷ്യന്റെ ജീവിതത്തിലെ ഏറ്റവും സുപ്രധാനമായ നേട്ടമായി മാറുന്ന കാഴ്ചയ്ക്കാണ് സമൂഹമാധ്യമത്തിന്റെ ഹൃദയം കീഴടക്കുന്നത്.കഠിനാധ്വാനത്തിലൂടെ സ്വന്തമാക്കിയ കട്ടിൽ ജീവിതത്തിൽ ആദ്യമായി സ്വന്തം പണം മുടക്കി വാങ്ങിയ ഒരു കട്ടിലിൽ കിടന്നുറങ്ങാൻ സാധിച്ചതിന്റെ അതിരറ്റ സന്തോഷം പങ്കുവയ്ക്കുന്ന വിശാൽ സ്വാമി എന്ന യുവാവിന്റെ വിഡിയോയാണ് ഇന്ന് ലക്ഷക്കണക്കിന് ആളുകളുടെ ഹൃദയം കവരുന്നത്. ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ച ഈ വിഡിയോയിൽ, കഠിനാധ്വാനത്തിലൂടെ താൻ സ്വന്തമാക്കിയ പുതിയ കട്ടിൽ കാണിച്ചുകൊടുക്കുന്നതും, അതിലിരുന്ന് ആ നിമിഷത്തിന്റെ പൂർണത ആസ്വദിക്കുന്നതും കാണാം. ‘ഈ അനുഭവം വാക്കുകൾ കൊണ്ട് വിവരിക്കാനാവില്ല. ജീവിതത്തിൽ ആദ്യമായി, ഇന്ന് രാത്രി ഞാൻ ഒരു കട്ടിലിൽ കിടന്നുറങ്ങാൻ പോകുന്നു. എന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ അനുഭവങ്ങളിൽ ഒന്നാണിത്’, എന്ന് വിശാൽ വിഡിയോയ്ക്കൊപ്പം കുറിച്ചു.കൊച്ചു കൊച്ചു സന്തോഷം സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിടുന്ന ഒരു സാധാരണക്കാരന്, മറ്റുള്ളവർക്ക് ആഡംബരമല്ലാത്ത ഇത്തരം ചെറിയ സൗകര്യങ്ങൾ പോലും എത്രത്തോളം വിലപ്പെട്ടതാണെന്ന് ഈ ദൃശ്യങ്ങൾ ഓർമിപ്പിക്കുന്നു. ആഡംബരങ്ങള്‍ നിറഞ്ഞ ഡിജിറ്റൽ ലോകത്ത്, സ്വന്തം അധ്വാനത്തിന്റെ ഫലമായുണ്ടായ ഈ കൊച്ചു നേട്ടവും അതിൽ നിന്നുള്ള ആനന്ദവും കാണികളുടെ മനസ്സിൽ വലിയൊരു തിരിച്ചറിവാണ് ഉണ്ടാക്കിയത്.സ്നേഹം പകർന്ന് സമൂഹമാധ്യമം സമൂഹമാധ്യമ ഉപയോക്താക്കളിൽ നിന്ന് സ്നേഹത്തിന്റെയും അഭിനന്ദനങ്ങളുടെയും വലിയൊരു പ്രവാഹം ആണ് വിശാലിന് ലഭിക്കുന്നത്. ‘ദൈവം നൽകിയ അനുഗ്രഹങ്ങൾ നഷ്ടപ്പെടുമ്പോൾ മാത്രമാണ് പലപ്പോഴും നാം അവയുടെ മൂല്യം തിരിച്ചറിയുന്നത്’, ‘തീർച്ചയായും ഒരു ദിവസം നിങ്ങൾ വലിയൊരു കൊട്ടാരത്തിൽ കിടന്നുറങ്ങും’, ‘ഈ ദൃശ്യങ്ങൾ എന്റെ കണ്ണുകളെ ഈറനണിയിച്ചു’, എന്നിങ്ങനെ കുറിച്ചുകൊണ്ട് ഒട്ടേറെ പേരാണ് വിശാലിന്റെ നേട്ടത്തിൽ പങ്കുചേർന്നത്.
Cinema ⏭️




