NEWS

വീട്ടുകാരുടെ കരച്ചിൽ കേട്ട് എത്തി, കിണറ്റിലിറങ്ങി കുഞ്ഞിനെ എടുത്തു; ഒന്നരവയസ്സുകാരന് പുതുജീവൻ


എരുമേലി ∙ തുമരംപാറയിൽ വീടിന്റെ മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ഒന്നര വയസ്സുകാരൻ 10 അടി താഴ്ചയുളള കിണറ്റിൽ വീണു. സമീപത്തെ പുരയിടത്തിൽ ജോലി ചെയ്തിരുന്ന ആൾ കിണറ്റിലിറങ്ങി കുട്ടിയെ രക്ഷപ്പെടുത്തി. കുട്ടിയെ മെഡിക്കൽ കോളജ് കുട്ടികളുടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴച്ച ഉച്ചയ്ക്ക് 1ന് കാവുങ്കൽ ജയിംസ് – ജോസ്‌നി ദമ്പതികളുടെ ഒന്നര വയസ്സുള്ള ഇളയ മകൻ എയ്ദൻ‌ ആണ് കിണറ്റിൽ വീണത്. കുഞ്ഞിന്റെ അമ്മയും മുത്തശ്ശിയും മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. കളിച്ചുകൊണ്ടിരുന്ന കുഞ്ഞിനെ കാണാതായതോടെ തിരഞ്ഞപ്പോഴാണ് വീടിനോടു ചേർന്നുള്ള ചുറ്റുമതിൽ ഇല്ലാത്ത കിണറ്റിൽ വീണുകിടക്കുന്നത് കണ്ടത്. അടുത്ത പറമ്പിൽ കൃഷിപ്പണി ചെയ്തിരുന്ന പുലിപ്രപതാലിൽ പി.കെ.ഷാജഹാൻ, വീട്ടുകാരുടെ കരച്ചിൽ കേട്ട് എത്തുകയായിരുന്നു. സമീപവാസി കൊണ്ടുവന്ന ഏണിവഴി കിണറ്റിലിറങ്ങി കുഞ്ഞിനെ എടുത്തു. മുട്ടിനു മുകളിൽ മാത്രമാണ് കിണറ്റിൽ വെള്ളം ഉണ്ടായിരുന്നത്. ഈ സമയം കുഞ്ഞിന് ഒട്ടും അനക്കം ഇല്ലായിരുന്നുവെന്ന് ഷാജഹാൻ പറയുന്നു. ആശുപത്രിയിലേക്കു പോകുംവഴിയാണ് കുഞ്ഞിന് ബോധം വീണത്.


Fashion ⏭️

Back to top button