സൂര്യ-നസ്ലിൻ പോരാട്ടം; ചിരിപ്പൂരം ഉറപ്പിച്ച് ‘സീൻ’ ട്രെയിലർ പുറത്ത്

സീൻ
‘രോമാഞ്ചം’, ‘ആവേശം’ എന്നീ ചിത്രങ്ങളിലൂടെ മലയാള സിനിമാ പ്രേക്ഷകരുടെ മനംകവർന്ന ജിത്തു മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന തമിഴ് ചിത്രമായ ‘സീൻ’ ട്രെയിലർ പുറത്തുവന്നു. സൂര്യ, നസ്ലിൻ, നസ്രിയ എന്നിവർ തകർത്തഭിനയിക്കുന്ന ചിത്രം തികച്ചും രസകരമായ ഒരു ദൃശ്യവിരുന്നായിരിക്കുമെന്ന സൂചനയാണ് ട്രെയിലർ പങ്കുവെക്കുന്നത്. വിരമിച്ച പോലീസ് ഉദ്യോഗസ്ഥനായ ഇൻബരാജ് എന്ന കഥാപാത്രമായാണ് സൂര്യ ഇതിൽ വേഷമിടുന്നത്. ഈശ്വരൻ എന്ന വില്ലൻ വേഷത്തിൽ നസ്ലിനും എത്തുന്നു. സൂര്യയുടെ കഥാപാത്രത്തിന് വെല്ലുവിളി ഉയർത്തുന്ന ശക്തമായ വില്ലൻ വേഷമാണ് നസ്ലിൻ കൈകാര്യം ചെയ്യുന്നത്. എന്നാൽ ഈശ്വരന്റെ കഴിവിനെ അത്രത്തോളം ഗൗരവമായി കാണാൻ ഇൻബരാജ് തയ്യാറല്ല എന്ന് ട്രെയിലറിലെ രംഗങ്ങൾ വ്യക്തമാക്കുന്നു.
ഇൻബരാജിന്റെ വീട്ടിലെ സഹായിയുടെ വേഷത്തിലാണ് നസ്രിയയെ തുടക്കത്തിൽ അവതരിപ്പിച്ചിരിക്കുന്നതെങ്കിലും, പിന്നീട് അപ്രതീക്ഷിതമായ ആക്ഷൻ രംഗങ്ങളിലൂടെ താരം പ്രേക്ഷകരെ അമ്പരപ്പിക്കുന്നുണ്ട്. നസ്രിയയുടെ കഥാപാത്രത്തിന് പിന്നിൽ ചില നിഗൂഢതകൾ ഒളിഞ്ഞിരിപ്പുണ്ടെന്നും ട്രെയിലർ സൂചന നൽകുന്നു. ദുബായിൽ നടന്ന ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടിയിൽ, ചിത്രം പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുമെന്നും മികച്ചൊരു വിനോദാനുഭവം ആയിരിക്കുമെന്നും നസ്രിയ അഭിപ്രായപ്പെട്ടിരുന്നു. നീണ്ട പന്ത്രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം നസ്രിയ അഭിനയിക്കുന്ന തമിഴ് ചിത്രം കൂടിയാണ് സീൻ.
മലയാളത്തിന്റെ പ്രിയ സംഗീത സംവിധായകൻ സുഷിൻ ശ്യാമാണ് ചിത്രത്തിന് വേണ്ടി സംഗീതമൊരുക്കുന്നത്. ജ്യോതികയും സൂര്യയും ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്. ജയശ്രീ ദാമോദനാണ് സഹനിർമ്മാതാവ്. നവംബർ ആറിന് ആഗോളതലത്തിൽ ചിത്രം തിയേറ്ററുകളിലെത്തും. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനാണ് കേരളത്തിൽ ചിത്രം വിതരണത്തിനെത്തിക്കുന്നത്. ഡ്രീം ബിഗ് ഫിലിംസാണ് വിതരണ പങ്കാളി. ഛായാഗ്രഹണം: വിനീത് അഗസ്റ്റ്യൻ, എഡിറ്റർ: അജ്മൽ സാബു, ഓഡിയോഗ്രഫി: വിഷ്ണു ഗോവിന്ദ്, പി.ആർ.ഒ: ശബരി.




