NEWS
റോഡിലെ കുഴിയിൽ വീഴാതിരിക്കാൻ ലോറി വഴിമാറിവന്നു; ബൈക്കിൽ ഇടിച്ച് അപകടം: യുവാവിന് ദാരുണാന്ത്യം

ഒറ്റപ്പാലം∙ ഒറ്റപ്പാലത്ത് വാഹനാപകടത്തിൽ യുവാവ് മരിച്ചു. ബൈക്ക് യാത്രക്കാരനായ പാലക്കാട് ജൈനിമേട് സ്വദേശി സനൂപ് (30) ആണ് മരിച്ചത്. ഇദ്ദേഹത്തിനൊപ്പമുണ്ടായിരുന്ന സഹോദരൻ സഞ്ജയിന് (29) ഗുരുതര പരുക്കേറ്റു. റോഡിലെ കുഴി കണ്ട് വഴി മാറിവന്ന ലോറിയാണ് യുവാക്കൾ സഞ്ചരിച്ച ബൈക്കിൽ ഇടിച്ചത്. സനൂപ് തൽക്ഷണം മരിച്ചു.സഞ്ജയിനെ കണ്ണിയംപുറത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഷൊർണൂർ ഭാഗത്തുനിന്നു പാലക്കാട് ഭാഗത്തേക്കു പോയിരുന്ന ബൈക്കും എതിരെ വന്ന ലോറിയുമാണു കൂട്ടിയിടിച്ചത്. കണ്ണിയംപുറം പാലം കഴിഞ്ഞുള്ള ഭാഗത്ത് റോഡിൽ രൂപപ്പെട്ട കുഴികൾ സൃഷ്ടിച്ച രണ്ടാമത്തെ അപകട മരണമാണിത്. മൂന്നാഴ്ച മുൻപ് സമീപത്തെ മറ്റൊരു കുഴി കണ്ടു വെട്ടിച്ച ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് ഇടിച്ച് അതീവ ഗുരുതരമായി പരുക്കേറ്റ കാൽനട യാത്രക്കാരൻ ഇപ്പോഴും ചികിത്സയിലാണ്.
Fashion ⏭️


