NEWS
മുഖ്യമന്ത്രിയ്ക്കെതിരായ രണ്ടാം വിവാഹാരോപണം: ആന്റോ അഗസ്റ്റിനെ ചോദ്യം ചെയ്യാൻ പൊലീസ്, നോട്ടിസ് അയച്ചു

കൊച്ചി ∙ മുഖ്യമന്ത്രി വി.ഡി.സതീശൻ രണ്ടാം വിവാഹം കഴിച്ചെന്നാരോപിച്ച് വ്യാജ രേഖകൾ നിർമിച്ച് അപകീർത്തിപ്പെടുത്താൻ ശ്രമിച്ചെന്ന കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി എംഡി ആന്റോ അഗസ്റ്റിന് നോട്ടിസ്. തിങ്കളാഴ്ച രാവിലെ 10 മണിക്ക് ചോദ്യം ചെയ്യലിനു ഹാജരാകാനാണ് കളമശേരി പൊലീസ് നിർദേശിച്ചിരിക്കുന്നത്. അതേസമയം, ആന്റോ അഗസ്റ്റിൻ നോട്ടിസ് കൈപ്പറ്റിയോ എന്നതിൽ അവ്യക്തത നിലനിൽക്കുന്നുണ്ട്. കെപിസിസി വക്താവ് രാജു പി.നായർ നൽകിയ പരാതിയിലാണ് പൊലീസ് നടപടി. രാഷ്ട്രീയ ലാഭത്തിനായി സതീശനെ അപകീർത്തിപ്പെടുത്താനും സർക്കാരിനെ അസ്ഥിരപ്പെടുത്താനും ലക്ഷ്യമിട്ട് വ്യാജരേഖകൾ ചമച്ച് ഗൂഢാലോചന നടത്തിയെന്നാണ് പരാതിയിൽ ആരോപിക്കുന്നത്. വ്യാജരേഖ ചമയ്ക്കൽ, പൊതുരേഖകളിൽ തിരിമറി നടത്തൽ, ഗൂഢാലോചന, അപകീർത്തിപ്പെടുത്തൽ, വ്യാജരേഖ അറിഞ്ഞുകൊണ്ട് ഉപയോഗിക്കൽ തുടങ്ങിയ ബിഎൻഎസ് വകുപ്പുകൾ പ്രകാരമാണ് കേസ്. നേരത്തെ തിരുവനന്തപുരം സിറ്റി സൈബർ ക്രൈം പൊലീസ് റജിസ്റ്റർ ചെയ്ത സീറോ എഫ്ഐആർ കളമശേരി സ്റ്റേഷനിലേക്ക് മാറ്റിയിരുന്നു. റിപ്പോർട്ടർ ടിവി മാനേജിങ് ഡയറക്ടർ ആന്റോ അഗസ്റ്റിനാണ് കേസിലെ ഒന്നാം പ്രതി. കൂടാതെ കണ്ടാലറിയാവുന്ന രണ്ടുപേര്‍ രണ്ടും മൂന്നും പ്രതികളാണ്.
Fashion ⏭️




