NEWS
ഇന്ത്യക്കാരന്റെ ഒപ്പും ടൈംഷീറ്റും വ്യാജം: ഹോം ഓഫിസിനെ ‘കബളിപ്പിക്കാൻ’ ശ്രമിച്ച കമ്പനിയെ തോൽപ്പിച്ച് പ്രവാസി

ലണ്ടൻ ∙ കെയറർ ജോലിക്കായി സ്കിൽഡ് വർക്കർ വീസയിൽ ബ്രിട്ടനിലെത്തിയ ഇന്ത്യക്കാരന് കരാർ പ്രകാരമുള്ള ജോലി നൽകാതിരിക്കുകയും കുറഞ്ഞ വേതനം നൽകുകയും ചെയ്ത കേസിൽ മെട്രോപൊളിറ്റൻ കെയർ സർവീസസ് ലിമിറ്റഡിനെതിരെ എംപ്ലോയ്മെന്റ് ട്രൈബ്യൂണലിന്റെ വിധി. പരാതിക്കാരനായ ജെ. പട്ടേലിന് £28,123 നൽകാൻ ലണ്ടൻ ഈസ്റ്റ് എംപ്ലോയ്മെന്റ് ട്രൈബ്യൂണൽ ഉത്തരവിട്ടു. പട്ടേലിന്റെ പേരിൽ വ്യാജ രേഖകൾ തയ്യാറാക്കി ഹോം ഓഫിസിന്റെ സ്പോൺസർ കംപ്ലയൻസ് ടീമിനെ തെറ്റിധരിപ്പിക്കാൻ മെട്രോപൊളിറ്റൻ കെയർ സർവീസസ് ശ്രമിച്ചതായും ട്രൈബ്യൂണൽ കണ്ടെത്തി.∙ മെട്രോപൊളിറ്റൻ കെയർ സർവീസസിനെതിരെ ഗുരുതര കണ്ടെത്തൽ ലണ്ടൻ ഈസ്റ്റ് ഹിയറിങ് സെന്ററിൽ എംപ്ലോയ്മെന്റ് ജഡ്ജ് എഫ്. സ്പെൻസറാണ് കേസ് പരിഗണിച്ചത്. 2026 ഏപ്രിൽ, ജൂൺ മാസങ്ങളിലായി നാലുദിവസം വാദം കേട്ട ശേഷമാണ് റിസർവ്ഡ് ജഡ്ജ്മെന്റ് പുറപ്പെടുവിച്ചത്. തന്റെ ഒപ്പുള്ളതായി ഹാജരാക്കിയ നിരവധി രേഖകൾ താൻ ഒപ്പിട്ടതല്ലെന്നും കണ്ടിട്ടില്ലെന്നും പട്ടേൽ വാദിച്ചിരുന്നു. തെളിവുകൾ പരിശോധിച്ച ട്രൈബ്യൂണൽ ഈ വാദം അംഗീകരിച്ചു. ഹോം ഓഫിസിന്റെ സ്പോൺസർ കംപ്ലയൻസ് ടീമിനെ തെറ്റിധരിപ്പിക്കുന്നതിനായി തൊഴിലുടമ ചില വ്യാജ രേഖകൾ സൃഷ്ടിച്ചതായി ജഡ്ജി കണ്ടെത്തി. പിന്നീട് ഹാജരാക്കിയ ചില ടൈംഷീറ്റുകളും കെട്ടിച്ചമച്ചതാണെന്ന് ട്രൈബ്യൂണൽ വിലയിരുത്തി.∙ സ്പോൺസർ ലൈസൻസ് സസ്പെൻഡ് ചെയ്തു, ഇന്ത്യയിലെ ഏജന്റിന് നൽകിയത് £30,000 2024 സെപ്റ്റംബർ 4ന് യുകെ വീസാസ് ആൻഡ് ഇമിഗ്രേഷൻ നടത്തിയ പരിശോധനയ്ക്ക് പിന്നാലെ മെട്രോപൊളിറ്റൻ കെയർ സർവീസസിന്റെ സ്പോൺസർ ലൈസൻസ് സസ്പെൻഡ് ചെയ്തിരുന്നു. സ്പോൺസർഷിപ് സർട്ടിഫിക്കറ്റിൽ ഉറപ്പുനൽകിയ ജോലി സമയം നൽകാത്തതും അതനുസരിച്ചുള്ള ശമ്പളം നൽകാത്തതുമായിരുന്നു പ്രധാന ആശങ്കകളിലൊന്ന്. സ്ഥാപനം 632 സ്പോൺസർഷിപ്പ് സർട്ടിഫിക്കറ്റുകൾ നൽകിയിരുന്നെങ്കിലും 343 പേരെ പിന്നീട് സ്പോൺസർ ചെയ്തിരുന്നില്ലെന്നും യുകെവിഐ ചൂണ്ടിക്കാട്ടിയതായി ട്രൈബ്യൂണൽ വിധിയിൽ പറയുന്നു. പിന്നീട് സ്ഥാപനത്തിന്റെ വിശദീകരണങ്ങളും ഉറപ്പുകളും പരിഗണിച്ച് ലൈസൻസ് പുനഃസ്ഥാപിച്ചു. ബ്രിട്ടനിൽ ജോലി ലഭിക്കുന്നതിനായി ഇന്ത്യയിലെ ഒരു ഏജന്റിന് £30,000 നൽകിയതായി പട്ടേൽ ട്രൈബ്യൂണലിൽ മൊഴി നൽകി. ഏജന്റിന്റെ പരസ്യത്തിലൂടെയാണ് ജോലിയെക്കുറിച്ച് അറിഞ്ഞതെന്നും ബ്രിട്ടനിലെത്തിയ ശേഷമാണ് ജോലി പോർട്സ്മത്തിൽ ചെയ്യേണ്ടതെന്ന് മനസ്സിലായതെന്നും അദ്ദേഹം പറഞ്ഞു. ഈ മൊഴി ട്രൈബ്യൂണൽ അംഗീകരിച്ചു.
Fashion ⏭️




