NEWS
ഒരൊറ്റ സിനിമ പോലും കാണാതെ 15–ാം വയസിൽ അഭിനയം തുടങ്ങിയ ജഗദമ്മ; നായികയ്ക്കു വരെ ശബ്ദം നൽകി

കോട്ടയം / മുതുകുളം∙ ഇമ്പമാർന്ന മധുരമൂറുന്ന ശബ്ദം… പാട്ടുകാരിയാകണം എന്നാഗ്രഹിച്ചെങ്കിലും ജഗദമ്മ എത്തിയത് സിനിമയുടെ വെള്ളിവെളിച്ചത്തിൽ. ഒരൊറ്റ സിനിമ പോലും കാണാതെ അഭിനയം തുടങ്ങുമ്പോൾ പ്രായം വെറും 15. സഹനടിയായി അഭിനയിക്കുമ്പോഴും നായികയ്ക്കു വരെ ശബ്ദം നൽകിയ താരം. മലയാള സിനിമയുടെ ആദ്യകാല വനിതാ പ്രവർത്തകരിൽ ശ്രദ്ധേയയാണ് അന്തരിച്ച മുതുകുളം ജഗദമ്മ. പാട്ടുകാരനും പൊലീസ് ഉദ്യോഗസ്ഥനുമായ അച്ഛൻ മുതുകുളം തെക്ക് കണ്ണമ്പിള്ളിൽ ഗോവിന്ദപ്പിള്ളയ്ക്കു ജഗദമ്മയെ പാട്ടുകാരിയാക്കണം എന്നായിരുന്നു ആഗ്രഹം. ജഗദമ്മ അതിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കി കാത്തിരിക്കുന്നതിനിടെ അപ്രതീക്ഷിതമായി അദ്ദേഹം മരിച്ചു.കനത്ത സമ്മർദത്തിലായ ജഗദമ്മ പിന്നെ പാട്ടുവഴിയിൽ പോയില്ല. അക്കാലത്തെ മലയാള നടന്മാരിൽ പ്രമുഖനും മലയാളത്തിലെ ആദ്യ തിരക്കഥാകൃത്തുമായ മുതുകുളം രാഘവൻപിള്ളയാണു ജഗദമ്മയെ സിനിമയിലേക്ക് എത്തിച്ചത്. കുഞ്ചാക്കോ-കോശി ടീമിന്റെ കെ ആൻഡ് കെ പ്രൊഡക്ഷൻസ് നിർമിച്ച ‘നല്ലതങ്ക’യിൽ അഭിനയിക്കാൻ ഒരു പെൺകുട്ടിയെ വേണമെന്ന ആവശ്യം രാഘവൻപിള്ള മുതുകുളം സ്കൂളിലെ പ്രധാനാധ്യാപികയായിരുന്ന തന്റെ അമ്മയോട് പറഞ്ഞു. യുവജനോത്സവത്തിൽ തിളങ്ങി നിന്ന ജഗദമ്മയെ ആണ് പെട്ടെന്ന് അവർക്ക് ഓർമ വന്നത്. കുടുംബത്തിൽനിന്ന് എതിർപ്പുയർന്നെങ്കിലും നാട്ടിൽ സർവസമ്മതനായ രാഘവൻപിള്ളയുടെ ഉറപ്പിൽ എല്ലാം കെട്ടടങ്ങി. പിച്ചവച്ചു തുടങ്ങിയ മലയാള സിനിമയിൽ സ്ത്രീ കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയയായി. കുഞ്ചാക്കോയുടെ അടക്കം സിനിമകളിൽ സ്ഥിരംസാന്നിധ്യമായി. തന്റെ എല്ലാ കഥാപാത്രങ്ങൾക്കും ജഗദമ്മ തന്നെയാണ് ശബ്ദം നൽകിയത്.
Fashion ⏭️




