മൊബൈൽ ടവറുകൾക്കും ഷോപ്പിംഗ് കോംപ്ലക്സുകൾക്കും അനധികൃതമായി വൈദ്യുതി, കോടികളുടെ ക്രമക്കേട് കണ്ടെത്തി

തിരുവനന്തപുരം : കൊച്ചിയിൽ കോടികളുടെ വൈദ്യുതി ക്രമക്കേട് കണ്ടെത്തിയതായി കെ.എസ്.ഇ.ബി അറിയിച്ചു. കൊല്ലം ആന്റി പവർ തെഫ്റ്റ് സ്ക്വാഡിന്റെ നേതൃത്വത്തിൽ നടത്തിയ സ്പെഷ്യൽ ഡ്രൈവിലാണ് ഗുരുതരമായ ക്രമക്കേട് കണ്ടെത്തിയത്. മരട് ഇലക്ട്രിക്കൽ സെക്ഷന്റെ കീഴിൽ 50 കിലോവാട്ട് കണക്ടഡ് ലോഡിന്റെ അനുമതി മാത്രമുണ്ടായിരുന്ന ഒരു എച്ച്.ടി. ഉപഭോക്താവിന്റെ കണക്ഷനിൽ 260 കിലോവാട്ട് അനധികൃത ലോഡ് ഘടിപ്പിച്ച് ഉപയോഗിക്കുന്നതായി കണ്ടെത്തി. ഈ കണക്ഷനിൽ നിന്നും അനുമതിയില്ലാതെ 145 കടമുറികളലേയ്ക്ക് കെ.എസ്.ഇ.ബി.യുടെ മീറ്ററിലൂടെയല്ലാതെ വൈദ്യുതി നൽകിയാണ് ദുരുപയോഗം നടത്തിയിരുന്നത്.
കൂടാതെ, കളമശ്ശേരി സെക്ഷൻ പരിധിയിൽ വ്യാവസായിക ആവശ്യത്തിനുള്ള 450 കലോവാട്ട് കണക്ടഡ് ലോഡ് അനുമതിയുള്ള കണക്ഷനിൽ 850 കിലോവാട്ട് അധിക ലോഡ് സ്ഥാപിച്ച് പ്രവർത്തിക്കുന്നതായും കണ്ടെത്തി. ഈ സ്ഥാപനത്തിൽ കെ.എസ്.ഇ.ബി.യുടെ അനുമതിയില്ലാതെ നിയമവിരുദ്ധമായി എയർടെൽ, ബി.എസ്.എൻ.എൽ എന്നിവയുടെ മൊബൈൽ ടവറുകളിലേയ്ക്ക് വൈദ്യുതി വിതരണം നടത്തുന്നതായും കണ്ടെത്തിയിട്ടുണ്ട്.
സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി നടത്തിയ പരശോധനകൾ വഴി 3.14 കോടി രൂപയുടെ വൈദ്യുത ക്രമക്കേടാണ് കണ്ടെത്തിയത്. കേരളത്തിലുടനീളം തുടർന്നും പരിശോധനകൾ! നടത്തുമെന്നും ചീഫ് വിജിലൻസ് ഓഫീസർ അറിയിച്ചു




