AUTO

മൈലേജിൽ ഞെട്ടിക്കാൻ റെനോ! ഹൈബ്രിഡ് ഡസ്റ്റർ അടുത്ത മാസം വിപണിയിൽ


വാഹന പ്രേമികളുടെ കാത്തിരിപ്പിന് അവസാനമായിക്കൊണ്ട് റെനോ ഡസ്റ്റര്‍ ഹൈബ്രിഡ് ഒക്ടോബര്‍ 17ന് ഇന്ത്യയിലെത്തും. നിലവിലെ ഡസ്റ്ററിലുള്ള 1.0 ലീറ്റര്‍, 1.3 ലീറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനുകള്‍ക്ക് പുറമേയെത്തുന്ന മൂന്നാമത്തെ പവര്‍ട്രെയിന്‍ ഓപ്ഷനാവും ഈ ഹൈബ്രിഡ് മോഡല്‍. ഫോര്‍മുല വണ്‍ റേസിങില്‍ നിന്നുള്ള അനുഭവസമ്പത്തും സാങ്കേതികമികവും പ്രയോജനപ്പെടുത്തിയാണ് ഇ-ടെക് എന്നു പേരിട്ടിരിക്കുന്ന ഈ പുതിയ സിസ്റ്റം വികസിപ്പിച്ചെടുത്തതെന്ന് റെനോ അറിയിച്ചിട്ടുണ്ട്. ടൊയോട്ടയുടെ ഹൈറൈഡര്‍, ഗ്രന്‍ഡ് വിറ്റാര, മാരുതി സുസുക്കിയുടെ വിക്ടോറിസ് എന്നീ ഹൈബ്രിഡ് മോഡലുകളില്‍ ഉപയോഗിക്കുന്ന ഇ-സിവിടി, പവര്‍ സ്പ്ലിറ്റ് സിസ്റ്റത്തില്‍ നിന്നും വ്യത്യസ്തമാണ് റെനോ ഡസ്റ്റര്‍ ഹൈബ്രിഡിന്റെ പ്രവര്‍ത്തനം. റെനോയുടെ ഇ-ടെക് സിസ്റ്റം പെട്രോള്‍ എന്‍ജിനേയും ഇലക്ട്രിക് ഡ്രൈവിനേയും ഒരു മള്‍ട്ടി മോഡ് ഓട്ടമാറ്റിക് ഗിയര്‍ബോക്‌സ് വഴിയാണ് വീലുകളിലേക്ക് ബന്ധിപ്പിക്കുന്നത്. ഫിക്‌സഡ് ഗിയര്‍ റേഷ്യോകള്‍ ഉപയോഗിക്കുന്നതിനാല്‍ സാധാരണ ഓട്ടമാറ്റിക് കാറുകളിലേതുപോലെ എന്‍ജിന്‍ ആര്‍പിഎമ്മിന്റെ ഉയര്‍ച്ച താഴ്ച്ചകള്‍ അറിയാനാവും. ഇലക്ട്രിക്, ഒഎന്‍ജിന്‍ ഡ്രൈവുകള്‍ക്കിടയില്‍ മാറുമ്പോവും ഗിയര്‍ ഷിഫ്റ്റുകള്‍ തിരിച്ചറിയാനാവും. ടൊയോട്ടോയുടെ 0.60kWh ബാറ്ററിയെ അപേക്ഷിച്ച് ഉയര്‍ന്ന ശേഷിയുള്ളതാണ് റെനോയുടെ 1.4kWh ബാറ്ററി. പുതിയ ഡസ്റ്ററില്‍ ഡീസല്‍ എന്‍ജിന്‍ ഓപ്ഷന്‍ ലഭ്യമല്ല. ഈ കുറവ് നികത്താനാണ് സ്‌ട്രോങ് ഹൈബ്രിഡ് പതിപ്പിന്റെ വരവ്. മിഡ് സൈസ് എസ് യുവി വിഭാഗത്തില്‍ മാരുതി സുസുക്കി ഗ്രാന്‍ഡ് വിറ്റാര, വിക്ടോറിസ്, ടൊയോട്ട ഹൈറൈഡര്‍ എന്നിവയുടെ സ്‌ട്രോങ് ഹൈബ്രിഡ് മോഡലുകളോടായിരിക്കും പുതിയ റെനോ ഡസ്റ്റര്‍ ഹൈബ്രിഡും പ്രധാനമായും മത്സരിക്കുക.


Sports ⏭️

Back to top button