NEWS

108 ആംബുലൻസ് ജീവനക്കാരുടെ സമരം തടയാൻ ആരോഗ്യമന്ത്രി ; പണിമുടക്കിയാൽ കടുത്ത നടപടി, ‘എസ്മ’ പ്രയോഗിക്കാൻ സർക്കാർ

ആരോഗ്യമന്ത്രി കെ. മുരളീധരൻ

തിരുവനന്തപുരം: സംസ്ഥാനത്തെ 108 ആംബുലൻസ് സേവനങ്ങളുടെ പ്രവർത്തനം തടസപ്പെടാതിരിക്കാൻ കർശന നടപടികളുമായി സർക്കാർ. സെപ്തംബർ17ന് ആരംഭിക്കുമെന്ന് പ്രഖ്യാപിച്ച അനിശ്ചിതകാല സമരത്തെ നേരിടാൻ അവശ്യ സേവന പരിപാലന നിയമമായ ‘എസ്മ’ പ്രയോഗിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു. ഇതുസംബന്ധിച്ച് ആരോഗ്യമന്ത്രി കെ. മുരളീധരൻ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയോട് നടപടി ആവശ്യപ്പെട്ട് കത്ത് നൽകി.

2025-26 സാമ്പത്തിക വർഷത്തിലെ ബോണസുമായി ബന്ധപ്പെട്ട തർക്കമാണ് ആംബുലൻസ് ജീവനക്കാരെ സമരത്തിലേക്ക് നയിച്ചത്. ബോണസ് വിഷയത്തിൽ പരിഹാരം ആവശ്യപ്പെട്ടാണ് ആംബുലൻസ് എംപ്ലോയീസ് യൂണിയൻ അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. അടിയന്തര ചികിത്സാ സംവിധാനത്തിന്റെ ഭാഗമായ 108 ആംബുലൻസ് സേവനം ദിവസവും 24 മണിക്കൂറും ലഭ്യമാക്കേണ്ടതാണെന്നാണ് സർക്കാരിന്റെ നിലപാട്. സമരം മൂലം ആംബുലൻസുകൾ സർവീസ് നടത്താതിരിക്കുകയോ അടിയന്തര സേവനം തടസപ്പെടുകയോ ചെയ്താൽ ബന്ധപ്പെട്ട ജീവനക്കാർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് സർക്കാർ മുന്നറിയിപ്പ് നൽകി.

അവശ്യ സേവനങ്ങളുടെ തുടർച്ച ഉറപ്പാക്കുന്നതിനാണ് ‘എസ്മ’ നിയമം ഉപയോഗിക്കുന്നത്. നിയമം.എസ്മയുടെ വ്യവസ്ഥകൾ മറികടന്ന് സമരത്തിൽ പങ്കെടുക്കുന്ന ജീവനക്കാർക്കെതിരെ അറസ്റ്റ് അടക്കമുള്ള നടപടികൾ സ്വീകരിക്കാൻ അധികൃതർക്ക് അധികാരമുണ്ട്. നിയമലംഘനത്തിന് തടവുശിക്ഷയും പിഴയും ഉൾപ്പെടെയുള്ള ശിക്ഷകൾക്കും വ്യവസ്ഥയുണ്ട്.

പൊതുജനങ്ങളെ നേരിട്ട് ബാധിക്കുന്ന ഗതാഗതം, ആരോഗ്യം, കുടിവെള്ളം, വൈദ്യുതി തുടങ്ങിയ അവശ്യ സേവനങ്ങളിലെ സമരങ്ങൾ തടയുന്നതിനാണ് സാധാരണയായി സർക്കാർ എസ്മ പ്രയോഗിക്കുന്നത്. 108 ആംബുലൻസ് ജീവനക്കാരുടെ സമരത്തിലും ഇതേ നിയമം പ്രയോഗിക്കാനാണ് സർക്കാർ നീക്കം.

Read News ⏭️

Back to top button