BUSINESS
ബാങ്ക് സമരം പിൻവലിച്ചത് ജീവനക്കാരെ വെട്ടിലാക്കി; നാട്ടിലേക്ക് വണ്ടി കയറിയവർക്ക് ഓർക്കാപ്പുറത്തു കിട്ടിയ അടി

കൊച്ചി ∙ മൂന്നു ദിവസത്തെ ബാങ്ക് സമരം അപ്രതീക്ഷിതമായി ഞായറാഴ്ച അർധരാത്രി പിൻവലിച്ചതു ജീവനക്കാരെ വെട്ടിലാക്കി. തിങ്കളാഴ്ച മുതൽ ബുധനാഴ്ച വരെ ബാങ്ക് സമരം പ്രഖ്യാപിച്ചിരുന്നതിനാൽ ഞായറാഴ്ച വന്നുചേർന്ന അപ്രതീക്ഷിത ജോലി പൂർത്തിയാക്കി രാത്രിയോടെ ബസും ട്രെയിനും കയറി നാട്ടിലേക്കു വണ്ടികയറിയ ജീവനക്കാർക്ക് ഓർക്കാപ്പുറത്തു കിട്ടിയ അടിയായി സമരം പിൻവലിക്കൽ.രാത്രി 11 നുശേഷമാണു സമരം പിൻവലിച്ചുള്ള ജീവനക്കാരുടെ സംഘടനയുടെ അറിയിപ്പു വന്നത്. 3 ദിവസത്തെ സമരവും തുടർന്നു വരുന്ന അവധികളും മുന്നിൽക്കണ്ട് ഞായറാഴ്ച നാട്ടിലേക്കു യാത്ര തിരിച്ച പലരും യാത്രാമധ്യേയാണു വിവരം അറിഞ്ഞത്. അതോടെ അർധരാത്രി പലർക്കും ജോലി സ്ഥലത്തേക്കു മടങ്ങേണ്ടിവന്നു. അസിസ്റ്റന്റ് മാനേജർ സ്കെയിൽ–1, 2 വിഭാഗത്തിൽ ജോലി ചെയ്യുന്നവർക്കാണു ബാങ്കിന്റെ താക്കോൽ കൈവശം സൂക്ഷിക്കാനുള്ള ചുമതല. ഇവരിൽ പലരും ഞായറാഴ്ച ബാങ്ക് പൂട്ടി താക്കോലുമായി നാട്ടിലേക്കു മടങ്ങി. രാവിലെയാണു പലരും സമരം പിൻവലിച്ച കാര്യം അറിഞ്ഞത്. ഇതോടെ പലയിടത്തും ബാങ്ക് തുറക്കാൻ വൈകി. ബാങ്കുകളിൽ ജീവനക്കാരുടെ എണ്ണം ഇന്നലെ കുറവായിരുന്നു.പലരും ലീവെടുത്തു. തിങ്കളാഴ്ചകളിൽ സാധാരണ ബാങ്കുകളിൽ കാണാറുള്ള ഉപയോക്താക്കളുടെ തിരക്ക് ഇന്നലെ ഉണ്ടായില്ല. പല ജില്ലാ കേന്ദ്രങ്ങളിലും സമരത്തോടനുബന്ധിച്ചുള്ള ധർണയ്ക്കായി പന്തൽ കെട്ടുമ്പോഴാണു സമരം പിൻവലിച്ച വിവരം വന്നത്. സമരം പെട്ടെന്നു പിൻവലിച്ചതുമായി ബന്ധപ്പെടുത്തി ട്രോളുകളും സമൂഹമാധ്യമങ്ങളിൽ നിറഞ്ഞു. എന്താണു സമരം പിൻവലിക്കാനുള്ള കാരണം എന്ന കാര്യത്തിലും ജീവനക്കാർക്കിടയിൽ ആശയക്കുഴപ്പമുണ്ട്. ഉന്നതാധികാര സമിതി രൂപീകരിച്ചെന്നു പറയുമ്പോൾ അതിൽ ഇന്ത്യൻ ബാങ്ക് അസോസിയേഷനൊപ്പം സർക്കാർപ്രതിനിധികളുണ്ടോയെന്ന കാര്യം വ്യക്തമല്ലെന്നു ജീവനക്കാർ പറയുന്നു.
Travel ⏭️




