NEWS

‘ആദിത്യ താക്കറെയുടെയും ദിനോ മോറിയയുടെയും പങ്ക് അന്വേഷിക്കണം’; ദിഷ സാലിയന്റെ ദുരൂഹ മരണത്തിൽ കേസെടുത്ത് സിബിഐ


ന്യൂഡൽഹി∙ അന്തരിച്ച നടൻ സുശാന്ത് സിങ് രാജ്പുത്തിന്റെ മാനേജർ ദിഷ സാലിയന്റെ ദുരൂഹ മരണത്തിൽ സിബിഐ കേസെടുത്തു. എംഎൽഎ ആദിത്യ താക്കറെ, അഭിനേതാക്കളായ ദിനോ മോറിയ, റിയ ചക്രബർത്തി എന്നിവരുടെ പങ്കും അന്വേഷിക്കേണ്ടതുണ്ടെന്ന് സിബിഐ റജിസ്റ്റർ ചെയ്ത എഫ്ഐആറിൽ പറയുന്നു. കേസ് അന്വേഷണം സിബിഐ ഏറ്റെടുക്കണമെന്ന് ബോംബെ ഹൈക്കോടതി രണ്ടാഴ്ച മുൻപ് ഉത്തരവിട്ടിരുന്നു. കൊലപാതകം, കൂട്ടബലാത്സംഗം, ക്രിമിനൽ ഗൂഢാലോചന, തെളിവ് നശിപ്പിക്കൽ, തെറ്റായ വിവരം നൽകൽ എന്നിവയാണ് അന്വേഷിക്കുന്നത്.‘ആദിത്യ താക്കറെയുടെ പിതാവും മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്ക്കും മറ്റു ചിലർക്കും ദിഷ സാലിയന്റെ മരണത്തിലെ ഗൂഢാലോചനയിലും അത് മറച്ചുവയ്ക്കുന്നതിലും നിർണായക പങ്കുണ്ട്. കേസിന്റെ വിവരങ്ങൾ നശിപ്പിക്കുക, മറച്ചുവയ്ക്കുക, വ്യാജ രേഖകൾ നിർമിക്കുക, പൊതുപണം ദുരുപയോഗപ്പെടുത്തുക, കുറ്റവാളികളെ സംരക്ഷിക്കാൻ അധികാരവും പൊലീസ് സംവിധാനവും ഉപയോഗിക്കുക എന്നിവ ചെയ്ത ജനസേവകരെയും പൊലീസ് ഉദ്യോഗസ്ഥരെയും കുറിച്ചും അന്വേഷിക്കണം.’–സിബിഐയുടെ പ്രാഥമിക അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. ആദിത്യ താക്കറെ, ദിനോ മോറിയ, സൂരജ് പഞ്ചോളി, റിയ ചക്രബർത്തി, ദിഷയുടെ പോസ്റ്റ്മോർട്ടം വൈകിപ്പിച്ച ഡോക്ടർമാരും ആശുപത്രി ജീവനക്കാരും എന്നിവരെക്കുറിച്ചും അന്വേഷണം വേണമെന്നും എഫ്ഐആറിലുണ്ട്.


Fashion ⏭️

Back to top button