CINEMA

കെജിഎഫിലെ റോക്കി ഭായിയുടെ കഥ പറഞ്ഞ താരം,​ കന്നഡ നടൻ അനന്ത് നാഗിന് ദാദാസാഹേബ് ഫാൽക്കെ പുരസ്‌കാരം


അനന്ത് നാഗ്,​ അനന്ത് നാഗ് കെജിഎഫ് 1ൽ

ന്യൂഡൽഹി: സിനിമയ്‌ക്ക് നൽകിയ സമഗ്ര സംഭാവനകൾ പരിഗണിച്ച് കന്നഡ നടൻ അനന്ത് നാഗിന് ദാദാസാഹേബ് പുരസ്‌കാരം പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ. 2024ലെ പുരസ്‌കാരമാണ് ഇന്ന് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചത്. ഈ മാസം 22ന് ഗുജറാത്തിലെ ഏകതാ നഗറിലെ കെവാഡിയയിൽ നടക്കുന്ന 72-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാര ചടങ്ങിൽ അദ്ദേഹത്തിന് പുരസ്‌കാരം നൽകും. രാജ്യത്തെ ഏറ്റവും വലിയ സിനിമ പുരസ്‌കാരം 2023ൽ മോഹൻലാലിനാണ് ലഭിച്ചത്.

ഇന്ത്യൻ സിനിമയിലെ അനന്ത് നാഗിന്റെ ദീർഘകാല സംഭാവനകളും തലമുറകളെ പ്രചോദിപ്പിച്ച അഭിനയജീവിതവും പരിഗണിച്ചാണ് ഈ ബഹുമതി നൽകുന്നത്. വളരെ സ്വാഭാവികമായ അഭിനയശൈലിയിലൂടെ മികവാർന്ന കഥാപാത്രങ്ങളായി വെള്ളിത്തിരയിൽ അദ്ദേഹം നിറഞ്ഞാടി. ദാദാസാഹേബ് ഫാൽക്കെ പുരസ്‌കാര നിർണയസമിതിയുടെ അടിസ്ഥാനത്തിലാണ് പുരസ്‌കാരം നൽകുന്നത്.

അനന്ത്‌ നാഗിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി എക്‌സിലെ കുറിപ്പിലൂടെ അഭിനന്ദിച്ചു. ‘പതിറ്റാണ്ടുകളായി സ്വാഭാവികമായ അഭിനയശൈലിയിലൂടെയും വൈവിദ്ധ്യമാർന്ന കഥാപാത്രങ്ങളിലൂടെയും ഇന്ത്യൻ സിനിമയിൽ,​ പ്രത്യേകിച്ച് കന്നഡ സിനിമയിൽ, അദ്ദേഹം ശക്തമായ സ്വാധീനമായി തുടരുകയാണ്.’ ലെനിൻ രാജേന്ദ്രൻ സംവിധാനം ചെയ്‌ത മലയാള ചിത്രം സ്വാതി തിരുനാളിൽ അദ്ദേഹം സ്വാതി തിരുനാൾ രാമവർമ്മയായി അഭിനയിച്ചു. അടുത്തിടെ ഹിറ്റായ കെജിഎഫിൽ റോക്കി ഭായിയുടെ കഥപറയുന്ന അനന്ത് ഇംഗലാംഗി എന്ന മാദ്ധ്യമപ്രവർത്തകനായി അദ്ദേഹം രംഗത്തെത്തിയിരുന്നു. 1973ൽ സങ്കൽപ എന്ന ചിത്രത്തിലെ ഡോ. രാജുവായാണ് അനന്ത് നാഗ് വെള്ളിത്തിരയിലെത്തിയത്. കഴിഞ്ഞ വർഷം രാജ്യം പദ്‌മഭൂഷൺ നൽകി ആദരിച്ചു. ജനതാദൾ (സെക്കുലർ) അംഗമായ അദ്ദേഹം കർണാടകയിൽ ജെ എച്ച് പാട്ടീൽ സർ‌ക്കാരിൽ മന്ത്രിയായും സേവനമനുഷ്‌ഠിച്ചിട്ടുണ്ട്.


Business ⏭️

Back to top button