NEWS

വരുന്നു, ‘വെരി സ്ട്രോങ്’ എൽനിനോ: കേരളത്തിനും ആശങ്ക, താപനില പതിവിലും ഉയരും; ശീതകാലം ഉണ്ടാകുമോയെന്നും സംശയം


തിരുവനന്തപുരം ∙ പസിഫിക് സമുദ്രത്തിൽ രൂപപ്പെടുന്ന അതിശക്തമായ എൽനിനോ ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ കാലാവസ്ഥാ വ്യതിയാനത്തിന്റെ തീവ്രത കൂട്ടിയേക്കുമെന്ന് മുന്നറിയിപ്പ്. ഡിസംബർ അവസാനത്തോടെ എൽനിനോ ‘വെരി സ്ട്രോങ്’ വിഭാഗത്തിലേക്ക് കടക്കാനുള്ള സാധ്യത 90 ശതമാനത്തിലേറെയാണെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പു നൽകി. അമേരിക്കൻ കാലാവസ്ഥാ ഏജൻസിയായ എൻഒഎഎയുടെ (നാഷനൽ ഓഷ്യാനിക് ആൻഡ് അറ്റ്മോസ്ഫെറിക് അഡ്മിനിസ്ട്രേഷൻ) ഏറ്റവും പുതിയ വിലയിരുത്തൽ പ്രകാരം അടുത്ത ഫെബ്രുവരി വരെ എൽനിനോ തുടരും.‘സൂപ്പർ എൽനിനോ’, ‘ഗോഡ്സില്ല എൽനിനോ’ എന്നീ വിശേഷണങ്ങൾ ഇതിനുണ്ടെങ്കിലും കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഈ പ്രതിഭാസത്തെ ‘വെരി സ്ട്രോങ് എൽനിനോ’ എന്നാണ് വിശേഷിപ്പിക്കുന്നത്. പസിഫിക്കിലെ മധ്യ-കിഴക്കൻ ഭാഗങ്ങളിലെ ഉയർന്ന ചൂടാണ് ‘വെരി സ്ട്രോങ് എൽനിനോ’യ്ക്കു കാരണം. സെപ്റ്റംബർ 10ലെ റിപ്പോർട്ടുകൾ പ്രകാരം, കിഴക്കൻ ഭൂമധ്യരേഖാ പസിഫിക്കിൽ സമുദ്രതാപനില 3 ‍ഡിഗ്രി സെൽഷ്യസ് വരെ കൂടിയിട്ടുണ്ട്. സമുദ്രത്തിന്റെ അടിത്തട്ടിൽ അസാധാരണമായ ചൂടാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതെത്തുടർന്ന് നവംബർ–ഡിസംബർ മാസങ്ങളിൽ ചൂടു കൂടും. ശക്തമായ എൽനിനോ രാജ്യത്തെ വേനൽമഴയെയും ദുർബലമാക്കിയേക്കും. ഇന്ത്യ ഇതിനകം തന്നെ ദുർബലമായ മൺസൂണിലൂടെയാണു കടന്നുപോകുന്നത്. സെപ്റ്റംബർ 10 വരെ രാജ്യത്തെ മൺസൂൺ മഴ 15 ശതമാനത്തിലധികം കുറവാണ്.


Fashion ⏭️

Back to top button