NEWS

‘അഞ്ച് മാർക്ക് നേടിയാലും ജയിക്കാമെന്ന അവസ്ഥയാകും, കുട്ടികളുടെ ഭാവിവച്ച് സർക്കാർ പന്താടുകയാണ്’

വി ശിവൻകുട്ടി

തിരുവനന്തപുരം: ഹൈസ്‌കൂൾ ക്ലാസുകളിലെ സബ്‌ജക്‌ട് മിനിമം മാർക്ക് സംവിധാനം ഒഴിവാക്കിയ വിദ്യാഭ്യാസ വകുപ്പ് തീരുമാനത്തെ വിമർശിച്ച് മുൻ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. യാതൊരു അക്കാഡമിക് ചർച്ചകളും കൂടാതെയുള്ള ഈ തീരുമാനം പൊതുവിദ്യാഭ്യാസത്തെ പിന്നോട്ട് വലിക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു.

മിനിമം മാർക്ക് ഒഴിവാക്കിയതോടെ വിദ്യാ‌ർത്ഥികൾക്ക് ലഭിച്ചിരുന്ന പഠന പിന്തുണാ ക്ലാസുകളും ഇല്ലാതാകും. എഴുതാനും വായിക്കാനും അറിയാത്തവർ പത്താം ക്ലാസിൽ എ പ്ലസ് നേടുന്നുവെന്ന വിമർശനം ഉയർന്നതോടെയാണ് വിദ്യാർത്ഥികളുടെ പഠനനിലവാരം ഉയർത്താൻ എൽഡിഎഫ് സർക്കാർ മിനിമം മാർക്ക് സംവിധാനം ഏർപ്പെടുത്തിയതെന്നും അദ്ദേഹം പറഞ്ഞു.

‘വിദ്യാർത്ഥികളെ കൈപിടിച്ച് ഉയർത്താൻ ശ്രമിച്ച, ദേശീയ അടിസ്ഥാനത്തിൽ തന്നെ അംഗീകാരം ലഭിച്ച പരിപാടിയാണ് ഇപ്പോൾ പിൻവലിക്കുന്നത്. സബ്‌ജക്‌ട് മിനിമം ഒഴിവാക്കുന്നതോടെ പരീക്ഷയ്‌ക്ക് അഞ്ച് മാർക്ക് നേടിയാലും ജയിക്കാം എന്ന അപകടകരമായ അവസ്ഥയിലേക്ക് കുട്ടികളെ തള്ളിവിടുകയാണ്. കുട്ടികളുടെ ഭാവിവച്ച് പന്താടുന്ന അവസ്ഥയാണിത്.

പ്ലസ് വൺ ബാച്ച് സീറ്റ് അലോട്ട്‌മെന്റ് അഴിമതിയെക്കുറിച്ച് വരുന്ന വാർത്തകളിൽ വിജിലൻസ് അന്വേഷണം നടത്തണം. ഇതൊക്കെ വകുപ്പ് മന്ത്രി അറിയുന്നുണ്ടോ എന്ന് സംശയമാണ്. വിദ്യാഭ്യാസത്തെ കച്ചവടമാക്കാനും എയ്‌ഡഡ് മാനേജ്‌മെന്റിനെ സഹായിക്കാനുമാണ് നീക്കം നടക്കുന്നത്’ – വി ശിവൻകുട്ടി ആരോപിച്ചു.

English Summary

Former Education Minister V. Sivankutty criticized the Education Department’s decision to remove the subject minimum mark system for high school classes. He argued the move, made without academic discussion, would negatively impact public education, remove study support, and lower academic standards. He also called for a Vigilance inquiry into alleged corruption in Plus One seat allocation.
RELATED TOPICS: V SIVANKUTTY, SUBJECT MINIMUM MARKS KERALA, KERALA EDUCATION DEPARTMENT, HIGH SCHOOL MINIMUM MARKS, KERALA EDUCATION POLICY

Read News ⏭️

Back to top button