NEWS
പിഎം ശ്രീ തൽക്കാലം വേണ്ടെന്നു സർക്കാർ; മന്ത്രിസഭാ ഉപസമിതി അന്തിമയോഗം ഉടനില്ല

തിരുവനന്തപുരം∙ പിഎം ശ്രീ പദ്ധതി നടപ്പാക്കുന്നതിൽ തിടുക്കപ്പെട്ടു തീരുമാനം വേണ്ടെന്ന നിലപാടിൽ സർക്കാർ. കഴിഞ്ഞ എൽഡിഎഫ് സർക്കാർ ഒപ്പിട്ട ധാരണാപത്രത്തിൽനിന്നു പിൻമാറാനാകാത്തതിനാൽ സംസ്ഥാന താൽപര്യം സംരക്ഷിക്കുന്ന ഉപാധികളോടെ നടപ്പാക്കാനാണ് യുഡിഎഫ് സർക്കാർ തുടക്കത്തിലേ എടുത്ത തീരുമാനം. ഇതിനായി നിയോഗിച്ച നാലംഗ മന്ത്രിസഭാ സമിതി റിപ്പോർട്ട് നൽകുന്നതു മരവിപ്പിച്ചിരിക്കുകയാണ്. മുസ്ലിം ലീഗിലുൾപ്പെടെ എതിർപ്പു നിലനിൽക്കുന്ന സാഹചര്യത്തിൽ തൽക്കാലം തുടർനടപടികൾ വേണ്ടെന്നാണു ധാരണ. അവശ്യഘട്ടം വന്നാൽമാത്രം രാഷ്ട്രീയ സമവായത്തോടെ മുന്നോട്ടുപോയാൽ മതിയെന്നും തീരുമാനിച്ചിട്ടുണ്ട്.വിദ്യാഭ്യാസമന്ത്രി എൻ.ഷംസുദ്ദീൻ അധ്യക്ഷനും മന്ത്രിമാരായ പി.സി.വിഷ്ണുനാഥ്, എം.ലിജു, റോജി എം.ജോൺ എന്നിവർ അംഗങ്ങളുമായ മന്ത്രിസഭാ ഉപസമിതി രണ്ടുതവണ യോഗം ചേർന്നിരുന്നു. ഒരുതവണകൂടി ചേർന്നശേഷം റിപ്പോർട്ട് സമർപ്പിക്കുമെന്ന് ഷംസുദ്ദീൻ പറഞ്ഞിരുന്നു. എന്നാൽ ആ യോഗം ചേരുന്നതും റിപ്പോർട്ട് കൊടുക്കുന്നതും തിടുക്കപ്പെട്ടു വേണ്ടെന്നാണു മുന്നണിതലത്തിൽ തന്നെയുള്ള ധാരണ. ഈ വിഷയം സംബന്ധിച്ച് സർക്കാർ തലത്തിൽ മറ്റു ചർച്ചകളുമില്ല. മുഖ്യമന്ത്രിയും വിദ്യാഭ്യാസമന്ത്രിയും ചർച്ച നടത്തി പദ്ധതി ഉപേക്ഷിക്കാൻ അന്തിമ തീരുമാനം എടുത്തുവെന്ന പ്രചാരണം ശരിയല്ലെന്ന് ഇരുവരും അറിയിച്ചു.
Fashion ⏭️




