AUTO
കളിപ്പാട്ട കാറുകളിൽ നിന്ന് കോടികളുടെ ഗാരിജിലേക്ക്; സൂപ്പർ കാറുകളുടെ ലോകത്തെ മലയാളി വിസ്മയം!

കുട്ടിക്കാലത്ത് കളിപ്പാട്ട കാറുകളിൽ തുടങ്ങിയ വാഹന കമ്പം ഇന്ന് ലോകത്തിലെ ഏറ്റവും എക്സോട്ടിക് കാറുകളിൽ എത്തി നിൽക്കുകയാണ്. ഇടയ്ക്കിടെ വാഹനങ്ങൾ മാറ്റി വാങ്ങുന്നത് നിർത്തണമെന്ന് ആഗ്രഹമുണ്ടെങ്കിലും അത് നിയന്ത്രിക്കാൻ പോലും ആകാത്തതുപോലെ വാഹനങ്ങളെ ഇഷ്ടപ്പെടുന്ന ആളാണ് സിന്തൈറ്റ് ഗ്രൂപ്പ് എക്സിക്യൂട്ടീവ് ചെയർമാൻ ഡോ. വിജു ജേക്കബ്. കേരളത്തിലെ വാഹനപ്രേമികൾക്കിടയിൽ ഈ പേരിന് പരിചയപ്പെടുത്തലുകളുടെ ആവശ്യമില്ല, വിജു ജേക്കബിന്റെ ഗാരിജ് ഒരു ഇതിഹാസമാണ്. കേരളത്തിലെ ആദ്യ ലംബോർഗിനി മുതൽ മലയാളികൾ ഒരിക്കലെങ്കിലും കാണാൻ കൊതിക്കുന്ന കാറുകളെല്ലാം തന്നെ പല കാലങ്ങളിലായി ഈ ഗാരിജിന്റെ ഭാഗമായിട്ടുണ്ട്. സാധാരണ ആഡംബര വാഹനങ്ങൾക്കുമപ്പുറം ലോകോത്തര സൂപ്പർ കാറുകളും ഹൈടെക് ഇലക്ട്രിക് വാഹനങ്ങളും കയറിയിറങ്ങിയ ഈ ഗാരിജ് അദ്ദേഹത്തിന് കാറുകളോടുള്ള അടങ്ങാത്ത പാഷന്റെ നേർക്കാഴ്ചയാണ്. പതിറ്റാണ്ടുകൾ നീണ്ട തന്റെ വാഹനക്കമ്പത്തെക്കുറിച്ചും ഗാരിജിലെ വിശേഷങ്ങളെക്കുറിച്ചും അദ്ദേഹം മനോരമ ഓൺലൈനിനോട് മനസ്സ് തുറക്കുന്നു.കളിപ്പാട്ട കാറുകളിൽ നിന്ന് തുടങ്ങിയ അടങ്ങാത്ത മോഹംകുട്ടിക്കാലത്ത് നാലാം ക്ലാസിലും അഞ്ചാം ക്ലാസിലുമൊക്കെ പഠിക്കുമ്പോൾ ഹോട്ട് വീൽസ് പോലെയുള്ള ചെറിയ കളിപ്പാട്ട കാറുകളോടായിരുന്നു കമ്പം. ആസമയത്ത് പിതാവ് നാലഞ്ചെണ്ണം വാങ്ങി നൽകിയിരുന്നു. ഏഴാം ക്ലാസിലെത്തിയപ്പോൾ തങ്ങളുടെ മെറ്റൽ ക്രഷിങ് യൂണിറ്റിൽ വരുന്ന വലിയ ട്രക്കുകൾ കണ്ട് കൗതുകം തോന്നി ഡ്രൈവർമാർക്കൊപ്പം കയറിയാണ് ഡ്രൈവിങ്ങിന്റെ ബാലപാഠങ്ങൾ കണ്ടുപഠിച്ചത്. അവിടെ നിന്നാണ് ഡ്രൈവിങ്ങിനോടുള്ള താൽപര്യവും സാഹസികതയും ശരിക്കും തുടങ്ങിയത്. പിന്നീട് ജീപ്പിലേക്കും പിതാവിന്റെ കാറുകളിലേക്കും പതുക്കെ ചേക്കേറി.