NEWS

യുപിഐ ഇടപാടിന് ചാർജ്: ട്രംപിനെ പ്രീതിപ്പെടുത്താനോ? ആരോപണങ്ങൾ തള്ളി കേന്ദ്രം


ന്യൂഡൽഹി∙ 2000 രൂപയ്ക്കു മുകളിലുള്ള ഓരോ വാണിജ്യ യുപിഐ ഇടപാടിനും (പി2എം) വ്യാപാരിയിൽനിന്ന് 0.4% മർച്ചന്റ് ഡിസ്കൗണ്ട് റേറ്റ് (എംഡിആർ) ഈടാക്കാനുള്ള കേന്ദ്ര തീരുമാനം വിദേശ സ്വാധീനം മൂലമാണെന്ന ആരോപണവുമായി പ്രതിപക്ഷം. വാദങ്ങള്‍ കേന്ദ്രം തള്ളി. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ പ്രീതിപ്പെടുത്താനാണ് ഈ നീക്കമെന്നാണ് പ്രതിപക്ഷ ആരോപണം. യുപിഐയും റൂപേയും വീസ, മാസ്റ്റർകാർഡ് എന്നിവയുടെ ബിസിനസിനെ ബാധിച്ചുവെന്ന അമേരിക്കയുടെ പരാതി പരിഹരിക്കാനാണ് ഫീസ് ഏർപ്പെടുത്തുന്നതെന്നും കോൺഗ്രസ് ആരോപിച്ചിരുന്നു.എന്നാൽ, ഇന്ത്യയുടെ യുപിഐ സംബന്ധിച്ച തീരുമാനങ്ങൾ സ്വതന്ത്രമായാണ് എടുക്കുന്നതെന്നും വിദേശ സ്വാധീനമില്ലെന്നും ധനമന്ത്രാലയം വ്യക്തമാക്കി. ഉപഭോക്താക്കൾക്ക് യുപിഐ സേവനം സൗജന്യമായി തന്നെ തുടരുമെന്നും ധനമന്ത്രാലയം അറിയിച്ചു.ഒരുലക്ഷം രൂപ വരെ പ്രതിമാസം യുപിഐ ക്യുആർ കോഡ് വഴി സ്വീകരിക്കുന്ന ചെറുകിട വ്യാപാരികളിൽ (പി2പിഎം) നിന്ന് എംഡിആർ ചാർജ് ഈടാക്കില്ല. ഇവർക്ക് ജിഎസ്ടി റജിസ്ട്രേഷൻ ആവശ്യമില്ല. തുടർച്ചയായി 3 മാസങ്ങളിൽ ഒരുലക്ഷം രൂപയിൽ കൂടുതൽ സ്വീകരിക്കുന്ന വ്യാപാരികൾക്ക് പുതിയ എംഡിആർ നിരക്കുകൾ ബാധകമാകും. നിലവിൽ ക്രെഡിറ്റ് കാർഡുകൾക്ക് 1.5% മുതൽ 2.5% വരെയും ഡെബിറ്റ് കാർഡുകൾക്ക് 0.9% വരെയുമാണ് ഈടാക്കുന്നത്. ഈ തുക ഉപയോക്താവിൽ നിന്ന് വ്യാപാരിക്കു വാങ്ങാനാവില്ല. എന്നാൽ, അധികനിരക്കിന്റെ ബാധ്യത വിലയിൽ പ്രതിഫലിക്കാം.


Fashion ⏭️

Back to top button