NEWS

ബൈക്ക് റെഡറായ യുവതിയെ പിന്തുടർന്ന് ശല്യം ചെയ്തു; പിന്നാലെ കാറിടിപ്പിച്ച് വീഴ്ത്തി– വിഡിയോ


ഗുരുഗ്രാം∙ ഹരിയാനയിലെ ഗുരുഗ്രാമിൽ ബൈക്ക് റൈഡറായ യുവതിയെ കാറിടിപ്പിച്ച് വീഴ്ത്തി. കണ്ടന്റ് ക്രിയേറ്റർ കൂടിയായ സിയ എന്ന യുവതിയാണ് ആക്രമണത്തിനിരയായത്. യുവതി ബൈക്കിൽനിന്ന് റോഡിൽ വീണിട്ടും കാർ നിർത്താതെ പോയി. സംഭവത്തിന്റെ ദൃശ്യങ്ങൾ ബൈക്കിന്റെ ആക്ഷൻ ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. ഞായറാഴ്ചയാണ് സംഭവം. ആക്ഷൻ ക്യാമറയിൽനിന്നുള്ള ദൃശ്യങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചുകൊണ്ട് സിയ തന്നെയാണ് ആക്രമണ വിവരം പുറത്തുവിട്ടത്. റൈഡർ സംഘത്തിനൊപ്പം ഗുരുഗ്രാമിലെ ഗോൾഫ് കോഴ്സ് റോഡിലൂടെ പോകുമ്പോഴാണ് കാറിലെത്തിയ സംഘം തന്നെ പിന്തുടർന്നതെന്ന് സിയ പറയുന്നു. കാറിലുണ്ടായിരുന്നവർ പിന്നാലെ വരുകയും ആക്രോശിക്കുകയും ചെയ്തു. ഇതോടെ വാഹനത്തിൽനിന്ന് അകലം പാലിക്കാൻ താൻ ആവശ്യപ്പെട്ടു. കാറിലുണ്ടായിരുന്നവർ മദ്യപിച്ചിരുന്നെന്നാണ് കരുതുന്നത്. കാറിൽനിന്നും അകലം പാലിച്ച് ബൈക്കോടിച്ചെങ്കിലും ബൈക്ക് നിർത്താനാവശ്യപ്പെട്ട് കാർ യാത്രക്കാർ പിന്നാലെയെത്തി അസഭ്യം പറഞ്ഞു. ശേഷം വേഗത്തിൽ കാറോടിച്ചെത്തി ബൈക്കിൽ ഇടിക്കുകയായിരുന്നെന്നും സിയ പറയുന്നു. ബൈക്കിൽ ഇടിച്ചശേഷം കാർ നിർത്താതെ പോയി. ബൈക്കിനെ അൽപദൂരം റോഡിൽ വലിച്ചിഴച്ചു കൊണ്ടുപോകുകയും ചെയ്തു. ‘ഇന്ന് ഗുരുഗ്രാമിലെ റോഡുകളിൽ എനിക്ക് സുരക്ഷിതത്വമില്ലായ്മ അനുഭവപ്പെടുന്നു. ഇത്തരം ആളുകൾക്ക് മറ്റുള്ളവരെ ഇടിച്ചിട്ടശേഷം ഓടിപ്പോകുന്നതിൽ ഒരു ഭയവുമില്ല.’–സിയ പറഞ്ഞു.


Fashion ⏭️

Back to top button