നാട്ടിൽ നിന്നതിന്റെ ബോണസ്, ഫിയറ്റ് പ്രീഡിഗ്രി പഠനം തിരുവനന്തപുരത്തെ മാർ ഇവാനിയോസ് കോളേജിലായിരുന്നു. അന്ന് ബസിലായിരുന്നു സ്ഥിരം യാത്ര. തുടർപഠനത്തിന് മറ്റൊരു സ്ഥലത്തോ കൊച്ചിയിലോ ചേരാമെന്നായിരുന്നു പിതാവിന്റെ നിർദ്ദേശം. കൊച്ചിയിൽ പഠിക്കാമെന്ന് തീരുമാനിച്ചപ്പോൾ കാർ വേണമെന്ന് നിബന്ധന വച്ചു, അങ്ങനെ പിതാവ് വാങ്ങി നൽകിയതാണ് ആദ്യത്തെ ഫിയറ്റ് കാർ. തേവര കോളേജിൽ അക്കാലത്ത് കാറിൽ വന്നിരുന്നത് താൻ മാത്രമായിരുന്നുവെന്നും അതിന്റെ ചെറിയൊരു അഭിമാനവും സന്തോഷവും അന്നുണ്ടായിരുന്നുവെന്നും വിജു ഓർത്തെടുക്കുന്നു.പ്രിയപ്പെട്ട ബെൻസ് ഡബ്ല്യു123ഏറ്റവും കൂടുതൽ ഓടിച്ച പഴയ വണ്ടികളിലൊന്നാണ് കെഎൽ 7 സി 7777 മെഴ്സിഡീസ് ബെൻസ് ഡബ്ല്യു123. അക്കാലത്ത് കോയമ്പത്തൂരും തൂത്തുക്കുടിയും തിരുവനന്തപുരവുമെല്ലാം ആ വാഹനത്തിലായിരുന്നു യാത്രകൾ. അടുത്തിടെ പുതിയ ജി-വാഗൺ വന്ന സമയത്ത് കസിനാണ് ഈ പഴയ ബെൻസ് കാർ വീടിനടുത്ത് തന്നെയുണ്ടെന്ന് അറിയിച്ചത്. അങ്ങനെ വീണ്ടും ആ വാഹനം കാണാനും ഓടിക്കാനും കഴിഞ്ഞു. ഒരുപാട് ഓർമകളും ചരിത്രവുമുള്ള വാഹനമാണത്. ഇനി അവസരം കിട്ടിയാൽ അത് തീർച്ചയായും തിരികെ വാങ്ങുമെന്നും അദ്ദേഹം പറയുന്നു.ബി.എം.ഡബ്ല്യു, മെഴ്സിഡീസ് നിരകളും ആദ്യ ലംബോർഗിനിയും വിപണിയിലെ മുൻനിര ആഡംബര മോഡലുകളെല്ലാം വിജു ജേക്കബിന്റെ ഗാരിജിലൂടെ കടന്നുപോയിട്ടുണ്ട്. പതിനെട്ടോളം ബി.എം.ഡബ്ല്യു കാറുകളും ഇരുപത്തഞ്ചോളം മെഴ്സിഡീസ് ബെൻസ് മോഡലുകളും അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്. ഒരു വാഹനം വാങ്ങി ആറു മാസം കഴിയുമ്പോൾ തന്നെ മാറ്റിയെടുക്കുന്ന സ്വഭാവമുണ്ടായിരുന്നു. വിൽക്കുമ്പോൾ പലപ്പോഴും വലിയ സാമ്പത്തിക നഷ്ടം വരാറുണ്ടെങ്കിലും കാറുകൾ നൽകുന്ന സന്തോഷത്തിനാണ് അദ്ദേഹം മുൻഗണന നൽകുന്നത്. കേരളത്തിൽ ആദ്യമായി ലംബോർഗിനി ഗലാർഡോ, ലംബോർഗിനി ഉറസ് എന്നിവ നിരത്തിലെത്തിച്ചതും അദ്ദേഹമാണ്. പിന്നീട് നടൻ പൃഥ്വിരാജ് സുകുമാരൻ സ്വന്തമാക്കിയത് തന്റെ പക്കലുണ്ടായിരുന്ന ലംബോർഗിനി ഉറസ് ആയിരുന്നു. തന്റെ കൈയിൽ നിന്ന് പോയ മികച്ച കാറുകളെല്ലാം കാറുകളെ സ്നേഹിക്കുന്ന നല്ല വ്യക്തികളുടെ കൈകളിലാണ് ഉള്ളതെന്നത് വലിയൊരു സംതൃപ്തിയാണെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
Sports ⏭️




