HEALTH

ശരീരം ഫിറ്റാണെന്ന് കരുതി ഹൃദയത്തെ മറക്കരുത്; പെട്ടെന്നുള്ള ഹൃദയാഘാതത്തിന് പിന്നിലെ കാരണങ്ങൾ ഇവയാണ്


കാണാൻ ചെറുപ്പം. ശരീരത്തിൽ മസിലുകൾ. ദിവസവും ജിമ്മിൽ പോകുന്നു. ഭക്ഷണത്തിലും ശ്രദ്ധയുണ്ട്. ഇങ്ങനെ ആരോഗ്യകരമായ ജീവിതശൈലി പിന്തുടരുന്നുവെന്ന് കരുതുന്ന ഒരാൾ പെട്ടെന്ന് കുഴഞ്ഞുവീഴുന്നു… ‘ശരീരം ഫിറ്റായ ഒരാൾക്ക് എങ്ങനെയാണ് പെട്ടെന്ന് ഹൃദയാഘാതം വരുന്നത്?’ ഈ ചോദ്യം പലരെയും ആശങ്കപ്പെടുത്താറുണ്ട്. ഹൃദയാരോഗ്യത്തെക്കുറിച്ച് സംസാരിക്കുമ്പോൾ ശരീരത്തിന്റെ പുറംകാഴ്ച മാത്രം നോക്കിയാൽ പോരാ. ശരീരത്തിനുള്ളിൽ നിശബ്ദമായി വളരുന്ന ചില ആരോഗ്യപ്രശ്‌നങ്ങൾ തിരിച്ചറിയുകയും ജീവിതശൈലിയിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തുകയും വേണമെന്നാണ് വിദഗ്ധർ പറയുന്നത്. 1. ശരീരം നൽകുന്ന നിശബ്ദ സൂചനകൾ അവഗണിക്കരുത് ഉയർന്ന രക്തസമ്മർദം, പ്രമേഹം, ഉയർന്ന കൊളസ്‌ട്രോൾ തുടങ്ങിയവ തുടക്കത്തിൽ വലിയ മുന്നറിയിപ്പുകൾ നൽകണമെന്നില്ല. പലപ്പോഴും ഇവ നിശബ്ദമായാണ് ശരീരത്തിൽ വളരുന്നത്. അതുകൊണ്ടുതന്നെ കൃത്യമായ ഇടവേളകളിൽ ആരോഗ്യപരിശോധനകൾ നടത്തുന്നത് പ്രധാനമാണ്. കുടുംബത്തിൽ ഹൃദ്രോഗ ചരിത്രമുള്ളവർ പ്രത്യേകിച്ചും പരിശോധനകൾക്ക് പ്രാധാന്യം നൽകണം. പുറത്തുനിന്ന് ആരോഗ്യവാനായി തോന്നുന്നതുകൊണ്ട് മാത്രം ശരീരത്തിനുള്ളിലെ ആരോഗ്യസ്ഥിതി മികച്ചതാണെന്ന് ഉറപ്പിക്കാനാകില്ല.2. ഫിറ്റ്‌നസ് ലക്ഷ്യങ്ങളും ഒന്ന് പുനഃപരിശോധിക്കാം ജിമ്മിൽ കഠിനമായി വ്യായാമം ചെയ്യുന്നതും ശരീരത്തിൽ വലിയ മസിലുകൾ ഉണ്ടാക്കുന്നതും മാത്രം ഹൃദയം സുരക്ഷിതമാണെന്ന് ഉറപ്പാക്കുന്നില്ല. അമിതമായ ഭാരോദ്വഹനത്തിനൊപ്പം ഹൃദയാരോഗ്യത്തിന് സഹായിക്കുന്ന കാർഡിയോ വ്യായാമങ്ങൾക്കും പ്രാധാന്യം നൽകണം.ഏകദേശം 40 മിനിറ്റ് വേഗത്തിലുള്ള നടത്തം, നീന്തൽ, സൈക്ലിങ് തുടങ്ങിയവ ദിവസേനയുള്ള ഫിറ്റ്‌നസ് റൂട്ടീനിൽ ഉൾപ്പെടുത്താം. വ്യായാമത്തിന്റെ അളവിനേക്കാൾ ശരീരത്തിന് അനുയോജ്യമായ രീതിയിലുള്ള സമതുലിതമായ വ്യായാമരീതിയാണ് പ്രധാനം.3. ഭക്ഷണത്തിലും ജീവിതശൈലിയിലും ചെറിയ മാറ്റങ്ങൾ വരുത്താം ഫാസ്റ്റ് ഫുഡ്, പേസ്ട്രികൾ, സമോസ, പക്കോഡ തുടങ്ങിയ എണ്ണയിൽ വറുത്ത ഭക്ഷണങ്ങൾ പതിവാക്കുന്നത് ഒഴിവാക്കുക. അനാരോഗ്യകരമായ കൊഴുപ്പുകളുടെ ഉപയോഗം കുറച്ച് ഭക്ഷണത്തിൽ ആരോഗ്യകരമായ എണ്ണകൾ തിരഞ്ഞെടുക്കാം. കടുകെണ്ണ, ഒലിവ് ഓയിൽ, സൺഫ്‌ലവർ ഓയിൽ തുടങ്ങിയവ ഉപയോഗിക്കാമെന്നാണ് ഡോക്ടർമാർ പറയുന്നത്. ഭക്ഷണം മാത്രമല്ല, പുകവലിയും ഹൃദയത്തിന് വലിയ ഭീഷണിയാണ്. പരോക്ഷ പുകവലി അഥവാ സെക്കൻഡ് ഹാൻഡ് സ്‌മോക്കിങ്ങും ഹൃദയാഘാത സാധ്യത വർധിപ്പിക്കാം. അതുകൊണ്ട് പുകവലിക്കുന്നവർ അത് ഉപേക്ഷിക്കുന്നതും പുകവലിക്കുന്നവരുടെ സമീപത്ത് കഴിയുന്നവർ പുക ഒഴിവാക്കുന്നതും പ്രധാനമാണ്.


Cinema ⏭️

Back to top button