NEWS
അയോഗ്യനാക്കണമെന്ന ഹർജി; പാലാ എംഎൽഎ മാണി സി.കാപ്പൻ ഹൈക്കോടതിയിൽ

കൊച്ചി∙ ചെക്ക് കേസിൽ ശിക്ഷിക്കപ്പെട്ടതിനെ തുടർന്ന് തന്നെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജിയെ എതിർത്ത് പാലാ എംഎൽഎ മാണി സി.കാപ്പൻ ഹൈക്കോടതിയിൽ. ഹർജി നിയമപരമായി നിലനിൽക്കില്ലെന്നും പ്രാഥമിക ഘട്ടത്തിൽ തന്നെ തള്ളണമെന്നും ആവശ്യപ്പെട്ട് കോടതിയിൽ സമർപ്പിച്ച എതിർ സത്യവാങ്മൂലത്തിൽ മാണി സി.കാപ്പൻ പറഞ്ഞു. ഹർജി ദുരുദ്ദേശ്യപരവും കോടതി നടപടികളുടെ ദുരുപയോഗവുമാണെന്ന് എംഎൽഎ പറയുന്നു.ബിസിനസ് ആവശ്യങ്ങൾക്കായി 2010ൽ വാങ്ങിയ രണ്ടു കോടി രൂപ തിരിച്ചടയ്ക്കുന്നതിനായി നൽകിയ ചെക്കുകൾ മടങ്ങിയ കേസിൽ ഈ മാസം ഒന്നിന് മുംബൈ ബോറിവലി അഡീഷനൽ മെട്രോപൊളിറ്റൻ മജിസ്ട്രേട്ട് കോടതി മാണി സി.കാപ്പനെ ശിക്ഷിച്ചിരുന്നു. നാലു കേസുകളിലുമായി മൂന്നര വർഷം തടവും പരാതിക്കാരനായ പാലക്കാട് സ്വദേശിയും മുംബൈയിലെ വ്യവസായിയുമായ ദിനേശ് മേനോന് 5.30 കോടി രൂപ നഷ്ടപരിഹാരവുമാണ് വിധിച്ചത്. ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷൻ 8 (3) പ്രകാരം രണ്ടു വർഷത്തിൽ കൂടുതൽ ശിക്ഷിക്കപ്പെടുന്ന ജനപ്രതിനിധി സ്വയം അയോഗ്യനാക്കപ്പെടുമെന്നും അതിനാൽ പാലാ മണ്ഡലം ഒഴിവുവന്നതായി പ്രഖ്യാപിച്ച് ഉപതിരഞ്ഞെടുപ്പ് നടത്താൻ നിർദേശിക്കണമെന്നും ആവശ്യപ്പെട്ടാണ് ദിനേശ് മേനോൻ ഹൈക്കോടതിയെ സമീപിച്ചത്. ഹർജിയിൽ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ, സംസ്ഥാന സർക്കാർ, നിയമസഭാ സ്പീക്കർ, മാണി സി. കാപ്പൻ എന്നിവർക്ക് ജസ്റ്റിസ് ബച്ചു കുര്യൻ തോമസ് നേരത്തെ നോട്ടിസ് അയച്ചിരുന്നു.
Fashion ⏭️




