SPORTS
‘പറന്നു’ പിടിച്ച് സഞ്ജു, കൈകൂപ്പി ‘നമിച്ച്’ ബുമ്ര; പിന്നാലെ ‘മിന്നൽ’ സ്റ്റംപിങ്: വിക്കറ്റിനു പിന്നിൽ തിളങ്ങി ചേട്ടൻ– വിഡിയോ

നീഷിൻ ∙ ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിൽ, ശ്രീലങ്കയ്ക്കെതിരായ ഇന്ത്യയുടെ സെമിഫൈനൽ മത്സരത്തിൽ ബാറ്റിങ്ങിൽ തിളങ്ങാൻ സാധിച്ചില്ലെങ്കിലും വിക്കറ്റിനു പിന്നിൽ ഉജ്വല പ്രകടനവുമായി മലയാളി താരം സഞ്ജു സാംസൺ. ഒരു ക്യാച്ചും ഒരു സ്റ്റംപിങ്ങുമാണ് സഞ്ജു നടത്തിയത്. ലങ്കയുടെ മറുപടി ബാറ്റിങ്ങിൽ, ജസ്പ്രീത് ബുമ്ര എറിഞ്ഞ ആദ്യ ഓവറിൽ തന്നെ രണ്ടു വിക്കറ്റുകൾ വീണിരുന്നു. രണ്ടാം പന്തിൽ ഓപ്പണർ സിനെത് ജയവർധന (0) ആണ് ആദ്യം വിക്കറ്റിനു മുന്നിൽ കുരുങ്ങിയത്. അഞ്ചാം പന്തിൽ സോഹൻ ഡി ലിവേരയെ (0) ആണ് സഞ്ജു ‘പറന്നു’ പിടിച്ചത്. ഉഗ്രൻ ക്യാച്ചിനു പിന്നാലെ സഞ്ജുവിനെ കൈകൂപ്പി നമിക്കുന്ന ബുമ്രയുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി.ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 169 റൺസ് നേടി. അർധ സെഞ്ചറി നേടിയ ഇഷാൻ കിഷനാണ് (46 പന്തിൽ 80 നോട്ടൗട്ട്) ഇന്ത്യയുടെ ടോപ് സ്കോറർ. മറുപടി ബാറ്റിങ്ങിൽ ലങ്ക 45ന് ഓൾഔട്ടായി. സ്കോർ: ഇന്ത്യ 20 ഓവറിൽ 7ന് 169. ശ്രീലങ്ക 9.5 ഓവറിൽ 45ന് ഓൾഔട്ട്. നാളെ നടക്കുന്ന കലാശപ്പോരാട്ടത്തിൽ പാക്കിസ്ഥാനാണ് നിലവിലെ സ്വർണജേതാക്കളായ ഇന്ത്യയുടെ എതിരാളികൾ. മഴ രസംകൊല്ലിയായ രണ്ടാം സെമിയിൽ ബംഗ്ലദേശിനെ 6 വിക്കറ്റിനു തോൽപിച്ചാണു പാക്കിസ്ഥാൻ ഫൈനലിൽ കടന്നത്.മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ലങ്കയെ ആദ്യ ഓവറിൽത്തന്നെ 2 വിക്കറ്റ് വീഴ്ത്തിയ ജസ്പ്രീത് ബുമ്ര വിറപ്പിച്ചു. പിന്നാലെ വിക്കറ്റുകളുടെ ഘോഷയാത്ര. 5 ലങ്കൻ ബാറ്റർമാർ പൂജ്യത്തിനു പുറത്തായപ്പോൾ നുവാനിന്ദു ഫെർണാണ്ടോയ്ക്കു (15) മാത്രമാണു രണ്ടക്കം കാണാൻ സാധിച്ചത്. ഇന്ത്യയ്ക്കായി ബുമ്ര, അഭിഷേക് ശർമ, അക്ഷർ പട്ടേൽ എന്നിവർ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.
Auto ⏭️




